വാര്‍ഡ് കൗണ്‍സിലര്‍ തിരക്കിട്ട് നന്നേ കാലത്ത് വീട്ടിലേക്ക് വരുന്നതു കണ്ടപ്പോള്‍ ഞാന്‍ അമ്പരക്കുകയായിരുന്നു. അയാള്‍ക്ക് എന്നെ അറിയിക്കാന്‍ എന്തോ ഒരു കാര്യമുണ്ട്. ഒഴിവുദിവസമായതുകൊണ്ട് മറ്റെങ്ങും പോകുവാനില്ലാത്തതുകാരണം എങ്ങനെ ചെലവഴിക്കണമെന്ന് പുലര്‍ച്ചെ ഉണര്‍ന്നപ്പോള്‍ തൊട്ട് ഞാന്‍ ആലോചിക്കുകയായിരുന്നു. ചെയ്യാനാണെങ്കില്‍ വീട്ടില്‍ ഒരുപാട് ജോലികളുമുണ്ട്. വീടിനുള്ളിലെ പലതും അലങ്കോലപ്പെട്ടു കിടക്കുകയാണ്. സമയം കിട്ടുമ്പോള്‍ അവയൊക്കെ ശരിയായ വിധത്തില്‍ ഒതുക്കി വയ്‌ക്കണമെന്ന് പലനാളായി ഏലോചിക്കുകയായിരുന്നു. എന്നാല്‍അതൊന്നും ചെയ്യാന്‍ തോന്നുന്നതേയില്ല. കയ്യില്‍ കിട്ടുന്നതെല്ലാം വായിച്ചും ടിവി കണ്ടും സമയം പോകും. പിന്നെ രാത്രിയാകുമ്പോഴാണ്, ഓ ഇതൊന്നും ചെയ്തില്ലല്ലോ എന്ന ചിന്തയിലേക്കെത്തുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ വരുമ്പോഴും ഞാന്‍ അത്തരമൊരു ചിന്തയിലായിരുന്നു. ഇന്ന് എന്തെങ്കിലും ചെയ്‌തേ പറ്റു.
കൗണ്‍സിലര്‍ വളരെ തിടുക്കത്തില്‍ എന്റെ അടുത്തേക്ക് വന്നു. തോളത്ത് അമര്‍ത്തി പിടിച്ചു.
”ഗോപിനാഥിന്റെ കാര്യം കഷ്ടമായി-”
ഗോപിനാഥ് ഞങ്ങളുടെ മറ്റൊരു സുഹൃത്താണ്. ഏറെനാള്‍ ഗള്‍ഫില്‍ ജോലി ചെയ്തതിനുശേഷം നാട്ടില്‍ തിരികെ എത്തി സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അയാള്‍ തുടങ്ങിയ എന്തെല്ലാമോ സംരംഭം ഗള്‍ഫിലുള്ളതുകൊണ്ട് എല്ലാവര്‍ഷവും കൃത്യമായി ഗള്‍ഫിലേക്ക് പോകും. ഒരു മാസം അവിടെ തങ്ങിയതിനുശേഷം തിരിച്ചു വരികയും ചെയ്യും. കൂടുതല്‍ കാര്യങ്ങളൊന്നും ഞങ്ങള്‍ക്കറിയില്ല. വളരെ ചിട്ടയോടെയുള്ള ജീവിതം ആയതുകൊണ്ട് നാട്ടില്‍ അത്രവലിയ സൗകര്യങ്ങളൊന്നും ഗോപിനാഥിനില്ല. അയാളുടെഏറ്റവും വല്യ കൂട്ടുകാരന്‍ അയാളുടെ ഭാര്യയാണെന്ന് ഞങ്ങള്‍ തമാശയോടെ പറയാറുണ്ട്.
ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം ഒരുരീതിയില്‍ നാട്ടിലെല്ലാവര്‍ക്കും മാതൃകയാവുകയായിരുന്നു. ഭാര്യയോടൊപ്പമാണ് ഗോപിനാഥ് പലപ്പോഴും പുറത്തു പോകാറുള്ളത്. തനിച്ച് പുറത്ത് പോകുമ്പോഴൊക്കെ, ‘പാറൂ, ഞാന്‍ പോയിട്ടു വരാ’മെന്നു പറയാറുണ്ട്. വീടിന്റെ മുകള്‍ നിലയില്‍ പോകുമ്പോള്‍ പോലും ‘പാറൂ, ഞാന്‍ മുകളില്‍ പോയിട്ടുവരാ’മെന്നു ഭാര്യയോട് പറയുമെന്ന് ഞങ്ങള്‍ സ്വകാര്യമായി കളിയാക്കാറുണ്ട്.
ഭാര്യയോട് പറയാത്ത ഒരു കാര്യവും ഗോപിനാഥിനില്ലെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. കുടുംബനാഥനെന്ന നിലയില്‍ ഗോപിനാഥ് ഞങ്ങള്‍ക്കൊരു മാതൃകയായിരുന്നു. ഗോപിനാഥും ഭാര്യയും മാതൃകാ ദമ്പതികളാണെന്നും ഞങ്ങള്‍ സ്വകാര്യമായി വിശേഷിപ്പിക്കാറുമുണ്ട്. ഗോപിനാഥിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം വോളീബോളും ഫോട്ടൊ എടുപ്പുമായിരുന്നു. ചെറുപ്പത്തിലേ വോളീബോള്‍ കളിച്ച് പലയിടത്തു നിന്നും കപ്പുകളും സര്‍ട്ടിഫിക്കറ്റുകളും അയാള്‍ സമ്പാദിച്ചിട്ടുണ്ട്. അവയൊക്കെ വീട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. കുട്ടിക്കാലം തൊട്ട് എടുത്ത ഫോട്ടോകള്‍ വലിയ ആല്‍ബങ്ങള്‍ ആക്കി വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. അത്തരത്തില്‍ ധാരാളം പ്രത്യേകതകളുള്ള ഒരു സുഹൃത്താണ് ഗോപിനാഥ്.
അയാള്‍ക്കെന്തുപറ്റി?
”അയാള്‍ പോയി.?”
അതുകേട്ടപാടെ ഞാന്‍ ഉറക്കത്തിന്റ മയക്കം വിട്ട് ചാടിഎഴുന്നേറ്റു. കൗണ്‍സിലറെ പിടിച്ച് ഞെക്കി. ”ഗോപിനാഥ് ഗള്‍ഫില്‍ പോയിട്ട് രണ്ടാഴ്ചയല്ലെ ആയിട്ടുള്ളു.”
”ഗോപിനാഥിന് എന്താണ് പറ്റിയത്?”
മറ്റെങ്ങോനോക്കികൊണ്ട് അയാള്‍ പറഞ്ഞു, ”ഗോപിനാഥ് പോയി ഇന്നലെ. കൊളമ്പില്‍ വച്ച്. അവിടെയുള്ള അയാളുടെ മകനാണ് എന്നോട് വിളിച്ചു പറഞ്ഞത്.”
ഞാനപ്പോഴും വലിയ ആശയകുഴപ്പത്തില്‍ തന്നെയായിരുന്നു. ഗള്‍ഫിലേക്കുപോയ ഗോപിനാഥ് എങ്ങനെയാണ് ശ്രീലങ്കയിലേക്ക് എത്തിയത്. അയാള്‍ക്ക് അവിടെ ഒരു മകന്‍ ഉണ്ടെന്നത് വിശ്വസിക്കാനേ കഴിയുന്നില്ല. എന്റെ ആശയകുഴപ്പം മനസ്സിലാക്കിയിട്ടെന്നോണം കൗണ്‍സിലര്‍ പറഞ്ഞു.
”നമ്മളതു വിശ്വസിച്ചേ പറ്റു. ഇന്നലെ കൊളമ്പില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ സ്വയം പരിചയപ്പെടുത്തികൊണ്ട് എല്ലാം പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഗോപിനാഥ് എല്ലാ വര്‍ഷവും ഗള്‍ഫില്‍ പോകുമെന്ന് നമ്മോടു പറഞ്ഞത് വലിയ ഒരു കളവായിരുന്നു. അയാള്‍ പോയിരുന്നത് ശ്രീലങ്കയിലേക്കായിരുന്നു. കൊളമ്പില്‍ ഭാര്യയും മകനും അയാള്‍ക്കുണ്ട്. ഗോപിനാഥിന് ഗള്‍ഫില്‍ നിന്നുണ്ടായ ബന്ധമാണ്. അയാള്‍ നാട്ടിലേക്ക് വന്നപ്പോള്‍ അവിടത്തെ സിംഹളക്കാരിയായ ഭാര്യ ശ്രീലങ്കയിലേക്കും പോയി. അവരുടെ മകന്‍ അവിടെ ഡോക്ടറാണ്. ഗോപിനാഥിന് പെട്ടന്ന് അസുഖം വന്നപ്പോള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് അയാള്‍ മരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് നാട്ടിലെ സുഹൃത്തുക്കളുടെ നമ്പരൊക്കെ മകനു കൊടുത്തിരുന്നു. വിളിച്ചറിയിക്കാനും പറഞ്ഞു. അങ്ങനെയാണ് മകന്‍ എന്നെ വിവരംഅറിയിക്കുന്നത്.”
ഇനി എന്താണ് ചെയ്യേണ്ടതെന്ന ആലോചനയിലായിരുന്നു ഞങ്ങള്‍. ഗോപിനാഥിന്റെ കുടുംബക്കാരെ എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടത്. അയാളുടെ ഭാര്യക്ക് ഒരിക്കല്‍ പോലും വിശ്വസിക്കാന്‍ കഴിയാത്തതും അതേസമയം താങ്ങാന്‍ കഴിയാത്തതും ഒന്നായിരിക്കും ഈ ദുരന്തം. അവരും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഏറെക്കുറേ ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. ഭര്‍ത്താവിന്റെ നിഴല്‍പ്പറ്റി നടക്കുന്ന ഭാര്യ എന്നൊരു ചിത്രമാണ് ഞങ്ങള്‍ക്കവരെക്കുറിച്ചുള്ളത്. ഭര്‍ത്താവിന്റെ അകാല വേര്‍പാട് അവരെ അറിയിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യേണ്ടിയുമിരിക്കുന്നു. മൃതദേഹം കൊണ്ടുവരാനുള്ള ചെലവുകള്‍ വഹിച്ചാല്‍ അത് എത്തിച്ചു തരാമെന്നും ശ്രീലങ്കയില്‍ നിന്നും അറിയിച്ചിട്ടുണ്ട്. അതല്ലങ്കില്‍ അത് അവിടെ തന്നെ സംസ്‌ക്കരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യും.
ഞങ്ങള്‍ ഗോപിനാഥിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ മുറ്റത്തും ഉമ്മറത്തുമായി അളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതാണു കണ്ടത്. എല്ലാവരും വിവരം അറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഗോപിനാഥിന്റെ ഭാര്യയെ എങ്ങനെയാണ് അഭിമുഖീകരിക്കുക എന്ന വിഷമത്തിലായിരുന്നു ഞങ്ങള്‍. അവര്‍അകത്തേ മുറിയില്‍ കമിഴ്ന്ന് കിടപ്പായിരുന്നു. മുറ്റത്തും കോലായിലും കൂടി നില്‍ക്കുന്നവരൊക്ക പരസ്പരം രഹസ്യമായി ആരാഞ്ഞത്, ഗോപിനാഥിന്റെ ശ്രീലങ്കന്‍ യാത്രയെക്കുറിച്ചായിരുന്നു. അയാളുടെ മരണം ഞെട്ടല്‍ ഉണ്ടാക്കിയെങ്കിലും അതിനേക്കാള്‍ ഏറെ തമാശയോടെ അമര്‍ത്തിപ്പിടിച്ച് പറയാനുള്ള ഒരു വിഷയമായി മാറിയിരിക്കുന്നു.
മൂന്നാമത്തെ ദിവസം ഗോപിനാഥിന്റെ മൃതദദേഹം വീട്ടിലെത്തുമ്പോഴും ഞങ്ങളുടെ ഉത്കണ്ഠ അയാളുടെ ഭാര്യയെക്കുറിച്ച് തന്നെയായിരുന്നു. അവര്‍ എങ്ങനെയായിരിക്കും മൃതദേഹം സ്വീകരിക്കുക?. പെട്ടി തുറന്ന് മൃതദേഹം പുറത്തെടുത്ത് കിടത്തി. പിന്നെ അന്ത്യ കര്‍മ്മങ്ങള്‍ക്കൊടുവില്‍, അവസാനത്തെ ചടങ്ങുകള്‍ നടത്തുവാന്‍ ഓരോരുത്തരെയായി വിളിച്ചു. ആദ്യം എത്തിയത് ഗോപിനാഥിന്റെ ഭാര്യയായിരുന്നു. അവര്‍ മൃതദേഹത്തില്‍ കമഴ്ന്നു വീണ്, ആര്‍ത്തലച്ച് കരയുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ മരിച്ച ഭര്‍ത്താവിന്റെ മുഖത്തേക്ക് തെല്ലുന്നേരം തറപ്പിച്ചൊന്നു നോക്കിയതിനു ശേഷം മുഖത്തേക്ക് വീണു അമര്‍ത്തി പിടിച്ച് വിതുമ്പി കരഞ്ഞു. എന്നിട്ട് പറഞ്ഞു, ”എന്നെ ചതിച്ചല്ലോ നിങ്ങള്‍.”
മൃതദേഹം ചിതയിലേക്കെടുക്കുമ്പോഴും അവര്‍ തന്റെ ഭര്‍ത്താവിന്റെ മൃതദേഹത്തിനു നേരെ ഉറ്റു നോക്കികൊണ്ട് വിതുമ്പുക മാത്രം ചെയ്തു. ദുഃഖം നിയന്ത്രിക്കുകയാവും എന്ന് ഞങ്ങള്‍ കരുതി.
ഏഴാമത്തെ ദിവസം ചടങ്ങുകള്‍ പൂര്‍ത്തിയാക്കി എല്ലാവരും പോകാനൊരുങ്ങുമ്പോള്‍ ഗോപിനാഥിന്റെ ഭാര്യ ഞങ്ങളുടെ അടുത്തേക്കു വന്നു പറഞ്ഞു, ”നാളെ കാലത്ത് ഒന്നുകൂടിവരണെ.”
അവര്‍ എന്തിനാണങ്ങനെ ഒന്ന് അവശ്യപ്പെട്ടത് എന്ന് ഞങ്ങള്‍ക്കു മനസ്സിലായില്ല. കൗണ്‍സിലര്‍ക്ക് അതിന്റെ പൊരുള്‍ ഒട്ടും പിടികിട്ടിയതുമില്ല. ഗോപിനാഥിന്റെ ഭാര്യക്ക് മറ്റെന്തെങ്കിലും കാര്യം ഞങ്ങളോടു പറയാനുണ്ടാകുമെന്നുമാത്രം വിശ്വസിച്ചു.
പിറ്റേന്നുകാലത്ത് ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരുകാഴ്ച കണ്ട് അമ്പരന്നു. ഗോപിനാഥിന്റെ ചിതക്കരുകിലായി, കുറച്ചപ്പുറത്ത് ചെറിയൊരു അഗ്നികുണ്ഡം എരിയുന്നു. ഗോപിനാഥിന്റെ ഭാര്യ കുളിച്ച്, എന്തൊക്കയോ കര്‍മ്മം ചെയ്യാനുണ്ടെന്ന മട്ടില്‍ കുറച്ച് അപ്പുറത്ത് നില്‍ക്കുകയാണ്. അവരുടെ കയ്യില്‍ ഒരു ഭണ്ഡകെട്ടുമുണ്ട്. ആ ഭാണ്ഡവുമായി അഗ്നി കുണ്ഡത്തിനടുത്തേക്ക് അവര്‍ വന്നു. പിന്നെ അതുതുറന്നു. അതില്‍ നിന്നും ഓരോ വസ്തുവും പുറത്തെടുത്തു.
ഗോപിനാഥിന് പ്രിയപ്പട്ട ഫോട്ടോകള്‍. അയാള്‍ ഓരോ കാലത്തും എടുത്തവയാണവ. പിന്നെ കളിച്ചു നേടിയ ട്രോഫികള്‍. തീ ആളിക്കത്തികൊണ്ടിരിക്കെ അവ ഓരോന്നുമെടുത്ത് അവര്‍ അതിലേക്ക് ഇട്ടുകൊണ്ടിരുന്നു. ഫോട്ടോകളും ട്രോഫികളും തീയിലേക്ക് മറിയുന്നത് ഒരു തരം അനന്ദത്തോടെ നോക്കികൊണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: