മുരൈന(മധ്യപ്രദേശ്): രാജ്യത്തിന്റെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ പട്ടിണിക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതം നോക്കിയും ജാതി പറഞ്ഞും വിഭവങ്ങള്‍ പങ്ക് വയ്ക്കാനൊരുങ്ങിയവരാണ് കോണ്‍ഗ്രസ്. വിഭവങ്ങളുടെ ആദ്യ അവകാശികള്‍ മുസ്ലീങ്ങളാണെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിച്ച ഒരു പ്രധാനമന്ത്രിതന്നെ പറഞ്ഞു. മോദിസര്‍ക്കാരിന് നിലപാട് വേറെയാണ്. കോണ്‍ഗ്രസുകാര്‍ ജാതി തെരയുകയാണ്. ദരിദ്രരാണ് ഏറ്റവും പരിഗണന അര്‍ഹിക്കുന്ന ജാതി എന്നതാണ് ബിജെപിയുടെ നിലപാട്, പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ മുരൈനയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മുരൈന അടങ്ങുന്ന ചമ്പല്മേഖല കോണ്‍ഗ്രസ് ഭരണകാലത്ത് കൊള്ളക്കാരുടെ പേരിലാണ് അറിയപ്പെട്ടത്. എന്നാല്‍ ഇന്ന് അത് ധീരസൈനികരുടെ പേരിലാണ് പ്രശസ്തമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍പോലും അഴിമതി നടത്തിയവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ ‘വണ്‍ റാങ്ക് വണ്‍ പെന്ഷന്’ (ഒആര്‍ഒപി) പദ്ധതി നടപ്പാക്കാന്‍ കാലതാമസം വരുത്തി. വെറും അഞ്ഞൂറ് കോടിയാണ് അവര്‍ കടലാസില്‍പോലും വകയിരുത്തിയത്. അതും നല്‍കിയില്ല. എന്‍ഡിഎ സര്‍ക്കാര്‍ ഒആര്‍ഒപി നടപ്പാക്കി. പദ്ധതിയില്‍ ഇതുവരെ 70,000 കോടി രൂപ നിക്ഷേപിച്ചു. പെണ്‍കുട്ടികള്‍ക്കായി സൈനിക് സ്കൂളുകളുടെ വാതിലുകള്‍ തുറന്നുനല്‍കി. അതിര്‍ത്തി രക്ഷാസേനയുടെ മുന്‍നിരയിലേക്ക് വനിതകളെ വിന്യസിച്ചു, മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭരണകാലത്ത് എല്ലാറ്റിനും വിദേശത്തെയാണ് ആശ്രയിച്ചത്. ആയുധ ഇറക്കുമതിയില്‍ വരെ മായം ചേര്‍ത്തു. സേനയുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചു. നമ്മുടെ സൈനികരെ ഭീകരര്‍ തലയറുത്ത് കൊന്നപ്പോഴും ഒന്നും മിണ്ടിയില്ല. ബിജെപി സര്‍ക്കാരിന് കീഴില്‍ കാര്യങ്ങള്‍ മാറി. ഇന്നത്തെ ഭാരതം വ്യത്യസ്തമാണ്. ഭീകരരെ അവരുടെ മാളങ്ങളില്‍ കടന്നുചെന്ന് നമ്മള് ആക്രമിച്ചു. അവര്‍ കിനാവ് കാണാന്‍ തുടങ്ങുംമുമ്പ് അത് അവസാനിപ്പിച്ചു. അടിക്ക് തിരിച്ചടി ഉണ്ടാവുമെന്ന് ഇന്ന് അവര്‍ക്ക് ഭയമുണ്ട്. നമ്മള് ആയുധങ്ങള്‍ നിര്‍മിച്ചു. സൈന്യത്തെ സര്‍വസജ്ജമാക്കി. അവര്‍ക്ക് അഭിമാനം പകര്‍ന്നു, മോദി പറഞ്ഞു.
ഒരു വോട്ട് മൂന്ന് അത്ഭുതം ത്രിശക്തിയെ പോലെ
സത്ന(മധ്യപ്രദേശ്): ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടിനും ത്രിശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വോട്ട് ബിജെപിയെ വീണ്ടും മധ്യപ്രദേശില്‍ അധികാരത്തിലെത്തിക്കും. ഈ വോട്ട് ഭാരതത്തിന്റെ ഭരണത്തെ ശക്തിപ്പെടുത്തും. ഈ വോട്ട് അഴിമതിക്കാരായ കോണ്‍ഗ്രസിനെ എക്കാലത്തേക്കുമായി അധികാരത്തില്‍ നിന്ന് അകറ്റും, ഒരു വോട്ട്, മൂന്ന് അത്ഭുതങ്ങള്‍… ത്രിശക്തിയെ പോലെ, മോദി പറഞ്ഞു. സത്നയില്‍ റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഒമ്പത് വര്‍ഷത്തിലേറെയായി ഞാന്‍ പ്രധാനമന്ത്രിയായി. വീടില്ലാത്ത പാവപ്പെട്ടവര്‍ക്കായി നാല് കോടി വീടുകള്‍ നിര്‍മിച്ചു നല്കി. എന്നാല്‍ എനിക്ക് ഒരു വീട് പോലും നിര്‍മിച്ചിട്ടില്ല, മോദി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ സൃഷ്ടിച്ച 10 കോടി വ്യാജ ഗുണഭോക്താക്കളെ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന രേഖകളില്‍ നിന്ന് നീക്കം ചെയ്തു. ജനങ്ങളുടെ 2.75 ലക്ഷം കോടി രൂപയാണ് ഇതുവഴി ലാഭിച്ചത്.
പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചതിലാണ് കോണ്‍ഗ്രസിന് ആക്ഷേപം. ഞങ്ങള്‍ 30,000 പഞ്ചായത്ത് കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ട്. ബിജെപിയുടെ ഇരട്ട എന്ജിന് സര്‍ക്കാര്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ സ്വന്തം വീട്ടില്‍ താമസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ് എന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ മക്കളെ സുരക്ഷിതരാക്കുന്ന തിരക്കിലാണ്. ഡിസംബര്‍ 3ന് അവര്‍ തോല്‍ക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ആരുടെ മകന് നയിക്കുമെന്നതിനാകും അടുത്ത മത്സരം, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: