റായ്പൂര്‍: ഒരുകാലത്ത് നക്‌സല്‍ കേന്ദ്രമായിരുന്ന കാങ്കറില്‍ ആത്മവിശ്വാസമുണര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ് ഗഡ് രൂപീകരിച്ചത് ബിജെപിയും ജനങ്ങളും ചേര്‍ന്നാണെന്നും ഈ നാടിനെ ശക്തിപ്പെടുത്തുകയും ഗിരിവര്‍ഗജനതയുടെയും പിന്നാക്കക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് ബിജെപിയുടെ ദൗത്യമെന്നും കാങ്കറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
എംഎല്‍എയെയോ മുഖ്യമന്ത്രിയേയോ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പല്ല നടക്കുന്നത്. ജനങ്ങളുടെയും കുട്ടികളുടെയും ഭാവിയും തീരുമാനിക്കുന്ന വോട്ടെടുപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയും വികസനപ്രവര്‍ത്തനങ്ങളും തമ്മില്‍ യോജിച്ചു പോകില്ല. ചരിത്രത്തിലാദ്യമായി ഗിരിവര്‍ഗ കുടുംബത്തിലെ മകളെ രാജ്യത്തിന്റെ രാഷ്‌ട്രപതിയാക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ എതിര്‍ത്തവരാണ് കോണ്‍ഗ്രസ്. അവര്‍ ബിജെപിയെ അല്ല ഗോത്രവര്‍ഗ സമൂഹത്തെയാണ് എതിര്‍ത്തത്.
അഴിമതിയില്‍ നിറഞ്ഞ സര്‍ക്കാരാണ് ഛത്തീസ്ഗഡില്‍ അധികാരത്തിലുള്ളത്. കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളും ബിജെപിയും യോജിച്ച് നിന്ന് രൂപീകരിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഡ്. രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി ഈ നാടിനെ മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം.
കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ പരാജയം ജനങ്ങള്‍ കണ്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രമാണ് ഈ കാലത്ത് വികസനമുണ്ടായത്. അവരുടെ ആസ്തികള്‍ വര്‍ധിച്ചു. ബംഗ്ലാവുകളും കാറുകളും കൂടി.
എന്നാല്‍ കാങ്കറിലെയും ബസ്തറിലെയും പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ഗിരിവര്‍ഗ കുടുംബങ്ങള്‍ക്കും ഒന്നും ലഭിച്ചില്ല. പൊട്ടിത്തകര്‍ന്ന റോഡുകളും സൗകര്യങ്ങളില്ലാത്ത ആശുപത്രികളും സ്‌കൂളുകളുമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സംഭാവന. അഴിമതിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: