ന്യൂദല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പിണറായി വിജയന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. നിയമസഭ പാസാക്കിയ എട്ടു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. എത്രയും വേഗം ഒപ്പിടാന്‍ ഗവര്‍ണറോടു നിര്‍ദേശിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സര്‍വകലാശാല നിയമ ഭേദഗതി ബില്ലും ലോകായുക്ത ബില്ലുമടക്കം തുടര്‍ നടപടികളില്ലാതെ രാജ്ഭവന് പിടിച്ചുവച്ചിരിക്കുകയാണെന്ന് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങള്‍ ഗവര്‍ണര്‍ നിഷേധിക്കുകയാണ്. ബില്ലുകളിലൂടെ ലക്ഷ്യമിട്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുത്തുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ചീഫ് സെക്രട്ടറി വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു.
ഭരണഘടനയുടെ 200-ാം അനുച്ഛേദ പ്രകാരം നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ക്ക് കൈമാറുകയും അദ്ദേഹം ഒപ്പുവയ്ക്കുന്നതോടെ നിയമമാകുകയും ചെയ്യും. എന്നാല്‍ ബില്ലിലെ ഉള്ളടക്കത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അതു തിരിച്ചയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. രാഷ്ട്രപതിയുടെ പരിശോധനയ്ക്കു വിടാനും കഴിയും. ബില്ലുകളിന്മേല് തീരുമാനമെടുക്കുന്നതിന് സമയക്രമം നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്കാന് കോടതിക്കാകില്ലെന്നാണ് രാജ്ഭവനു ലഭിച്ച നിയമോപദേശം. ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ പുറത്താക്കുന്ന സര്‍വകലാശാലാ ബില്ലുകളും ലോകായുക്തയുടെ അധികാരങ്ങളില്ലാതാക്കുന്ന നിയമ ഭേദഗതി ബില്ലും അടക്കമുള്ള ജനവിരുദ്ധ ബില്ലുകളാണ് രാജ്ഭവന് പിടിച്ചുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: