തലശ്ശേരി: മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താനും സ്വാശ്രയത്വം നല്‍കാനും തലശ്ശേരി നഗരസഭക്ക് അനുവദിച്ച കോടിക്കണക്കിന് രൂപ നഗരസഭയുടെ കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയും കാരണം നഷ്ടമായി. 2013 മെയ് 21 ന് അന്നത്തെ ഫിഷറീസ് മന്ത്രി കെ. ബാബു തറക്കല്ലിട്ട രണ്ടരക്കോടി ചിലവഴിച്ച് പണിത മഞ്ഞോടിയിലെ മത്സ്യമാര്ക്കാറ്റാണ് പ്രദേശ വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊളിച്ചു നീക്കുന്നത്. താഴത്തെ നിലയില്‍ മല്‍സ്യ വില്‍പ്പനക്ക് 30 സ്റ്റാളുകളും മുകള്‍ നിലയില്‍ മത്സ്യം ശീതികരിച്ചും ഉണക്കിയും സൂക്ഷിക്കാനുമുള്ള സംവിധാനത്തിലായിരുന്നു മാര്‍ക്കറ്റ് പണിതത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നാഷനല്‍ ഫിഷറീസ് ഡവലപ്പ്മെന്റിന്റെ ധനസഹായത്തോടെ സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് നിര്‍മ്മിച്ച് നഗരസഭക്ക് കെട്ടിടം കൈമാറുകയായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭത്തില്‍ 80% കേന്ദ്ര സര്‍ക്കാരും 20% സംസ്ഥാന സര്‍ക്കാരുമായിരുന്നു മുതല്‍ മുടക്കിയത്.
മത്സ്യവുമായി ബന്ധപെട്ട് ജോലി ചെയ്യുന്നവരും ജീവിക്കുന്നവരുമായ ഹാര്‍ബര്‍ ഉണ്ടെന്നിരിക്കെ തലായി ഗോപാല്‍പേട്ട എന്നീ സ്ഥലങ്ങളെ അവഗണിച്ചതും ധര്‍മ്മടം ബോട്ട് ജെട്ടിക്ക് സമീപം കൊടുവള്ളിയിലുള്ള മീന്‍ മാര്‍ക്കറ്റും പ്രസ്തുത കാര്യത്തിന് നഗരസഭ പരിഗണിക്കാത്തത് അധികൃതരുടെ വീഴ്ചയായി മത്സ്യ തൊഴിലാളികള്‍ പറയുന്നു.
തലശ്ശേരി പഴയ സ്റ്റാന്‍ഡിലെ മത്സ്യമാര്‍ക്കറ്റ് മുഴുവനായി ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയാല്‍ തീരുന്ന പ്രശ്നമായിരുന്നു. എന്നാല്‍ മത്സ്യവുമായി യാതൊരു ബന്ധവുമില്ലാത്ത തിരുവങ്ങാട് മാര്‍ക്കറ്റ് കൊണ്ടുവന്നതോടെ ജനങ്ങള്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന, പ്രകൃതിദത്തമായതോ ശാസ്ത്രീയമായതോ ഓവുചാല്‍ സംവിധാനം ഇല്ലാതെയാണ് പദ്ധതി ആരംഭിച്ചത്. 30 മീറ്റര്‍ അകലെ നൂറ് കണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന രണ്ടര ഏക്കര്‍ തിരുവങ്ങാട് ക്ഷേത്ര തീര്‍ത്ഥക്കുളം, കിണറുകള്‍ എന്നിവ അശുദ്ധമാകാനും, പ്രകൃത്യാ തന്നെ താഴ്ന്ന സ്ഥലമായതിനാല്‍ ചെറിയ മഴക്ക് പോലും വലിയ മഴ വെള്ളം കെട്ടി നില്ക്കുന്ന സ്ഥലത്തേക്ക് മത്സ്യം സംസ്കരിച്ച വെള്ളം കൂടി എത്തിയാല്‍ സാംക്രമിക രോഗങ്ങള്‍ എത്തും. കൂടാതെ പുണ്യപുരാതന ശ്രീരാമ ക്ഷേത്രത്തിന്റെ പരിപാവനത തകരുമെന്നും ജനങ്ങള്‍ വ്യക്തമാക്കി.
സമീപത്ത് തന്നെ വലിയ 2 ആശുപത്രികള്‍, 2ഹയര്‍ സെക്കന്ററി സ്കൂളുകള്‍, തിരക്കേറിയ ഗതാഗത കവലകള്‍ ഉണ്ടെന്നതുമെല്ലാം അധികൃതര്‍ അവഗണിച്ചു. ചുരുക്കത്തില്‍ തിരുവങ്ങാട് നിവാസികളുടെ മാര്‍ക്കറ്റിന്റെ പണി തുടങ്ങും മുമ്പേയുള്ള എതിര്‍പ്പും വില്ലേജ് ഓഫീസറുടെ മഞ്ഞോടിയില്‍ മല്‍സ്യമാര്‍ക്കറ്റ് പാടില്ലെന്ന റിപ്പോര്‍ട്ട് പോലും വകവെക്കാതെയുള്ള നഗരസഭയുടെ ധാര്‍ഷ്ട്യം കൊണ്ട് നഷ്ടപെട്ടത് തലശ്ശേരിയിലെ മല്‍സ്യ തൊഴിലാളികള്‍ക്ക് അവകാശപെട്ട കോടികളുടെ പദ്ധതിയാണ്. വികസന പദ്ധതികളുടെ പേര് പറഞ്ഞ് കോടികള്‍ ചിലവഴിക്കുന്നത് പാഴ് പദ്ധതിയായി മല്‍സ്യമാര്‍ക്കറ്റ് മാറിയപ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ 80 ശതമാനം പണം ചിലവഴിച്ച കേന്ദ്രസര്‍ക്കാരും 20ശതമാനം ചിലവഴിച്ച കേരള സര്‍ക്കാരും തയ്യാറാകേണ്ടതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: