ബാങ്കോക്ക്: കരിയറിലെ ആദ്യ അന്താരാഷ്ട്ര സ്വര്‍ണ നേട്ടം സ്വന്തമാക്കി ഭാരത അമ്പെയ്ത്ത് താരം പര്‍ണീത് കൗര്‍. അമ്പെയ്ത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ മറ്റൊരു ഭാരത താരം ജ്യോതി സുരേഖയെ മറികടന്നാണ് സ്വര്‍ണം നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഭാരത മെഡല്‍ നേട്ടം ഏഴായി ഉയര്‍ന്നു. മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും സഹിതമാണ് ഭാരതം ഏഴ് മെഡലുകള്‍ നേടിയത്.
മിക്സഡ് കോമ്പൗണ്ട് ഇനത്തിലാണ് ഭാരതം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മറ്റൊരു സ്വര്‍ണ നേട്ടം കരസ്ഥമാക്കിയത്. ഫൈനലില്‍ തായ്ലന്‍ഡിനെ 156-151ന് കീഴടക്കിയായിരുന്നു ഈ നേട്ടം. വനിതകളുടെ കോമ്പൗണ്ട് ഇനത്തില്‍ ജ്യോതി സുരേഖ, പര്‍ണീത് കൗര്‍, അദിതി എന്നിവരടങ്ങുന്ന ടീം ആണ് ഭാരതത്തിനായി മൂന്നാം സ്വര്‍ണം നേടിയത്. 234-233ന് ചൈനീസ് തായ്പേയ് ത്രയത്തെയാണ് ഭാരത കോമ്പൗണ്ട് ടീം പരാജയപ്പെടുത്തിയത്. പുരുഷ കൊമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ അഭിഷേക് വര്‍മ വെങ്കലം നേടി. ദക്ഷിണ കൊറിയയുടെ ജൂ ജിഹൂണിനെ(147-146) തോല്‍പ്പിച്ചായിരുന്നു ഈ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: