ഭുജ് (ഗുജറാത്ത്): അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്‌ക്കു മുന്നോടിയായി ജനുവരി ഒന്നു മുതല്‍ 15 വരെ രാജ്യവ്യാപകമായി ജനസമ്പര്‍ക്കമുണ്ടാകുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.
ഭവ്യമായ ശ്രീരാമ ക്ഷേത്ര ചിത്രവും രാംലല്ലയുടെ അക്ഷതവുമായി എല്ലാ ഗ്രാമങ്ങളിലെയും ഓരോ വീട്ടിലും സമ്പര്‍ക്കമുണ്ട്. പ്രാണ പ്രതിഷ്ഠയ്‌ക്കു സാക്ഷികളാകാന്‍ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ന്യാസിന്റെ ഐതിഹാസിക ക്ഷണം എല്ലാവരിലുമെത്തിക്കും. പൗഷത്തിലെ ശുക്ലപക്ഷ ദ്വാദശി, ജനുവരി 22നാണ് പ്രാണ പ്രതിഷ്ഠ. സംക്രാന്തി മുതല്‍ ദ്വാദശി വരെ അതിനു മുന്നോടിയായ അനുഷ്ഠാനങ്ങള്‍ ക്ഷേത്രത്തില്‍ നടക്കുമെന്ന് ന്യാസ് അറിയിച്ചതായി സര്‍കാര്യവാഹ് പറഞ്ഞു. ഭുജിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാസങ്കുലിലെ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്ക് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമ ക്ഷേത്രം രാഷ്‌ട്രത്തനിമയുടെ പ്രതീകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ സോമനാഥ ക്ഷേത്ര സമര്‍പ്പണത്തിന് അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് എത്തിയത് അതുകൊണ്ടാണ്. ജയ് സോമനാഥ് എന്നത് വന്ദേ മാതരം പോലെ രാഷ്‌ട്ര മന്ത്രമായത് അങ്ങനെയാണ്, സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു.
ഹിന്ദുരാഷ്‌ട്രം സൃഷ്ടിക്കേണ്ടതില്ല, ഇതു ഹിന്ദുരാഷ്‌ട്രമാണ്, എന്നും അങ്ങനെ തന്നെയായിരിക്കും. രാജ്യങ്ങള്‍ (ഭരണ വ്യവസ്ഥ) വ്യത്യസ്തമാണ്. എന്നാല്‍ രാഷ്‌ട്രമൊന്നാണ്. ബ്രിട്ടീഷ്രാജുള്ളപ്പോഴും ഇതു ഹിന്ദുരാഷ്‌ട്രം തന്നെയാണ്, അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: