പത്തുവര്‍ഷത്തിനിടെ കണ്ട അത്ഭുത രാഷ്‌ട്രീയ കാഴ്ചകളിലൊന്നായിരുന്നു രാജ്യതലസ്ഥാനത്തെ ആംആദ്മി പാര്‍ട്ടിയുടെ ഉദയം. ജൂലിയസ് സീസറിന്റെ പ്രശസ്തമായ വാചകങ്ങളായ വന്നു, കണ്ടു, കീഴടക്കി എന്ന മട്ടിലായിരുന്നു ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നടത്തിയ രാഷ്‌ട്രീയ തേരോട്ടം. അഴിമതി നിറഞ്ഞ രാഷ്‌ട്രീയ രംഗത്തെ ശുദ്ധീകരിക്കുമെന്ന് അവകാശപ്പെട്ട് ജനങ്ങളെ കൂടെനിര്‍ത്തി അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളും ഇന്ന് അധഃപ്പതനത്തിന്റെ പടുകുഴിയിലാണ്. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച കെജ്‌രിവാള്‍ ശതകോടികളുടെ മദ്യനയ അഴിമതിക്കേസില്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവുകയാണ്. മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റുചെയ്താല്‍ രാജിയുണ്ടാവുമോ, പുതിയ മുഖ്യമന്ത്രി വരുമോ, ആപ്പിന്റെ ഗതിയെന്ത്, തുടങ്ങിയ ചോദ്യങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് ദല്‍ഹിയുടെ രാഷ്‌ട്രീയരംഗം.
കീഴ്‌ക്കോടതി മുതല്‍ സുപ്രീംകോടതി വരെ പോയിട്ടും ജാമ്യം കിട്ടാതെ മാസങ്ങളായി ജയിലില്‍ കഴിയുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഗതി തന്നെയാണ് അരവിന്ദ് കെജ്‌രിവാളിനെയും കാത്തിരിക്കുന്നതെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. 338 കോടി രൂപ മദ്യനയക്കേസില്‍ കൈമാറിയതിന് ശക്തമായ തെളിവുകളുണ്ടെന്ന സുപ്രീംകോടതിയുടെ വിലയിരുത്തല്‍ ആപ്പിന്റെ പെട്ടിയിലെ അവസാന ആണിയായി മാറുന്നു. ഇതേ കേസില്‍ കെജ്‌രിവാളിനെ ഇ ഡി അറസ്റ്റുചെയ്താല്‍ അതു ദല്‍ഹി രാഷ്‌ട്രീയത്തെ തന്നെ മാറ്റിമറിക്കും. കാരണം മദ്യനയം എന്നല്ല, ദല്‍ഹി സര്‍ക്കാരില്‍ എന്തു തന്നെ തീരുമാനങ്ങളുണ്ടായാലും അതെല്ലാം കെജ്‌രിവാള്‍ തന്നെയാണ് എടുക്കുന്നതെന്ന് ഏവര്‍ക്കുമറിയാം. കെജ്‌രിവാള്‍ തന്നെയാണ് പാര്‍ട്ടി, കെജ്‌രിവാള്‍ തന്നെയാണ് സര്‍ക്കാര്‍. മദ്യനയത്തില്‍ അഴിമതിയുണ്ടെന്ന് കോടതി പറയുമ്പോള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ കെജ്‌രിവാള്‍ തന്നെയാണ് മറുപടി പറയേണ്ടതും. ഇരവാദം പറഞ്ഞ് ഇനി പിടിച്ചുനില്‍ക്കാനാവില്ല.
ആപ്പിന്റെ വരവ്
രണ്ടാം യുപിഎ സര്‍ക്കാരിന്റെ ശതകോടികളുടെ അഴിമതി വാര്‍ത്തകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരുന്ന 2012-13 കാലത്ത് ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദല്‍ഹിയിലെ ജനങ്ങളെ വലിയ തോതില്‍ സ്വാധീനിച്ചു. അണ്ണാ ഹസാരെ ഉയര്‍ത്തിവിട്ട അഴിമതി വിരുദ്ധ കൊടുങ്കാറ്റ് കൊയ്യാനാണ് റവന്യൂ സര്‍വ്വീസ് ഉപേക്ഷിച്ച് അരവിന്ദ് കെജ്‌രിവാള്‍ 2012ല്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത്. കേവലം ഒരു കൊല്ലം മുമ്പ് മാത്രം രൂപീകരിച്ച ഒരു പാര്‍ട്ടി 2013 ഡിസംബറില്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയത് 28 സീറ്റുകളാണ്. തലയില്‍ വെള്ള തൊപ്പിയും കൈകളില്‍ ചൂലുമേന്തി രാഷ്‌ട്രീയ രംഗത്തെ ശുദ്ധീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അസംഘടിത ജനക്കൂട്ടത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ അണിനിരന്നു. അങ്ങനെ ആംആദ്മി പാര്‍ട്ടി ദല്‍ഹിക്കാരുടെ രോഷത്തിന്റെ പ്രതീകമായി. അഴിമതികള്‍ കണ്ടുമടുത്ത, ഭരണസിരാകേന്ദ്രത്തിന് ചുറ്റുമുള്ള ജനങ്ങള്‍ക്ക് ആശയും ആവേശവുമായി ആപ്പ് നേതാക്കള്‍ മാറി. കോണ്‍ഗ്രസിനെതിരായ ജനരോഷം അത്രയേറെ ഉയര്‍ത്തി രാഷ്‌ട്രീയ രംഗത്തേക്കെത്തിയ ആപ്പ്, പക്ഷേ അധികാര രാഷ്‌ട്രീയം തന്നെയാണ് തങ്ങളുടേയും ലക്ഷ്യമെന്ന് അതിവേഗത്തില്‍ തെളിയിച്ചു. 2013ല്‍ ആരുടെ അഴിമതിക്കെതിരായി പ്രചാരണം നടത്തിയാണോ 28 എംഎല്‍എമാരെ വിജയിപ്പിച്ചത്, അതേ പാര്‍ട്ടിയുടെ പിന്തുണയോടുകൂടി കെജ്‌രിവാള്‍ ദല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആംആദ്മി പാര്‍ട്ടിയെ തുടക്കത്തില്‍ തന്നെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി. 49 ദിവസങ്ങള്‍ക്കു ശേഷം സഭ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് രാജിനല്‍കി കെജ്‌രിവാള്‍ മുഖ്യമന്ത്രിപദം ഉപേക്ഷിച്ചത് കൂടുതല്‍ ശക്തമായ രാഷ്‌ട്രീയ വിജയം തേടിയായിരുന്നു. 2015 ഫെബ്രുവരിയില്‍ 70 സീറ്റില്‍ 67 സീറ്റുകളില്‍ വമ്പന്‍ വിജയം നേടിയായിരുന്നു കെജ്‌രിവാളിന്റെ മടങ്ങിവരവ്. 2020ലും സമാനവിജയം ആപ്പും കെജ്‌രിവാളും ആവര്‍ത്തിച്ചു. 70ല്‍ 62 സീറ്റുകളിലായിരുന്നു ആപ്പിന്റെ വിജയം. 2014ലും 2019ലും ദല്‍ഹിയിലെ മുഴുവന്‍ ലോക്സഭാ സീറ്റുകളിലും നാലും അഞ്ചും ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമ്പോഴും സംസ്ഥാന ഭരണം ജനങ്ങള്‍ ആംആദ്മികള്‍ക്ക് നല്‍കിക്കൊണ്ടിരുന്നു. സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം തുടങ്ങിയ പദ്ധതികളും അഴിമതി വിരുദ്ധ പ്രതിച്ഛായയും ജനങ്ങളെ ആകര്‍ഷിച്ചതിന്റെ പ്രതിഫലനമായിരുന്നു നിയമസഭാ വിജയങ്ങള്‍.
വന്‍ വീഴ്കള്‍
എന്നാല്‍ സൗജന്യങ്ങള്‍ വാരിക്കോരി കൊടുക്കുമ്പോഴും ദല്‍ഹിയിലെ ഭരണം വന്‍ ദുരന്തമായി മാറിക്കൊണ്ടിരുന്നു. ദല്‍ഹിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ നല്ല ഭരണം കാഴ്ചവെയ്‌ക്കാനോ അരവിന്ദ് കെജ്‌രിവാളിനും കൂട്ടര്‍ക്കും സാധിച്ചില്ല. അഴിമതിക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ പതിയെ സ്വാധീനിച്ചു തുടങ്ങി. ജനങ്ങള്‍ നല്‍കുന്ന വലിയ പിന്തുണയില്‍ മതിമറന്ന് കെജ്‌രിവാളും കൂട്ടരും കോടികള്‍ വാരിക്കൂട്ടി. വിവിധ സംസ്ഥാനങ്ങളില്‍ കോടിക്കണക്കിന് രൂപ മുടക്കി സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കി മത്സരിപ്പിക്കാന്‍ ആപ്പിന് പണം വേണമായിരുന്നു. അവസാനം നടന്ന ഗുജറാത്ത്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി വന്‍തോതില്‍ പണം ആവശ്യമായി വന്നതോടെയാണ് മദ്യക്കമ്പനികള്‍ക്കുവേണ്ടി മദ്യനയത്തില്‍ മാറ്റം കൊണ്ടുവരാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. മദ്യവിതരണക്കാരുടെ കമ്മീഷന്‍ അഞ്ചു ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചതു വഴി 338 കോടി രൂപയുടെ ലാഭം വിതരണക്കാര്‍ക്കുണ്ടായതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നയംമാറ്റം മൂലം ഇത്ര വലിയ ലാഭം മദ്യവിതരണക്കാര്‍ക്കുണ്ടായത് അഴിമതിയുടെ തെളിവായി സുപ്രീംകോടതിയും കണക്കിലെടുത്തു. നൂറു കോടി രൂപ മനീഷ് സിസോദിയയ്‌ക്ക് ലഭിച്ചതായും 45 കോടി രൂപ ഹവാല ഇടപാടായി ഗോവ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ആപ്പിന് ലഭിച്ചതായും അന്വേഷണ സംഘങ്ങള്‍ കണ്ടെത്തി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാസങ്ങളായി ജയിലിലാണ്. അവരുടെ ശക്തനായ നേതാവായ രാജ്യസഭാംഗം സഞ്ജയ് സിങും ജയിലില്‍ തന്നെ.
ആപ്പിന്റെ മൊഹാലി എംഎല്‍എ കുല്‍വന്ത് സിങിലേക്ക് ഇ ഡി റെയ്ഡുകള്‍ വ്യാപിപ്പിക്കുകയാണ്. മദ്യനയക്കേസിലെ പണം കുല്‍വന്ത് സിങ് വഴിയാണ് ആപ്പുകാര്‍ വെളുപ്പിച്ചതെന്നാണ് കണ്ടെത്തല്‍. 238 കോടി രൂപയുടെ വെളിപ്പെടുത്തിയ ആസ്തിയുള്ള എംഎല്‍എയാണ് കുല്‍വന്ത്സിങ്. 2013ല്‍ നിന്ന് 2020ലേക്ക് എത്തുമ്പോള്‍ ദല്‍ഹിയിലെ ആപ്പ് എംഎല്‍എമാരിലും ഭൂരിപക്ഷവും കോടിപതികളാണ്. പഞ്ചാബില്‍ അധികാരത്തിലെത്താന്‍ ആപ്പിനെ സഹായിച്ചത് ശതകോടീശ്വരന്മാരുടെ സാന്നിധ്യം ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ പാര്‍ട്ടി എന്നതില്‍ നിന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്ര്യമായ രീതിയിലേക്ക് ആപ്പ് വളര്‍ന്നതോടെ അവരുടെ പതനവും ആരംഭിച്ചു. അഴിമതിക്കെതിരെ ആരംഭിച്ച രാഷ്‌ട്രീയ പാര്‍ട്ടി അഴിമതിക്കേസില്‍ അവസാനിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മദ്യപിച്ചു ലക്കുകെട്ട് നടക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാസങ്ങളായി തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി സത്യേന്ദ്ര ജയിനും അടക്കം ആംആദ്മി പാര്‍ട്ടി സമൂഹത്തിന് നല്‍കുന്ന സന്ദേശം തകര്‍ച്ചയുടേതാണ്. സഞ്ജയ് സിങും മനീഷ് സിസോദിയയും ജാമ്യത്തിനു പോലും അര്‍ഹരല്ലെന്ന് രാജ്യത്തെ കോടതികള്‍ വ്യക്തമാക്കുമ്പോള്‍ ഇവരെയെല്ലാം നിയന്ത്രിക്കുന്ന സര്‍വ്വശക്തനായ അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്‌ട്രീയ അധപതനം എത്ര വലുതാണ്. രാജ്യത്തോട് കള്ളം പറഞ്ഞ് അധികാരത്തിലേറി, ഒടുവില്‍ നാണംകെട്ടിറങ്ങിപ്പോവേണ്ട അവസ്ഥയിലേക്ക് കെജ്രിവാള്‍ എത്തിക്കഴിഞ്ഞു.
കെജ്‌രിവാളിന്റെ ഭാവി
മുഖ്യമന്ത്രിമാരായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖര്‍ ബീഹാറിലെ ലാലുപ്രസാദ് യാദവും തമിഴ്നാട്ടിലെ ജയലളിതയുമാണ്. ലാലു പ്രസാദ് റാബ്രി ദേവിയെ പാവമുഖ്യമന്ത്രിയാക്കി ഭരണം തുടര്‍ന്നു. ജയലളിത ഒ.പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി ഭരിച്ചു. സമാന രീതിയില്‍ കെജ്‌രിവാള്‍ ജയിലിലേക്ക് പോയാല്‍ ദല്‍ഹിയിലെ പുതിയ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ രാജ്യതലസ്ഥാനത്ത് സജീവമാകുകയാണ്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും കെജ്‌രിവാളിന്റെ അനുയായിയുമായ ആതിഷി മര്‍ലേന മുഖ്യമന്ത്രിയാവുമോ അതോ മുന്‍ ഐആര്‍എസുകാരിയായ സ്വന്തം ഭാര്യ സുനിത കെജ്‌രിവാളിനെ മുഖ്യമന്ത്രി പദം ഏല്‍പ്പിക്കുമോ എന്നതൊക്കെ കണ്ടറിഞ്ഞു തന്നെ കാണാം. മുഖ്യമന്ത്രി ജയിലില്‍ പോയാല്‍ ദല്‍ഹി സര്‍ക്കാര്‍ ജയിലില്‍ നിന്നും പ്രവര്‍ത്തിക്കുമെന്നൊക്കെയാണ് ആപ്പ് നേതാക്കളുടെ പ്രതികരണങ്ങള്‍. തികച്ചും കെജ്‌രിവാളിന്റെ കുടുംബസ്വത്തായി അധഃപ്പതിച്ച ആംആദ്മി പാര്‍ട്ടിയില്‍ എന്തും സംഭവിക്കാവുന്ന നാളുകള്‍ തന്നെയാണ് വരാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: