തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്കെതിരേയുള്ളത് ഗുരുതര ആരോപണങ്ങള്‍. കേസിലെ രണ്ടു പ്രധാന സാക്ഷികള്‍ കോടതിയില്‍ നല്കിയ രഹസ്യമൊഴിയാണ് ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ പ്രതിക്കൂട്ടിലാക്കുന്നത്. ബാങ്കില്‍ ബിനാമി വായ്പകളനുവദിക്കുന്നതില്‍ എം.എം. വര്‍ഗീസ് ഇടപെട്ടെന്നാണ് മൊഴി. മൊഴി നല്കിയവര് സിപിഎം പ്രവര്‍ത്തകരാണെന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു.
ബിനാമി വായ്പകള്‍ക്കു തയാറാക്കിയ ഫയലുകള്‍ പിന്നീട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു മാറ്റി. ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ. ചന്ദ്രന്റെ നേതൃത്വത്തില്‍ ബിനാമി വായ്പകള്ക്കുണ്ടാക്കിയ ഉപസമിതി യോഗ മിനിറ്റ്സും എം.എം. വര്‍ഗീസ് പാര്‍ട്ടി ഓഫീസിലെത്തിച്ചു.
പരാതികളുയര്‍ന്നതിനെത്തുടര്‍ന്ന് ജില്ലാക്കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടുകളും ജില്ലാ സെക്രട്ടറി പൂഴ്ത്തി. ബിനാമി വായ്പകളെടുത്തു തട്ടിപ്പ് നടത്തിയ പ്രതികളില്‍ നിന്ന് അദ്ദേഹം പണം കൈപ്പറ്റി.
തട്ടിപ്പുകളുടെ കാലത്ത് ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍കുമാറും എം.എം.വര്‍ഗീസിനെതിരേ പരാമര്‍ശിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിയാകുന്നതിനുമുമ്പ് സംസ്ഥാന സമിതിയംഗവും ജില്ലാ സെക്രട്ടേറിയറ്റംഗവുമായിരുന്നപ്പോഴും കരുവന്നൂര്‍ ബാങ്ക് ഇടപാടുകളില്‍ അദ്ദേഹം ഇടപെട്ടിരുന്നു, തട്ടിപ്പിനെക്കുറിച്ച് സിപിഎം ജില്ലാ കമ്മിറ്റിയിലെ പ്രമുഖ നേതാക്കള്‍ അറിഞ്ഞിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന് തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്ന് ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലും പറയുന്നു.
അതേസമയം, നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഇ ഡി നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും വര്‍ഗീസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: