വാണിജ്യ എസ്എംഎസ് അയയ്ക്കാനും കോൾ ചെയ്യാനും വ്യക്തികളിൽ നിന്ന് ബ്രാൻഡുകളും സ്ഥാപനങ്ങളും ഓൺലൈനായി അനുമതി തേടണമെന്ന നിർദ്ദേശവുമായി ട്രായ്. ഡിംസബർ മുതൽ നടപ്പാക്കാനാണ് ട്രായ് നിർദ്ദേശിക്കുന്നത്. ടെലികോം കമ്പനികൾ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം -ഡിജിറ്റൽ കൺസെന്റ് അക്വിസിഷൻ (ഡിസിഎ) സജ്ജമാക്കിയിട്ടുണ്ട്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കമുള്ളവയ്ക്ക് ഇത് ബാധകമാണ്.
ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടം അടിയന്തരമായി നടപ്പാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി. ഏതൊക്കെ ബ്രാൻഡുകളുടെ കോളും എസ്എംഎസും സ്വീകരിക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. ബ്രാൻഡുകൾക്ക് നൽകിയ അനുമതി പിന്നീട് പിൻവലിക്കാം.ഡിസിഎ പൂർണ തോതിൽ നടപ്പായാൽ മറ്റൊരു മാർഗത്തിലൂടെയും കമ്പനികൾ ഉപയോക്താവിൽ നിന്ന് തേടിയ അനുമതിക്ക് സാധുതയില്ല.
സംവിധാനം നടപ്പിലാകുന്നതോടെ 127xxx എന്ന ഫോർമാറ്റിലുള്ള ഫോൺ നമ്പറിൽ നിന്ന് അനുമതി തേടി ഉപയോക്താവിന് മെസേജ് അയക്കണം. ഇതിന് ‘Yes’ എന്ന് മറുപടി ലഭിച്ചാൽ തുടർന്ന് 12 മാസം വാണിജ്യ എസ്എംഎസുകൾ അയക്കാം. നിരാകരിച്ചാൽ അടുത്ത മൂന്ന് മാസം മെസേജ് അയക്കാൻ കഴിയില്ല. അനുമതി തേടിയുള്ള സന്ദേശത്തോട് പ്രതികരിച്ചില്ലെങ്കിൽ ഒരു മാസത്തേക്ക് അയയക്കാൻ പാടില്ല. അനുമതി തേടിയുള്ള എസ്എംഎസുകൾ സ്വീകരിക്കാൻ താത്പര്യമില്ലെങ്കിൽ അത് നിർത്താനും സംവിധാനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: