തിരുവനന്തപുരം: 13 നിത്യോപയോഗ സാധനങ്ങൾക്ക് വിലകൂട്ടാനുള്ള എൽഡിഎഫ് തീരുമാനം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരാണിതെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വൈദ്യുതി ചാർജ് വർധനവിനും വെള്ളക്കര വർദ്ധനവിനും ശേഷം ജനങ്ങൾക്ക് ലഭിച്ച ഇരുട്ടടിയാണ് അവശ്യ സാധനങ്ങളുടെ വിലവർദ്ധന. ദരിദ്രരെ പരമാവധി ദ്രോഹിക്കുന്ന സമീപനമാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്. വൻകിടക്കാരിൽ നിന്നും കോടികൾ പിരിച്ചെടുക്കുന്നതിൽ അലംഭാവം കാണിക്കുന്ന സർക്കാർ അമിതഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. പാവപ്പെട്ടവന് താങ്ങാനാവാത്ത രീതിയിലുള്ള കെട്ടിട നികുതി വർദ്ധനവാണ് ഈ സർക്കാർ നടപ്പാക്കിയത്.
1200 ചതുരശ്ര വീട് നിർമ്മിക്കാൻ പഞ്ചായത്തിൽ 422 രൂപയായിരുന്നു നികുതി എങ്കിൽ ഇപ്പോൾ അത് 6,600 രൂപയാക്കി സർക്കാർ ഉയർത്തി. കോർപ്പറേഷനിൽ 610 രൂപയിൽ നിന്നും 12,200 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. കേന്ദ്രത്തെ പഴിചാരി ജനങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. യുപിഎ സർക്കാർ നൽകിയതിനേക്കാൾ അഞ്ചിരട്ടി അധികം തുകയാണ് എൻഡിഎ സർക്കാർ കേരളത്തിന് അനുവദിച്ചത്. എല്ലാ രംഗത്തും കേരളത്തിന് ചരിത്രത്തിൽ ഏറ്റവും വലിയ സഹായമാണ് ലഭിച്ചത്. കേരളത്തിന് എത്ര രൂപയാണ് കേന്ദ്രം നൽകാനുള്ളതെന്ന് കൃത്യമായി പറയാതെ അവഗണനയെന്ന് ബാലഗോപാൽ പറയുന്നത് പച്ചക്കള്ളമാണ്. സംസ്ഥാന സർക്കാരിന്റെ കൊള്ളയ്ക്കെതിരെ ബിജെപിയും എൻഡിഎയും സമരം ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: