മുസാഫാറ്ബാദ്(ബിഹാര്‍): ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പുറത്തു വിട്ട ജാതി സെന്‍സസ് സര്‍വേ പിന്നാക്ക ജനവിഭാഗങ്ങളോടുള്ള ചതിയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
നിതീഷ്-ലാലു പ്രസാദ് യാദവ് കൂട്ടുകെട്ടിന്റെ ഗൂഢാലോചനയാണ് ഈ ജാതി സെന്‍സസ്. യാദവ, മുസ്ലിം ജനസംഖ്യ സെന്‍സസില്‍ കൂട്ടിക്കാണിച്ചിരിക്കുന്നു. ഇത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കാനാണ്.
ലാലു പ്രസാദിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് നിതീഷ് ഇത്തരത്തില്‍ പിന്നാക്കക്കാരെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചത്, അമിത് ഷാ പറഞ്ഞു.
ജാതി സെന്‍സസിനെ ബിജെപി പിന്തുണച്ചതാണ്. എന്നാല്‍ നിതീഷിനു മേല്‍ ലാലു സമ്മര്‍ദം ചെലുത്തുന്നതിനെക്കുറിച്ച് ബിജെപിക്ക് ആ ഘട്ടത്തില്‍ ധാരണയുണ്ടായിരുന്നില്ല. പിന്നാക്ക, അതി പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുന്ന തരത്തിലുള്ള നീക്കം നിതീഷിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ചതല്ല, അമിത് ഷാ പറഞ്ഞു.
ജാതി സെന്‍സസ് പ്രകാരം ബിഹാറിലെ ഭൂരിപക്ഷം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. ഈ സെന്‍സസ് ആത്മാര്‍ഥമാണെങ്കില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരാളെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ്-നിതീഷ്-ലാലു സഖ്യം പ്രഖ്യാപിക്കുമോ? അമിത് ഷാ ചോദിച്ചു.
കേന്ദ്രമന്ത്രിസഭയില്‍ ഒബിസി വിഭാഗത്തിന് പ്രാതിനിധ്യം കുറവാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പറയുന്നത് വസ്തുതകള്‍ അറിയാതെയാണ്. മോദി സര്‍ക്കാരിലെ 27 മന്ത്രിമാര്‍ ഒബിസി വിഭാഗത്തില്‍ നിന്നാണ്.
ഒബിസി കമ്മിഷന് ഭരണഘടനാപരമായ സാധുത നല്‍കിയത് നരേന്ദ്ര മോദിയാണ്. പത്തു വര്‍ഷം യുപിഎ മന്ത്രിസഭയില്‍ അംഗമായിരുന്നിട്ട് ലാലു പ്രസാദ് എന്തു ചെയ്തു? അമിത് ഷാ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: