പറ്റ്ന: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്ത്രീകളെ ആക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാപ്പ് പറഞ്ഞു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ തന്റെ വാക്കുകൾ പിൻവലിക്കുന്നതായും മാപ്പ് പറയുന്നതായും അദ്ദേഹം പറഞ്ഞു. പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും നിതീഷ് വിശദീകരിച്ചു.
കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട് ലൈംഗിക ബന്ധത്തെക്കുറിച്ച് പരാമർശിക്കവേയാണ് അശ്ലീലച്ചുവയുളള വാക്കുകൾ ബിഹാർ മുഖ്യമന്ത്രി ഉപയോഗിച്ചത്. ജനസംഖ്യാ നിയന്ത്രണത്തിൽ സ്ത്രീകളെ ബോധവൽക്കരിക്കണം. ഇക്കാര്യത്തിൽ അറിവുണ്ടായാൽ ഭർത്താക്കൻമാരെ പ്രതിരോധിക്കാൻ സ്ത്രീകൾക്ക് കഴിയുമെന്ന് പറയുന്നതിനൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ ദ്വയാർത്ഥ പ്രയോഗങ്ങൾ. കിടപ്പറ ബന്ധത്തിൽ സ്ത്രീകളെ പഴിചാരുന്ന മോശം വാക്കുകളും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.
വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ ബിഹാർ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ രേഖകളിൽ നിന്ന് ഈ പരാമർശം ഒഴിവാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാർ നിയമസഭയിലായിരുന്നു നിതീഷിന്റെ വിവാദ പരാമർശം. സി ഗ്രേഡ് സിനിമാ ഡയലോഗിന് സമാനമായ പ്രയോഗമാണ് മുഖ്യമന്ത്രി നിയസഭയിൽ നടത്തിയതെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ കുറ്റപ്പെടുത്തിയിരുന്നു.
ജനസംഖ്യ നിയന്ത്രിക്കുന്നതിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത അടിവരയിട്ട് പറഞ്ഞുകൊണ്ടാണ് ബിഹാർ മുഖ്യമന്ത്രി ചൊവ്വാഴ്ച സഭയിൽ സംസാരിച്ചത്. “ഇത്തരം പരാമർശങ്ങൾ പിന്തിരിപ്പൻ മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങളെയും തിരഞ്ഞെടുപ്പുകളെ കുറിച്ചുമുള്ള അവബോധമില്ലായ്മ കൂടിയാണ്. ഈ പരാമർശങ്ങൾക്ക് ബീഹാർ മുഖ്യമന്ത്രി രാജ്യത്തുടനീളമുള്ള സ്ത്രീകളോട് മാപ്പ് പറയണം” ദേശീയ വനിതാ കമ്മീഷൻ എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
നിതീഷ് കുമാറിന്റെ അഭിപ്രായങ്ങളെ “ഏറ്റവും സ്ത്രീവിരുദ്ധവും അശ്ലീലവും പുരുഷാധിപത്യപരവും” എന്ന് വിശേഷിപ്പിച്ച ബിജെപി, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. നിതീഷ് കുമാർ തന്റെ പരാമർശങ്ങളിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സും അലങ്കാരവും കളങ്കപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രിയും ബിഹാറിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമായ അശ്വിനി കുമാർ ചൗബെയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: