കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സ്വാഗതം ചെയ്ത് പെൺകുട്ടിയുടെ മാതാപിതാക്കൾ. കോടതി വിധിയിൽ സന്തോഷമുണ്ട്. പ്രതിക്ക് വധ ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹം, എന്നാൽ മാത്രമേ ഞങ്ങളുടെ കുഞ്ഞിന് നീതി ലഭിക്കൂവെന്നും അവർ പറഞ്ഞു.
ജീവിക്കാൻ പ്രതിക്ക് അർഹതയില്ലെന്നും കുഞ്ഞിന്റെ കുടുംബം പറഞ്ഞു. കേസിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നുവെങ്കിൽ മാറി ചിന്തിച്ചേനെ. കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നല്കണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാടുമെന്നും മാതാവ് പറഞ്ഞു.
പ്രതി ബിഹാർ സ്വദേശി അസ്ഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞിരുന്നു. ശിക്ഷ വ്യാഴാഴ്ച എറണാകുളം പോക്സോ കോടതി വിധിക്കും. പ്രതിക്ക് പരാമാവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു. മൂന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യാതൊരു മാനസിക പ്രശ്നവും പ്രതിക്കില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മാനസികനില പരിശോധിച്ചതിന്റെ റിപ്പോർട്ട് ഉണ്ടോയെന്നും പ്രതി പരിവർത്തനത്തിന് വിധേയനാകുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. ഈ 100 ദിവസത്തിനിടെ ഒരു മാറ്റവും പ്രതിയിൽ ഉണ്ടാക്കിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജയിൽ അധികൃതരുടെ റിപ്പോർട്ട് ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: