പട്ടാമ്പി : ഉജ്ജ്വല ബാല്യ പുരസ്കാരം തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് കൊടുമുണ്ട ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ജെ. അനംഗ കിളി. മാതാപിതാക്കള്‍ക്കുളള ഗുരുദക്ഷിണ കൂടിയാണ് ഈ പുരസ്കാരം. മൂന്ന് വയസുമുതല്‍ അനംഗ കിളി നൃത്തമഭ്യസിക്കുന്നത് മാതാപിതാക്കാളായ കൊടുമുണ്ട നിരപറമ്പില്‍ ജിതേഷിന്റെയും ഷൈനിയുടെയും ശിക്ഷണത്തില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ നൃത്തമെന്നത് അനംഗകിളിക്ക് ജീവിതചര്യകൂടിയാണ്.
പൊതുവിഭാഗത്തിലാണ് അനംഗ കിളി ഉജ്ജ്വല ബാല്യ പുരസ്കാരത്തിനുളള അര്‍ഹത നേടിയത്. ഭരതനാട്യത്തിലാണ് ഈ മിടുക്കി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക വേദികളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും തേടിയെത്തിട്ടുണ്ട്. ഒന്നര മണിക്കൂറോളം നീണ്ട് നില്ക്കുന്ന ഭാരതനാട്യ കച്ചേരിയും അനംഗ കിളി നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മധുരൈ മാര്‍ഗ്ഗഴി ഫെസ്റ്റിവല്‍ നാട്യ നക്ഷത്ര പുരസ്കാരം, തിരുവനന്തപുരം അനന്തപുരി ഫെസ്റ്റില്‍ നാട്യ ബാലമണി പുരസ്കാരം, നടനകലാശ്രീ, കലാ നിപുണ്‍ പുരസ്കാരം, ശാസ്ത്രീയ നൃത്തകലാ സമ്മാന്‍ പുരസ്കാരം, ബാല പ്രതിഭാ പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2021ലും 2022ലും ഒളിമ്പ്യാഡില്‍ സ്വര്‍ണമെഡലുകളും കരസ്ഥമാക്കി. കോഴിക്കോട് നടന്ന ആള് ഇന്ത്യ ഡാന്‍സ് അസോസിയേഷന് ഫെസ്റ്റിവെലില്‍ കലാ പ്രതിഭാ പട്ടവും നേടി. ഭരതനാട്യത്തോടൊപ്പം സംഗീതത്തിലും അനംഗ കിളി മികവ് തെളിയിച്ചിട്ടുണ്ട്.
പട്ടാമ്പിയില്‍ നൃത്തകലാ പഠന കേന്ദ്രം നടത്തുന്ന ജിതില്‍ – ഷൈനി ദമ്പതികകളുടെ ഏകമകളാണ്. ഭാരതനാട്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: