യജ്ഞഭാവനയോടെ അനുഷ്ഠിക്കുന്ന നിസ്വാര്‍ത്ഥ കര്‍മ്മം തന്നെയാണ് ജീവിതമെന്നിരിക്കെ, സദാചാരനിഷ്ഠവും പരസ്പരപോഷകവുമായ സഹവര്‍ത്തിത്വത്തിന്റെ തത്ത്വശാസ്ത്രമാണ് നമ്മെ പരിപൂര്‍ണ്ണനാക്കുക എന്ന ആദര്‍ശാത്മക സന്ദേശമാണ് കുമാരനാശാന്റെ ‘സദാചാരശതക’ത്തിന്റെ കാതല്‍. എസ്എന്‍ഡിപി യോഗം മുഖപത്രമായിരുന്ന വിവേകോദയത്തില്‍ 1911-ല്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച കൃതിയാണ് ‘സദാചാര ശതകം.’
സംസ്കൃത മഹാകവിയായിരുന്ന ക്ഷേമേന്ദ്രന്‍ രചിച്ച ‘ചാരുചര്യ’ എന്ന കാവ്യത്തിന്റെ വിവര്‍ത്തനമാണിത്. ജന്മജന്മാന്തരമായി മനസ്സില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന അവിദ്യാമയമായ കര്‍മ്മവാസനകളെ ദൂരീകരിച്ച് ചിത്തശുദ്ധി സാധ്യമാക്കുന്ന ഒരു സാധനാപദ്ധതിയായിരുന്നു കുമാരനാശാന് അവതരിപ്പിച്ചത്. ചതുര്യോഗവിധികളും ചതുര്വിധ പുരുഷാര്‍ത്ഥങ്ങളും ചതുരാശ്രമ വ്യവസ്ഥയും ചിത്തശുദ്ധീകരണത്തിനുള്ള മാര്‍ഗ്ഗങ്ങളാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യപൂര്‍ണ്ണമായ നിലനില്‍പ്പിന് ധര്‍മ്മാനുസൃതമായി ഇവ ആചരിക്കേണ്ടതുണ്ട്.
വേദങ്ങളിലും ഉപനിഷത്തുക്കളിലും, ഇതിഹാസപുരാണങ്ങളിലും സാന്ദര്‍ഭികമായ വ്യാഖ്യാനങ്ങളായി സദാചാരസങ്കല്പ്പങ്ങള് തലമുറകള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയിട്ടുണ്ട്. ഭാരതമങ്ങോളമിങ്ങോളമുള്ള ഋഷീശ്വരരായ കവികള്‍, ഇങ്ങ് കേരളത്തില്‍ ശ്രീശങ്കരന്, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, അയ്യാവൈകുണ്ഠ സ്വാമികള്‍, ശുഭാനന്ദഗുരു, സദാനന്ദ സ്വാമികള്‍, ആഗമാനന്ദസ്വാമികള്‍, നടരാജഗുരു തുടങ്ങിയ യുഗസ്രഷ്ടാക്കളായ ആചാര്യപരമ്പരയും ‘സദാചാരശതക’മെന്ന രചനാപദ്ധതിയുടെ ആശയത്തിലേക്ക് കുമാരനാശാനെ നയിച്ചവരാണ്.
‘സദാചാരം’ എന്ന പദത്തിന്റെ നിഷ്പത്തി അര്‍ത്ഥം ഭാരതീയതയും കേരളീയതയും വിശലമാക്കിയ മാനവിക സംസ്കൃതി, സദാചാരശതകം രചിക്കപ്പെട്ട കാലം, അന്നത്തെ സാമൂഹിക സാഹചര്യം, കവിവ്യക്തിത്വം, സദാചാര സങ്കല്‍പ്പങ്ങള്‍ക്ക് കാലാനുസൃതമായി സംഭവിക്കുന്ന മാറ്റം, ഈ വിഷയത്തെ അധികരിച്ചുള്ള വര്‍ത്തമാനകാല പുനര്‍വായനയുടെ സാധ്യത, പ്രസക്തി തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
കാവ്യഘടന
മംഗള ശ്ലോകത്തിനുശേഷം ബ്രാഹ്മകാലത്തുണര്ന്ന് കുളിച്ചു ശുദ്ധമായി, ഈശ്വരപൂജചെയ്ത്, അനുഷ്ഠിക്കേണ്ട കഠിനജീവിതവ്രതങ്ങളെ വസ്തുതത്ത്വാധിഷ്ഠിതമായി ‘സദാചാരശതക’ത്തില്‍ വ്യക്തമാക്കുന്നു.
ശയനം, ശ്രാദ്ധം, ജപഹോമാര്ച്ചനാദികള്, ഭോജനം, രാത്രിസഞ്ചാരം, പരദാരേച്ഛ, ക്ഷമാശീലം, സന്മാര്ഗ്ഗം, കാര്യസാധ്യം, സജ്ജനസംഗം, മാതൃപിതൃശുശ്രൂഷ, പുത്രധര്‍മ്മം, ദാനം, ബ്രാഹ്മണനിന്ദ, ആരംഭശൂരത്വം, അര്ത്ഥദാസ്യം, ത്യാഗം, ദ്വേഷം, ഉപകാരസ്മരണ, രാഗാസക്തി, ആത്മപ്രശംസ, നായാട്ട്, ക്രൂരവാക്ക്, ഏഷണി, യാചന, മര്യാദാലംഘനം, ബന്ധുജനവര്ജ്ജനം, കൊള്ളിവാക്ക്, സ്തുതി, ജാതിചിന്ത, ധനാര്‍ത്തി, ദുഷ്ജനസംഗം, മനഃസംയമനം, ധീരത, സ്വാമി പ്രീതി, വിദ്യാലബ്ധി, സ്വജനഭക്തി, ഖ്യാതി, ദുഷ്കൃത്യം, ആക്ഷേപം, വിരക്തി, ബലഗര്വ്വം, സ്വാര്‍ത്ഥത, തിന്മ ചെയ്യാനുള്ള പ്രേരണ, ചൂതുകളി, അമിത വിശ്വാസം, നാസ്തികത്വം, സ്ഥാനഗര്വ്വം, ശത്രുസന്ധി, ഹിതോപദേശം, ആഹാരാസക്തി, കഠിനപ്രവൃത്തി, അസ്ഥിരത്വബോധം, അനുകരണഭ്രമം, തര്‍ക്കം, ഗുരുനിന്ദ, സതീനിന്ദ, കര്‍മ്മപ്രേരണ, ഗുരുപൂജ, പുരുഷാര്ത്ഥസംഗ്രഹം, കുലമഹിമ, ആത്മശുദ്ധി, കലാഭ്യസനം, രാഗലാഭമോഹവിരക്തി, സ്ത്രീപീഡ, ഉപദേശം, പ്രഭുത്വദാനം, ശത്രുവിശ്വാസം, പ്രയത്നക്ലേശമില്ലാതെയുള്ള ഫലകാംക്ഷ, സജ്ജനമാര്ഗ്ഗസ്വീകരണം, ഐശ്വര്യകാംക്ഷ, പ്രതിലോമവിവാഹം, സര്വനിന്ദ, ബന്ധുവൈരം, പക്ഷപാതം, ജനോപകാരം, ആഭിചാരം, ആശ്രമധര്‍മ്മം, ആത്മസാക്ഷാത്ക്കാരം, സുകൃതം, വിഷ്ണുഭജനം- ഇവയെല്ലാം ചേര്‍ന്ന നല്ചൊല്സാരാംശങ്ങളുടെ വിശദീകരണങ്ങളാണ് ‘സദാചാരശതക’ത്തിന്റെ ഉള്ളടക്കം.
സത്+ആചാരമാണ് – (നല്ല ഗുണങ്ങളുടെ ആചരണം) സദാചാരം. ഇത് സദാ (എല്ലായ്പ്പോഴും) ആചരിക്കേണ്ട ഒന്നാണ്. ധാര്‍മ്മിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ഈ ജീവിതപദ്ധതി ധാര്‍മ്മിക ജീവിതസങ്കല്‍പ്പത്തിന്റെ അടിവേരുകളായ -വ്യക്തി-സമൂഹം-നിയമം-മതം-സംസ്കാരം-ജീവിതക്രമം (ഭൗതികവും ആത്മീയവും) തുടങ്ങിയ ഘടകങ്ങളുമായി ഗാഢബന്ധം പുലര്‍ത്തുന്നു.
പരിണാമാത്മകവും നാനാത്വത്തില്‍ ഏകത്വനിഷ്ഠവുമായ ഭാരതീയതയെ സനാതനധര്‍മ്മമായി ലോകം അംഗീകരിച്ചതിനു പിന്നില്‍ ‘നമ്മുടെ ധാര്‍മ്മിക ജീവിതദര്‍ശനം’ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ഏത് വേദവും ഏത് മതവും ഏത് ദേശവും ഒന്നിനൊന്നോട് ചേര്‍ന്ന് ഒന്നായൊഴുകിപ്പരക്കുന്ന വിശ്വസംസ്ക്കാരലയനമാണ് ആ ഭാരതീയത. ‘ഭാരതീയത’യുടെ നേര്‍പകര്‍പ്പായി നമുക്ക് ‘കേരളീയത’യെയും വിലയിരുത്താം.വൈദികകാലം മുതല്‍തന്നെ വിസ്തൃതമായ ഇന്ത്യാമഹാരാജ്യത്തിന്റെ വിവിധ മേഖലകളോട് മലനാടിനുണ്ടായിരുന്ന സവിശേഷമായ സമ്പര്‍ക്കം ബഹുതലസ്പര്‍ശിയായ ജീവിതാനുഭവങ്ങളുടെ പരസ്പര വിനിമയങ്ങള്‍ക്ക് സുദൃഢമായ വേദിയൊരുക്കി.
ഗുരുകുലങ്ങളും പാഠശാലകളും വിദ്വല്സഭകളും അവതാരപുരുഷന്മാരുടെ ആദ്ധ്യാത്മിക സംവാദങ്ങളും സഞ്ചാരങ്ങളും കലാരൂപങ്ങളും മഹോത്സവങ്ങളും കേരള പൈതൃകത്തിന്റെ പ്രചാരഹേതുക്കളായി.
വ്യക്തിത്വത്തിന്റെ രൂപവല്‍ക്കരണം
19-20 നൂറ്റാണ്ടുകളില്‍ കേരളത്തെ ഗ്രസിച്ച വൈദേശികാധിപത്യങ്ങള്, ഫ്യൂഡല്‍ വ്യവസ്ഥിതി, മനുഷ്യത്വരഹിതമായ വിവേചനങ്ങള്‍, ജാതിവ്യവസ്ഥ, മൂല്യനിരാസം തുടങ്ങി അതിസങ്കീര്‍ണ്ണമായ സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയിലേക്ക് കുമാരനാശാന് (1873-1924) കടന്നുവരുന്നത്.
1891 മുതല്‍ ഗുരുവുമൊത്തുള്ള അരുവിക്കരയിലെ ആശ്രമജീവിതം തമിഴ്-സംസ്കൃത ഭാഷാപഠനം, 1895-ല്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഡോക്ടര്‍ പല്‍പ്പുവിന്റെ സഹായത്തോടെ ബാംഗ്ലൂര്‍-കല്‍ക്കത്ത തുടങ്ങിയയിടങ്ങളിലെ ഉപരിവിദ്യാഭ്യാസം, സ്വാമിവിവേകാനന്ദന്റെ ആദര്ശ്ശോജ്ജ്വലപ്രഭാഷണങ്ങള്, ഇവയൊക്കെ-കുമാരുവിലൂടെ-ചിന്നസ്വാമിയിലൂടെ-മഹാകവി കുമാരനാശാനെ രൂപപ്പെടുത്തിയ ചവിട്ടുപടികളായി മാറി.
1903 മെയ് 15-ന് എസ്എന്‍ഡിപി യോഗം സ്ഥാപിതമായതോടെയാണ് കേരളത്തില്‍ സാമുദായിക സമത്വത്തിനുവേണ്ടിയുള്ള സംഘടിത ശ്രമം തുടങ്ങുന്നത്. ഈ യോഗത്തിന്റെ ആദ്യ സെക്രട്ടറി കുമാരനാശാനുമായിരുന്നു.
ഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സമുദായത്തിന് സാമൂഹികവും ആത്മീയവുമായ പുരോഗതിക്ക് വേദിയൊരുക്കുന്നതിനും സന്ന്യാസിമഠങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിക്കുന്നതിനുമായിരുന്നു എസ്എന്‍ഡിപി ആദ്യകാലങ്ങളില്‍ ശ്രമിച്ചിരുന്നത്. 1904-ല്‍ സംഘടനയുടെ മുഖപത്രമായിരുന്ന ‘വിവേകോദയ’ത്തിന്റെ മുഖ്യപത്രാധിപരായി കുമാരനാശാന് ചുമതലയേറ്റു. 1909-ല്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി.
രാജഭരണത്തിന് കീഴില്‍ നാടിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയുന്നതിനുവേണ്ടി ഇന്നത്തെ നിയമസഭയുടെ പൂര്‍വമാതൃകയില്‍ ആരംഭിച്ച പ്രജാസഭയ്ക്ക് ആ കാലഘട്ടത്തിന്റെ സാമൂഹികപശ്ചാത്തലത്തില്‍ പുരോഗമന സ്വഭാവമായിരുന്നു ഉണ്ടായിരുന്നത്. പ്രജാസഭയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെന്ന നിലയില്‍ സാമൂഹികസമത്വം, സ്വാതന്ത്ര്യം, മാനവിക മൂല്യങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ക്കു വേണ്ടിയാണ് കവിയും ക്രാന്തദര്‍ശിയുമായ കുമാരനാശാന് ശബ്ദിച്ചത്.
1911-ല്‍ സദാചാരശതകം (1086) പുറത്തു വരുമ്പോഴുള്ള സാമൂഹികസാഹചര്യം, ആശാന്റെ ആദര്‍ശാത്മകത, സാമൂഹിക പ്രതിബദ്ധത ഇവ വ്യക്തമാക്കുന്നതിനുവേണ്ടിയാണ് ആമുഖമായി മുകളില്പറഞ്ഞ വസ്തുതകള്‍ സൂചിപ്പിച്ചത്.
കവി വ്യക്തിത്വവും ക്രാന്തദര്‍ശിത്വവും
ന്യായവും തര്‍ക്കവും വേദാന്തവും ജ്യോതിഷവും സംസ്കൃതവും ഇംഗ്ലീഷും മറ്റ് സമ്പര്ക്കഭാഷകളും സ്വായത്തമാക്കിയ കുമാരനാശാന് നവോത്ഥാനനായകനും ധര്മ്മോദ്ബോധകനും സ്നേഹഗായകനും മാനവികതാവാദിയും വിപ്ലവകാരിയുമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് സമസ്ത പദാര്‍ത്ഥങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ഒരേ ഭാവത്തിന്റെ അനുഭവത്തെ (ഈശാവാസ്യമിദം സര്‍വം) സാക്ഷാത്ക്കരിച്ചുകൊണ്ടാണ്.
ഒരേസമയം പാരമ്പര്യവും ആധുനികതയും ആശാനില്‍ സമ്മേളിച്ചിരുന്നു. ദുരവസ്ഥയിലും ചിന്താവിഷ്ടയായ സീതയിലും ആശാന്റെ സാഹിത്യേതരസംവാദങ്ങളിലും, നിയമസഭാപ്രസംഗങ്ങളിലും ജീവിതനിരൂപണപദ്ധതികളിലും ഈ ആധുനികനെ അനുഭവിക്കാം. എന്നാല്‍ പരമ്പരാഗത മൂല്യങ്ങള്‍ ഒരു സമൂഹഘടനയ്ക്ക് ആവശ്യമാണെന്ന ഉറച്ചബോധ്യം ആശാനില്‍ രൂഢമൂലമായത് അദൈ്വതവേദാന്തത്തില് ആശാനുണ്ടായിരുന്ന അചഞ്ചല വിശ്വാസം മൂലമാണ്.
അദൈ്വതവാദിയായിരിക്കുമ്പോഴും പരിവര്‍ത്തന വിധേയമാകേണ്ട പാരമ്പര്യ വ്യവസ്ഥകളെക്കുറിച്ചും സാമൂഹ്യപുരോഗമന സാധ്യതകളെ പാരമ്പര്യഘടകങ്ങളില്‍ യഥോചിതം സമന്വയിപ്പിക്കേണ്ട ബാധ്യതകളെക്കുറിച്ചും, ആശാന് ബോധവാനായിരുന്നു. അതിനായി കാവ്യജീവിതത്തിലും ഭൗതികജീവിതത്തിലും ആശാന് തന്റെ പ്രതിഭാശക്തി തരാതരം പ്രയോഗിച്ചു.
ശ്രീനാരായണഗുരു ആത്മീയതലത്തില്‍ എപ്രകാരമാണോ പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ചത് അതുപോലെ ആശാന് കാവ്യതലത്തില് ആധുനിക പാരമ്പര്യദര്ശനങ്ങളെ യഥായോഗ്യം ഉപയോഗിച്ചു.
സദാചാര മൂല്യങ്ങളുടെ സംരക്ഷണം പാരമ്പര്യചിന്തയുടെ സിദ്ധാന്തതലമാണ്. കാലാനുസൃതമായ പ്രയോഗമാണ് അതിന്റെ ആധുനികവശം. ഇത്തരം സിദ്ധാന്തങ്ങളിലും പ്രയോഗങ്ങളിലുമുള്ള കാല-ദേശ-സങ്കല്‍പ്പങ്ങളെ അടിസ്ഥാനമാക്കിയാണ് പാരമ്പര്യവും ആധുനികതയുമൊക്കെ നിര്‍വ്വചിക്കപ്പെടുന്നത്.
ആശാന്റെ മതവും സദാചാരവും
ആധുനികയുഗത്തിന്റെ പ്രകടനപത്രികയായി വിശേഷിപ്പിക്കപ്പെട്ട ‘മതപരിവര്‍ത്തന രസവാദം’ എന്ന ലഘുപ്രബന്ധം ‘മിതവാദി’യില്‍ വന്ന ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ആശാന് എഴുതുകയുണ്ടായി. സനാതനധര്‍മ്മത്തിന്റെ ചട്ടങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടാണ് ആശാന് അതിന് മറുപടി പറഞ്ഞത്. ചട്ടങ്ങള്‍ മൂല്യസംരക്ഷണത്തിനുവേണ്ടിയുള്ളതാണെന്ന അടിസ്ഥാന ബോധ്യം ആശാനുണ്ടായിരുന്നു.
”മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ-
മല്ലെങ്കില്‍ മാറ്റുമതുകളീ
നിങ്ങളേത്താന്‍” (ദുരവസ്ഥ)
എന്ന ആശാന്റെ ‘ദുരവസ്ഥയി’ലെ ഉദ്ബോധനത്തെയും ‘ചണ്ഡാലഭിക്ഷുകി’യിലെ ജാതിവ്യവസ്ഥാനിരൂപണത്തെയും അദ്ദേഹത്തിന്റെ നിലപാടുകളിലെ വൈരുദ്ധ്യമായി ചിത്രീകരിച്ചവര്‍ക്കും ഇപ്രകാരം മറുപടി നല്കുന്നു:
”എന്റെ അഭിപ്രായസ്ഥൈര്യത്തെ ഉരച്ചുനോക്കാന്‍ അത് ശരിയായ കല്ലല്ലെന്നുള്ളത് ഇവിടെ പറയാതിരിപ്പാന് നിവൃത്തിയില്ല. ദുരവസ്ഥയിലോ, ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപലംഭിച്ചു ഞാന്‍ ചെയ്യുന്ന നിര്‍ദ്ദേശങ്ങളെല്ലാം മതപരിഷ്ക്കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും മതപരിവര്‍ത്തനത്തെ മുന്‍നിര്‍ത്തിയല്ലെന്നും നിഷ്ക്കര്‍ഷിച്ചു വായിച്ചുനോക്കുന്ന ആര്‍ക്കും അറിയാമെന്നാണ് എന്റെ ധാരണ. പരിഷ്ക്കരണത്തില്‍ എന്റെ ആദര്‍ശം മുമ്പു പറഞ്ഞിട്ടുള്ള ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്നുള്ള ‘ശ്രീനാരായണമതം’ ആണെന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി പറഞ്ഞേക്കാം.” (മതപരിവര്‍ത്തനരസവാദം പേജ്-23). ഇവിടെ ആത്യന്തികമായി ചട്ടങ്ങള്‍ മൂല്യങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നും അത് ജീര്‍ണ്ണിച്ചാല്‍ പരിഷ്ക്കരിക്കേണ്ടതാണെന്നും അല്ലാതെ പ്രയോഗികവാദികളുടെ ചില പൊടിക്കൈകള്‍ കൊണ്ട് സമുദായ പരിഷ്ക്കരണമോ സദാചാര സങ്കല്പ്പങ്ങളോ ഉടച്ചുവാര്‍ക്കാന്‍ സാധിക്കില്ലെന്നും ആശാന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ചെയ്യുന്നത്. സ്വസമുദായ പരിഷ്ക്കരണം എന്ന ഉദ്ദേശം തന്നെയാണ് ‘സദാചാരശതക’ത്തിന്റെയും പ്രഥമ ലക്ഷ്യം.
ഇതിഹാസപുരാണങ്ങള്‍, മിത്തുകള്‍, പൗരാണിക സന്ദര്‍ഭങ്ങള്‍, ചരിത്രസംഭവങ്ങള്‍ മുതലായവയുടെ മികച്ച പുനര്‍വായനകള്‍ എല്ലാ ഭാഷാസാഹിത്യങ്ങള്‍ക്കും വിഷയമായിട്ടുണ്ട്. ‘പുനര്‍വായന’ എന്നാല്‍ ‘വീണ്ടുമുള്ള വായന’ എന്നാണര്‍ത്ഥം. പുതിയ ജീവിത സന്ദര്‍ഭങ്ങളോടും വൈജ്ഞാനിക സന്ദര്‍ഭങ്ങളോടും ബന്ധപ്പെടുത്തി ഒരു കൃതിയെ വീണ്ടും വായിക്കുന്നു. അത് ഒരേസമയം കൃതിയുടെയും കാലത്തിന്റെയും പുനര്‍വായനയായി മാറുന്നു.
പുനര്‍വായനയിലെ കള്ളനാണയങ്ങള്‍
ആഗോളീകരണത്തിന്റെ ആധിപത്യവല്ക്കരണവും പുതുസാങ്കേതികവിദ്യയും കൂടിച്ചേര്‍ന്ന അന്തരീക്ഷത്തില്‍- പ്രത്യക്ഷത്തില്‍ സാംസ്കാരിക വിപണിയില്‍ അത്ര ലാഭകരമല്ലാത്ത -വിഷയമായി മൂല്യസങ്കല്‍പ്പങ്ങളും സദാചാരശീലങ്ങളും പരിണമിച്ചു എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുതന്നെയാണ് ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നത്.
ഇവിടെ സദാചാരം, സംസ്കാരം തുടങ്ങിയ പദങ്ങളെ പൗരാണിക ഫാസിസ്റ്റ് മത ആത്മീയതയായി പരസ്യപ്പെടുത്തുകയും വിപണിവല്ക്കരിക്കുകയും ചെയ്യുന്ന സംഘടിതശ്രമങ്ങളെയും വിസ്മരിക്കുന്നില്ല. ‘മാനവികത’ എന്ന വാക്കിനപ്പുറം പരമ്പരാഗത ശീലങ്ങള്‍ മനുഷ്യനില്‍ സൃഷ്ടിക്കുന്ന സഹജമൂല്യങ്ങളെ നിഷേധിക്കുകയും ‘മൂല്യം’ എന്നത് ഭൗതികമായ മനുഷ്യാധ്വാനത്തിലൂടെയും ഉത്പന്ന-ഉപഭോഗ-വിനിമയ-ചൂഷണങ്ങളിലൂടെയും ഏറ്റവും ലാഭകരമായി സൃഷ്ടിക്കപ്പെടേണ്ട ഒന്നാണെന്നുമുള്ള നവീനാദര്ശവും വളര്‍ന്നു വന്നിരിക്കുന്നു.
നവീനവിമര്ശനത്തിലെ അപനിര്‍മ്മാണവും (കൃതിയുടെ നിഗൂഢതയെ ഉച്ഛാടനം ചെയ്യുക) സംസ്കാരപഠനവും (ബഹുസംസ്കാരികതയെ പഠിക്കുക) നവചരിത്രവാദവു (സാഹിത്യത്തില്‍നിന്ന് ചരിത്രം/ചരിത്രത്തില്‍നിന്ന് സാഹിത്യം) മൊക്കെ മൂലകൃതിയെ പുതിയ പാഠങ്ങളായി പുനഃസൃഷ്ടിക്കാറുണ്ട്. ഇതിഹാസങ്ങളോ അതുപോലെയുള്ള ബൃഹദാഖ്യാനങ്ങളോ ആണ് ഇത്തരം പാഠവിമര്ശനങ്ങള്ക്കു വിധേയമാവുക. അവിടെ അവതരിപ്പിക്കുന്ന ഇതിഹാസ കഥാപാത്രങ്ങളെ വിമര്‍ശകന്റെ വ്യക്തിതാല്പ്പര്യങ്ങള്ക്കനുസരിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുകയും, രചയിതാവിന്റെ ഉദ്ദേശലക്ഷ്യങ്ങളെ നിരൂപകന്റെ ധര്മ്മാവബോധത്തിന്റെ ന്യൂനതയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ‘ഇതിഹാസങ്ങള്‍ വായിച്ച് ഞങ്ങളെന്തിന് സമയം കളയണം’ എന്ന് ഒരു തലമുറ നമ്മോട് ചോദിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
രാമായണ സംബന്ധിയായ പുനര്‍വായനകളാണ് ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ളത്. പുരുഷോത്തമനായ ലോകാഭിരാമന്റെ നീതിശാസ്ത്രത്തെ, മാനവിക നീതിശാസ്ത്രത്തിന്റെ, അയുക്തികതയിലളക്കുന്ന അര്‍ത്ഥശൂന്യത, സര്‍ഗ്ഗാത്മകതയുടെ ഏത് അളവുകോല്‍ വച്ചാണ് അളക്കേണ്ടത്? എവിടെയെന്ന് കൃത്യമായി നിര്‍വചിക്കാനാകാത്ത കാലഘട്ടത്തിന്റെ ഉദാസീനതയില്‍ നാമെല്ലാം പ്രതിക്കൂട്ടിലാണ്. ലോകസംസ്കാരത്തിന് ഭാരതം നല്കിയ മികച്ച ‘സര്‍വകലാശാല’കളായിരുന്നു നമ്മുടെ ബൃഹദാഖ്യാനങ്ങള്‍. അവിടെനിന്ന് നമുക്കു കിട്ടിയ ഓരോ ശീലങ്ങള്‍ക്കും മൂല്യമുണ്ടായിരുന്നു. ഇന്നോ, വ്യാജസര്‍ട്ടിഫിക്കറ്റുകളാണ് നമ്മുടെ വ്യാജശീലങ്ങള്ക്കു കിട്ടുക.
വിവരസാങ്കേതികവിദ്യയുടെ നവലോകം
- പ്രാദേശികവും ദേശീയവുമായ സ്വത്വമുദ്രകളെ സൈബര്‍ യുഗം അപ്രസക്തമാക്കുന്നു.
- മനുഷ്യസത്ത വെറും മെയില്‍ ഐഡികളില്‍ ഒതുങ്ങുന്നു.
- കുടുംബബന്ധങ്ങളില്‍ മാത്രമല്ല മനുഷ്യബന്ധങ്ങളിലും സംഭവിക്കുന്ന ശൈഥില്യം.
- ലക്ഷ്യബോധവും മൂല്യബോധവും ശരിയായ ആസൂത്രണവുമില്ലാത്ത വിദ്യാഭ്യാസം.
- പരമ്പരാഗത തൊഴിലുകള്‍ക്കു നേരിട്ട ഭീഷണികള്‍.
- മാനസികവും സാമൂഹികവുമായി ഒറ്റപ്പെട്ട തലമുറയുടെ ഭൗതികമായ ആസക്തികള്‍.
- സാങ്കേതിക മുതലാളിത്തം (Techno Capitalism) നിര്‍ണയിക്കുന്ന സാങ്കേതിക സംസ്കാരത്തില്‍ (Techno Culture) ജാതിചിന്ത പ്രബലമാകുന്നതും ഭൗതികലാഭങ്ങള്ക്കു വേണ്ടി ജാതിനാമങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ.
- കുടുംബം എന്ന സംവിധാനത്തോടുള്ള നിഷേധാത്മക മനോഭാവം.
- സാമൂഹികമാധ്യമങ്ങളോടുള്ള അനിയന്ത്രിതമായ അടിമത്തം.
- ശരീരത്തെ വിപണിവത്കരിക്കുന്നതിലുള്ള അതിവൈയക്തിക മനോഭാവം.
- സത്യം-പ്രതീതിലോകത്തെ യാഥാര്‍ത്ഥ്യം മാത്രമാകുന്ന കാലം.
- അസത്യങ്ങള്‍ക്ക് (Post Truth) പ്രാമുഖ്യം വന്ന കാലം
- ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ തുല്യ അവകാശപ്രഖ്യാപനങ്ങള്‍
LGBTIAQ എന്നാണ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ അറിയപ്പെടുന്നത്.(L-ലെസ്ബിയന്‍ (സ്വവര്ഗ്ഗപ്രണയിനി), G- ഗേ (സ്വവര്‍ഗ്ഗ പ്രണയി), B-ബൈസെക്ഷ്വല്‍(ഉഭയവര്‍ഗപ്രണയി), T-ട്രാന്സ്ജെന്റര് (ഭിന്നലിംഗര്‍), I-ഇന്റര്‍സെക്സ് (മിശ്രലിംഗം), A-അസെക്ഷ്വല്‍ (അലൈംഗികര്‍), H-ഹിജഡ, Q-ക്വിയര്‍) - സാഹിത്യത്തിലെ വികേന്ദീകൃത വാദങ്ങളുടെ ധാരാളിത്തം (ദളിത്, പരിസ്ഥിതി പെണ്ണെഴുത്ത് മാധ്യമ-സൈബര്‍ എഴുത്തുകള്‍, എഴുത്തുകാരുടെ രാഷ്ട്രീയ ചേരികള്‍-ഇനിയിപ്പോള്‍ ആണ്/പെണ് എഴുത്തുകളുടെ സ്ഥാനം അപ്രസക്തമാകും).
- നിര്‍മ്മിതബുദ്ധിയുടെ കാലം
ഇങ്ങനെ ഇന്നത്തെ മലയാളിയുടെ അഭിരുചിയെയും ലോകബോധത്തെയും സദാചാരസങ്കല്പ്പത്തെയും തകര്‍ക്കുന്ന പുരോഗമന പ്രത്യയശാസ്ത്രങ്ങള്‍ അരാജകത്വത്തിന്റെ കാടത്തങ്ങളിലേക്ക് ഇനിയുള്ള ചരിത്രമെഴുതുകയാണ്. പ്രബുദ്ധത എന്ന വാക്കു പോലും ബുദ്ധിജീവി നാട്യമായ ഇന്നത്തെ സാംസ്കാരികാന്തരീക്ഷത്തില്‍ പ്രബുദ്ധ വീക്ഷണങ്ങള്‍ വികലവും ദുര്‍ബലവുമായി അധഃപതിക്കുന്നു.
സ്വയം സംസ്ക്കരണത്തിന്റെ പാഠശാലകള്‍
വ്യക്തിതന്നെ സ്വയം സര്‍വകലാശാലയായി തീരുന്ന ആര്‍ഷജ്ഞാനത്തിന്റെ അനുഭവ പരമ്പരയെ തിരിച്ചറിയാന്‍ ആദ്യം വേണ്ടത് സ്വയം സംസ്ക്കരണമാണ്.
മനുഷ്യബുദ്ധിയും-നിര്‍മ്മിതബുദ്ധിയും പരിമിതമാണെന്ന് ബോധ്യപ്പെടുകയും ആദ്ധ്യാത്മികതയുടെ പ്രാധാന്യം മനസ്സിലാവുകയും ചെയ്യുന്ന ഒരു സര്‍ഗ്ഗാത്മക ന്യൂനപക്ഷം രൂപപ്പെടുകയും സമൂഹത്തെ നയിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ മനുഷ്യരാശിയുടെ പരിണാമത്തില്‍ ഗുണപരമായ മാറ്റം വരൂ.
വ്യക്തി-കുടുംബം-രാഷ്ട്രം എന്നീ സമഷ്ടികളുടെ പ്രാധാന്യം കുറച്ചു കാണുകയും ഭൗതികവാദമാണ് അത്യന്തിക സത്യമെന്നും ജീവിതത്തിന്റെ മുഖ്യമായ പ്രചോദനം ഭൗതിക ഘടകങ്ങളാണെന്നുമുള്ള വിചാരത്തിനു പകരം ആത്മീയമൂല്യങ്ങളാണ് രാജ്യചരിത്രത്തിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്നത് എന്ന തിരിച്ചറിവാണ് വ്യക്തിക്കും സമൂഹത്തിനുമുണ്ടാകേണ്ടത് എന്ന ‘അരവിന്ദദര്‍ശനം’ തന്നെയാണ് ‘സദാചാരശതക’ത്തിന്റെ അന്നത്തെയും ഇന്നത്തെയും അളവുകോല്‍.
കേരളത്തെ സംബന്ധിച്ച് സാമൂഹിക സദാചാരം, സാംസ്കാരിക സദാചാരം, സാമുദായികസദാചാരം, രാഷ്ട്രീയസദാചാരം, മാധ്യമസദാചാരം എന്നിങ്ങനെ സദാചാരസങ്കല്പ്പത്തിന്റെ വിനിമയസാധ്യതകള്‍ സമൂഹഘടനയുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുമാരനാശാന്റെ ‘സദാചാരശതക’ത്തിലെ മാനവികമൂല്യങ്ങളുടെ അധുനാധുന പ്രസക്തി ഇത്തരത്തിലാണ് ചര്‍ച്ച ചെയ്യേണ്ടത്. ‘മൂല്യങ്ങള്‍’ സദാ കാലാതിവര്ത്തിയാണെന്നിരിക്കെ ‘സനാതന ധര്‍മ്മ’ത്തിലെ ശാശ്വത മൂല്യങ്ങളെയല്ല കാലത്തിനനുസരിച്ച് നമ്മേ തന്നെയാണ് നാം പുനര്സൃഷ്ടിക്കേണ്ടത്. പുനര്‍വായിക്കേണ്ടത് കൃതികളെയല്ല, നമ്മിലെ നമ്മേത്തന്നെയാണ് എന്ന തിരിച്ചറിവിലേക്കാണ് നാമോരോരുത്തരും എത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: