കോട്ടയം: കെട്ടിടത്തിന് നമ്പര്‍ നല്‍കാതെ വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ചുവപ്പുനാടയില്‍ കുരുക്കിയ ഉദ്യോഗസ്ഥരുടെ പത്ത് ദിവസത്തെ ശമ്പളം എങ്കിലും റദ്ദാക്കാനുള്ള നടപടി ഉണ്ടാവണം. നടപടി ഉണ്ടായാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള ധൈര്യം ഉദ്യോഗസ്ഥര്ക്കുണ്ടാവില്ല.
എന്റെ പ്രശ്നം പരിഹരിക്കപ്പെട്ടു, മറ്റു സംരംഭകര്‍ക്ക് ഭാവിയില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മാതൃകാപരമായ നടപടിയാണ് വേണ്ടത്, ഷാജിമോന്‍ പറയുന്നു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ ഷാജിമോനുമായി സംസാരിച്ചു. സാങ്കേതിക തടസ്സത്തിന്റെ പേരില്‍ മാസങ്ങളായി നീണ്ടുപോയ കെട്ടിട നമ്പര്‍ പ്രശ്നം ഷാജിമോന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് പരിഹരിച്ചത്.
വ്യവസായ മന്ത്രി പി. രാജീവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥ സംഘം ഷാജിമോനെ കളക്ടറേറ്റില്‍ വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ സംസാരിക്കുകയായിരുന്നു. അവര്‍ക്ക് മുന്നിലും പഞ്ചായത്ത് അധികൃതര്‍ക്കെതിരായ നടപടി ആവശ്യം ഷാജിമോന്‍ ഉന്നയിച്ചിരുന്നു. സംരംഭത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായാല്‍ കൃത്യമായി ഇടപെടല്‍ ഉണ്ടാവും എന്ന ഉറപ്പും ലഭിച്ചിരുന്നു.
കോട്ടയം മാഞ്ഞൂരില്‍ 25 കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് കെട്ടിടത്തിന് പഞ്ചായത്ത് ബില്‍ഡിങ് നമ്പര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഷാജിമോന്‍ ജോര്‍ജ്ജ് റോഡില്‍ കിടന്ന് പ്രതിഷേധിച്ച് വന്‍ വിവാദമായിരുന്നു.
വിദേശത്തെ അധ്വാനത്തിലൂടെ സമ്പാദിച്ച പണം വിനിയോഗിച്ച് പണിപൂര്‍ത്തിയാക്കിയ ഹോട്ടല്‍ കം സ്പോര്‍ട്ട്സ് വില്ലേജില്‍ പഞ്ചായത്തിന് വലിയ സാമ്പത്തിക വരുമാനത്തിന് കാരണമായിട്ടും മാനസികമായി തകര്‍ക്കുന്നതിന് പഞ്ചായത്ത് ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് ഉടമ പറയുന്നത്.
ഇടതുപക്ഷം ഭരിക്കുന്ന ഗ്രാമപഞ്ചായത്തില്‍ നാല് നില കെട്ടിടം നിര്‍മിക്കുന്നതിന് 2020ല്‍ പെര്‍മിറ്റ് നേടി പണികള്‍ നടത്തിവരവെ കെട്ടിടം ആറ് നിലയാക്കുന്നതിന് പുതിയ അപേക്ഷ പഞ്ചായത്തില്‍ നല്കി. എന്നാല്‍ പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ എ.ഇ.യെ വിജിലന്‍സ് 2023 ജനുവരി 28ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഉടന്‍ രണ്ട് മണിക്കൂറിനുള്ളില്‍ പഞ്ചായത്ത് പെര്‍മിറ്റ് നല്‍കിയെന്നാണ് ഉടമ പറയുന്നത്. തുടര്‍ന്ന് പണികള്‍ പൂര്‍ത്തീകരിച്ച് അപേക്ഷ നല്‍കിയിട്ടും കെട്ടിടത്തിന് നമ്പര്‍ നല്‍കാതെ വന്നതോടെയാണ് ഷാജിമോന്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: