ഗാസ: ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വിദേശ പാസ്പോര്‍ട്ടുകളുള്ള മൂന്ന് പേര് ഉള്‍പ്പെടെ ഏഴ് ബന്ദികള്‍ കൂടി മരിച്ചതായി ഹമാസിന്റെ സായുധ വിഭാഗമായ അല്‍-ഖസാം ബ്രിഗേഡ്സ് അറിയിച്ചു.
ഒക്ടോബര്‍ 7 ന് ഹമാസ് 240 ഓളം പേരെ ബന്ദികളാക്കിയിരുന്നു. ഇസ്രായേല്‍ നഗരങ്ങളില്‍ അതിക്രമിച്ച് കയറി സ്ത്രീകളും കുട്ടികളുമടക്കം 1400 പേരെ കൊലപ്പെടുത്തുകയും ചെയ്തു. രണ്ട് അമേരിക്കന്‍ പൗരന്മാരുള്പ്പെടെ നാല് സാധാരണക്കാരെ ഇതിനകം സംഘം മോചിപ്പിച്ചു. ഹമാസിന്റെ തടവില്‍ നിന്ന് ഒരു സൈനികനെ ഇസ്രായേല്‍ സൈന്യം രക്ഷപ്പെടുത്തി.
വ്യോമാക്രമണത്തിലൂടെ ഹമാസ് കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍ ബുധനാഴ്ച അവകാശപ്പെട്ടു. എന്നാല്‍, തങ്ങളുടെ സൈനിക മേധാവികളാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ് പറഞ്ഞു. ആക്രമണത്തില്‍ 50 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പലസ്തീന് അധികൃതര്‍ വെളിപ്പെടുത്തി.
ചൊവ്വാഴ്ച കരയുദ്ധത്തില്‍ 11 സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.
വാര്‍ത്താവിനിമയ സേവനങ്ങളും ഇന്റര്‍നെറ്റ് സേവനങ്ങളും ബുധനാഴ്ച വിച്ഛേദിച്ചതായി പാലസ്തീന് ടെലികമ്മ്യൂണിക്കേഷന്‍ പ്രൊവൈഡര്‍ പാല്‍ടെല്‍ അറിയിച്ചു.ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 3542 കുട്ടികള്‍ ഉള്‍പ്പെടെ 8500 പാലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: