ടെല്‍അവീവ്: ഹമാസിന്റെ പോളിറ്റ്ബ്യുറോ തലവന്‍ ഇസ്മായില്‍ ഹനിയയുടെ ഗാസ മുനമ്പിലെ വീട് ഇസ്രായേല്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. വടക്കന്‍ ഗാസ മുനമ്പില്‍ അല്‍ ഷാന്തിക്ക് സമീപമുള്ള വീട്ടിലാണ് ഐഡിഎഫ് വ്യോമാക്രമണം നടത്തിയത്. ഹനിയ ഈ സമയം ഇറാനിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഹനിയയുടെ കുടുംബത്തിലെ 14 പേര് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പാലസ്തീന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷെയ്ഖ് റദ്വാന് പ്രദേശത്തിന് സമീപമുള്ള വീട്ടിലായിരുന്നു അന്ന് ആക്രമണമുണ്ടായത്. ഹനിയയുടെ സഹോദരനും അനന്തരാവകാശിയുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.
ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിനിടെ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ രാത്രി ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആരംഭിച്ച വ്യോമാക്രമണം പുലര്‍ച്ചെ വരെ നീണ്ടു. ഗാസയുടെ തെക്കന്‍ പ്രദേശങ്ങളിലും മിസൈലുകള്‍ പതിച്ചു. വടക്കന്‍ ഗാസയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന സ്കൂളിന് നേരെയും ആക്രമണമുണ്ടായി. 12 പേര് മരിച്ചു. രോഗികളുമായി ഈജിപ്തിലേക്ക് പോയ ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്.
അതിനിടെ, ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണെങ്കില്‍ സംഘര്‍ഷം മേഖലയിലാകെ പടരുമെന്ന മുന്നറിയിപ്പുമായി ഹിസ്ബുള്ള മേധാവി ഹസന് നസറുള്ള രംഗത്തെത്തി. അങ്ങനെയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം അമേരിക്കയ്ക്കായിരിക്കുമെന്നും യുദ്ധമാരംഭിച്ച ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ നസറുള്ള പറഞ്ഞു. അതേസമയം, അമേരിക്ക സോവിയറ്റ് യൂണിയനെ പോലെ തകരുമെന്ന് ഹമാസ് നേതാവ് അലി ബറാക്ക. അമേരിക്കയുടെ ശത്രുക്കള്‍ ഒത്തുകൂടുകയും കൂടിയാലോചനകള്‍ നടത്തുകയുമാണ്. അവര്‍ യുദ്ധം ചെയ്ത് അമേരിക്കയെ ഇല്ലാതാക്കുന്ന ഒരു ദിവസം വന്നേക്കാമെന്നും അലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: