തിരുവനന്തപുരം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, വിവിധ വകുപ്പുകളുടെ കൈവശം നിത്യനിദാന ചെലവിനു പോലും പണമില്ല. കെഎസ്ആര്‍ടിസിക്ക് ശമ്പളമെന്നല്ല തുച്ഛമായ പെന്ഷന് നല്കാന് പോലും പണമില്ല. സര്‍വകലാശാലകളില്‍ ശമ്പളം കൊടുക്കാനുമില്ല കാശ്.
സാമൂഹ്യ പെന്‍ഷനുകള്‍ മുടങ്ങി. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ കോടികള്‍ കുടിശ്ശികയായതോടെ ഉപകരണങ്ങള്‍ നല്‍കുന്നത് അവര്‍ നിര്‍ത്തി. ഇതോടെ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകള്‍ പോലും മുടങ്ങിത്തുടങ്ങി. സ്കൂളില്‍ ഉച്ചഭക്ഷണം മുടങ്ങുന്ന അവസ്ഥ.
സംസ്ഥാനം അതീവ ഗുരുതര സ്ഥിതിയിലേക്ക് വീഴുകയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. പണമില്ലാതായതോടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗങ്ങളില്‍ പോലും മുഖ്യമന്ത്രിയോട് ഇടഞ്ഞു തുടങ്ങി.
സാമൂഹ്യ ക്ഷേമ പെന്ഷന് 2000 കോടി വേണം. ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനുകള്‍ മൂന്നു മാസമായി മുടങ്ങി. ഇതിനും വേണം 2000 കോടി. ട്രഷറിയില്‍ ബില്ലുകളുടെ കൂമ്പാരമാണ്. കരാറുകാര്‍ക്ക് നല്‍കാനുണ്ട്, 16,000 കോടി. പൊതുമരാമത്തു വകുപ്പിന്, 8,000 കോടി. പ്രാദേശിക വികസനത്തിനും റീബില്‍ഡ് കേരളയ്ക്കും എംഎല്‍എമാരുടെ ഫണ്ടിനും 6,000 കോടിയും. കരാറുകാര്‍ വായ്പയെടുത്തും വട്ടിപ്പലിശയ്ക്ക് പണം വാങ്ങിയുമാണ് പണികള്‍ നടത്തിയത്. വായ്പ തിരികെ അടയ്ക്കാത്തതിനാല്‍ ജപ്തി ഭീഷണിയും വട്ടിപ്പലിശക്കാരുടെ ഗുണ്ടാ ഭീഷണിയുമുണ്ട്. ആത്മഹത്യയുടെ വക്കിലാണ് കരാറുകാരും കുടുംബങ്ങളും. ജനങ്ങള്‍ക്ക് കുടിവെള്ളം മുട്ടാതിരിക്കാന്‍ അടിയന്തരമായി ജല വിഭവ വകുപ്പിന് 1000 കോടി വേണം. ഇതിനു പുറമേ കെഎസ്ഇബിക്ക് വാട്ടര്‍ അതോറിറ്റി നല്‍കേണ്ടത് 1200 കോടി.
സപ്ലൈകോയ്ക്ക് നല്‍കാനുള്ളത് 1524 കോടി. പണം അനുവദിച്ചില്ലെങ്കില്‍ സബ്സിഡി സാധനങ്ങള്‍ നല്‍കാനാകില്ലെന്ന് മന്ത്രി ജി.ആര്. അനില്‍ തുറന്നടിക്കുന്നു. സര്‍വകലാശാല പരീക്ഷകളും മുടങ്ങാം. ട്രഷറിയില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ അനുവദിക്കാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനം പോലും മുടങ്ങുന്നു. കേരള സര്‍വകലാശാലയ്ക്ക് മാത്രം നല്‍കാനുള്ളത് 700 കോടി രൂപ. 2022-23ല്‍ നെല്ലു വാങ്ങിയതില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ടത് 1000 കോടിയിലേറെ. കിഫ്ബി കരാറുകാര്‍ക്ക് 2000 കോടി. വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞി വകയില്‍ 200 കോടി രൂപയുടെ കടം. പ്രധാന അധ്യാപകര്‍ യാചിക്കേണ്ടി വരും. ധനവകുപ്പ് കനിഞ്ഞില്ലെങ്കില്‍ ഉച്ചക്കഞ്ഞി മുട്ടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
തദ്ദേശ സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരുമെന്ന് കെഎസ്ഇബിയും അന്ത്യശാസനം നല്കി. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് പണം നല്‍കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനമുണ്ട്. അതിനു വേണം 30 കോടി.
നവകേരള സദസിനോട് വൈമനസ്യം കാണിച്ച് മന്ത്രിമാര്‍
സര്‍ക്കാരിന്റെ നവകേരള സദസ്സിനോട് വൈമനസ്യവുമായി മന്ത്രിമാരും എംഎല്‍എമാരും. ഭരണകക്ഷിയിലെ എംഎല്‍എമാര്‍ക്കു വരെ നവകേരള സദസ്സിനോട് വിമുഖതയാണ്. ജനങ്ങളുടെ പരാതി പരിഹരിക്കാനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്താനുമാണ് നവകേരള സദസ്സുമായി മുഖ്യമന്ത്രി ജനങ്ങളെ കാണുന്നത്. ക്ഷേമ പെന്‍ഷനു പോലും നയാ പൈസ ഇല്ലാതിരിക്കേ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ ചെല്ലുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ജനപ്രതിനിധികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: