തിരുവനന്തപുരം: സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി രണ്ട് കോടി രൂപയുടെ സ്വത്തുക്കള്‍ സേവാഭാരതിക്ക് നല്കി മുന്‍ ബാങ്കുദ്യോഗസ്ഥ. പട്ടം ചാലക്കുഴി റോഡില്‍ ‘പുലരി’യില്‍ രജനിയാണ് തന്റെ സ്വത്തുക്കള്‍ മരണശേഷം സേവാഭാരതിക്ക് നല്‍കിയത്.
അവിവാഹിതയായ രജനി അച്ഛനമ്മമാരുടെ മരണശേഷം ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥയായിരുന്ന രജനി അജ്ഞാതരോഗം പിടിപെട്ട് കിടപ്പിലായതോടെ ജോലിയില്‍ നിന്നും സ്വമേധയാ വിരമിച്ചു. കുറച്ചുകാലം ബന്ധുക്കളുടെ പരിചരണത്തിലായിരുന്നു. അതിനു ശേഷം ബന്ധുക്കള്‍ രജനിയുടെ പരിചരണത്തിനായി സേവാഭാരതിയെ ബന്ധപ്പെട്ടു. സേവാഭാരതിയുടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗം രജനിയുടെ സംരക്ഷണം ഏറ്റെടുത്തു. സേവാഭാരതിയുടെ സാന്ത്വന തണലില്‍ കുറച്ചു കാലമേ രജനി കഴിഞ്ഞുള്ളൂവെങ്കിലും സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ അവര്‍ ആകൃഷ്ടയായി. സേവാഭാരതി നടത്തുന്ന ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ചു.
അടുത്ത കാലത്ത് ഏറ്റുമാനൂരിലെ ഡോ. രാജശേഖരന് നായര്‍ തന്റെ 25 കോടിയിലധികം വിലമതിക്കുന്ന വസ്തുവകകള്‍ മുഴുവനായി സേവാഭാരതിക്കു നല്കിയ വിവരം വാര്‍ത്താമാധ്യമങ്ങളിലൂടെ അറിഞ്ഞ രജനി കാലശേഷം തന്റെ സ്വത്തുക്കളും സേവാഭാരതിക്ക് കൈമാറാന്‍ തീരുമാനമെടുത്തു.
ചാലക്കുഴി മെഡിക്കല്‍ കോളജ് റോഡില്‍ ഏഴ് സെന്റ് സ്ഥലവും അതിലുള്ള പുലരി എന്ന ഇരുനില കെട്ടിടവും തിരുവനന്തപുരം സേവാഭാരതിയുടെ പേരില്‍ എഴുതിവച്ചു. സ്വത്തുക്കള്‍ സേവാഭാരതിക്ക് നല്‍കിക്കൊണ്ടുള്ള രജനിയുടെ സമ്മതപത്രം ബന്ധുക്കള്‍ കൈമാറി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് രജനി ഈ ലോകത്തോട് വിട പറഞ്ഞു. രജനിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം സേവാഭാരതി പുലരിയില്‍ പ്രവര്‍ത്തനമാരംഭിക്കും. പാലിയേറ്റീവ് കെയര്‍, വയോജനകേന്ദ്രം, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും സേവാഭാരതി പുലരിയില്‍ തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: