രണ്ടാമത് പരീക്ഷ ഏപ്രില്‍ ഒന്നിനും 15 നും മധ്യേ; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് 2 വരെ
വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് https://jeemain.nta.ac.in ല്‍
താല്പര്യമുള്ളവര്ക്ക് രണ്ട് പരീക്ഷകളിലും പങ്കെടുക്കുന്നതിന് ഫീസ് അടച്ച് ഇപ്പോള്‍ അപേക്ഷിക്കാം
പ്രവേശനം എന്‍ഐടികള്‍, ഐഐഐടികള്‍, കേന്ദ്രസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലും മറ്റും
ഐഐടി പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാനും ജെഇഇ മെയിനില്‍ ഉയര്‍ന്ന റാങ്ക് നേടണം
സമര്‍ത്ഥരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ജെഇഇ മെയിന്‍ (ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്- മെയിന്‍ 2024) കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെ ബിഇ/ബിടെക്, ബി ആര്‍ക്, ബി പ്ലാനിങ് കോഴ്സുകളില്‍ എന്‍ഐടി, ഐഐഐടി, കേന്ദ്രസര്‍ക്കാര്‍ സഹായമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ഉപരിപഠനം നടത്താം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ രണ്ടുതവണകളായിട്ടാണ് പരീക്ഷ.
ആദ്യ സെഷന് ജനുവരി 24 നും ഫെബ്രുവരി ഒന്നിനും മധ്യേ. നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
രണ്ടാമത് പരീക്ഷ ഏപ്രില്‍ ഒന്നിനും 15 നും മധ്യേ. ഓണ്‍ലൈനായി ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് 2 വരെ അപേക്ഷിക്കാവുന്നതാണ്.
2022, 23 വര്‍ഷത്തില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ്പരീക്ഷ വിജയിച്ചവര്‍ക്കും 2024 ല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും ജെഇഇ മെയിന്‍ പരീക്ഷക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ത്രിവത്സര ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല.
താല്പര്യമുള്ളവര്ക്ക് രണ്ട് പരീക്ഷകളിലും പങ്കെടുക്കുന്നതിന് ഫീസ് അടച്ച് ഇപ്പോള്‍ അപേക്ഷിക്കാം.
ജെഇഇ മെയിന്‍ 2024 പരീക്ഷാ വിജ്ഞാപനവുംഇന്ഫര്മേഷന് ബുള്ളറ്റിനും https://jeemain.nta.ac.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നി
ര്‍ദ്ദേശങ്ങള്‍, പരീക്ഷാ ഫീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
ഐഐടികളില്‍ അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കുന്നതിനും ജെഇഇ മെയിന്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കേണ്ടതുണ്ട്.
ജെഇഇ മെയിന്‍ പരീക്ഷയില്‍ രണ്ട് പേപ്പറുകള്‍. ബിഇ/ബിടെക് പ്രവേശനത്തിനായുള്ള പേപ്പര്‍ ഒന്നില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 90 ചോദ്യങ്ങള്‍, 300 മാര്‍ക്കിന്.
ബിആര്‍ക് പ്രവേശനത്തിനുള്ള പേപ്പര്‍ 2 ‘എ’യില്‍ മാത്തമാറ്റിക്സ്, ആപ്ടിട്യൂഡ് ടെസ്റ്റ്, ഡ്രോയിങ് ടെസ്റ്റ് എന്നിവയില്‍ 82 ചോദ്യങ്ങള്‍, 400 മാര്‍ക്കിന്.
ബി പ്ലാനിങ് അഡ്മിഷനായുള്ള പേപ്പര്‍ 2 ‘ബി’യില്‍ മാത്തമാറ്റിക്സ്, ആപ്ടിട്യൂഡ് ടെസ്റ്റ്, പ്ലാനിങ് എന്നിവയില്‍ 105 ചോദ്യങ്ങള്‍, 400 മാര്‍ക്കിന്. രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ. പരീക്ഷയുടെ സമയക്രമവും വിശദാംശങ്ങളും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. മലയാളം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് അടക്കം 13 ഭാഷകളില്‍ പരീക്ഷ നടത്തും. കേരളത്തില്‍ ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം/മൂവാറ്റുപുഴ, അങ്കമാലി, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, വയനാട് പരീക്ഷാകേന്ദ്രങ്ങളാണ്.
ജെഇഇ മെയിന്‍ 2024 ല്‍ റാങ്ക് നേടുന്നവര്‍ക്ക് സെന്‍ട്രല്‍ സീറ്റ് അലോക്കേഷന് ബോര്‍ഡ് (സിഎസ്എബി) നടത്തുന്ന കൗണ്‍സലിങ് വഴിയാണ് അഡ്മിഷന്. ഇതുസംബന്ധിച്ച വിവരങ്ങള്‍ https://csab.ac.in ല്‍ യഥാസമയം ലഭ്യമാകും.
എന്‍ഐടികളിലും മറ്റും ബിഇ/ബിടെക് പ്രവേശനത്തിന് ഫിസിക്സ്, മാത്തമാറ്റിക്സ് മുഖ്യവിഷയങ്ങള്ക്ക് പുറമെ കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി വിഷയങ്ങളിലൊന്നുകൂടി പഠിച്ച് മൊത്തം 75% മാര്‍ക്കില്‍ (എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 65% മതി) കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണമെന്നുണ്ട്.
ബിആര്‍ക് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ പരീക്ഷ മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും വിജയിച്ചിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ ത്രിവത്സര ഡിപ്ലോമ നേടിയവരെയും പരിഗണിക്കും.
ബി പ്ലാനിങ് പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷയില്‍ മാത്തമാറ്റിക്സിന് 50% മാര്‍ക്കില്‍ കുറയാതെയും മൊത്തത്തില്‍ 50% മാര്‍ക്കില്‍ കുറയാതെയും നേടി പാസായിരിക്കണമെന്നുണ്ട്.
ജെഇഇ മെയിന്‍ ഓള് ഇന്ത്യാ റാങ്ക് അടിസ്ഥാനത്തിലുള്ള സിഎസ്എബി/ജോസ സീറ്റ് അലോക്കേഷന് നടപടികള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: