പണം വാങ്ങി അദാനിയ്ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ചു എന്ന ആരോപണം വന്നപ്പോള്‍ മഹുവ മൊയ്ത്ര രണ്ട് കാര്യങ്ങള്‍ പറഞ്ഞു. ഈ നുണ മാധ്യമങ്ങള്‍ എഴുതരുത്. എഴുതിയാല്‍ അവര്‍ക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യും. ഈ നുണകള്‍ പ്രചരിക്കുന്ന ഫെയ്സ് ബുക്ക്, എക്സ് എന്നിവയ്ക്കെതിരെയും അപകീര്‍ത്തിക്കേസ് കൊടുക്കും.
പക്ഷെ ഒടുവില്‍ ബിജെപി എംപി നിഷികാന്ത് ദുബെയുടെ വാദം ശരിയാണെന്ന് തെളിഞ്ഞു. അദാനിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മഹുവ മൊയ്ത്ര അദാനിയുടെ ശത്രുവായ ബിസിനസുകാരന് ദര്ശന് ഹീരാനന്ദാനിയില്‍ നിന്നും പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന് തെളിഞ്ഞു. ദര്ശന് ഹീരാനന്ദാനി തന്നെ തന്റെ സത്യവാങ്മൂലത്തില്‍ അദാനിയ്ക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് താന്‍ മഹുവ മൊയ്ത്രയ്ക്ക് പണവും സമ്മാനങ്ങളും നല്‍കിയെന്ന് വെളിപ്പെടുത്തിയതോടെ മഹുവയുടെ എല്ലാ പ്രതിരോധങ്ങളും പൊളിഞ്ഞുവീണു. മഹുവ മൊയ്ത്ര് പാര്‍ലമെന്റ് വെബ്സൈറ്റിലെ മഹുവ മൊയ്ത്രയുടെ പേജില്‍ കയറാനുള്ള ലോഗിന്‍ വിശദാംശങ്ങള്‍ വരെ ദര്ശന് ഹീരാനന്ദാനിയ്ക്ക് നല്‍കിയതായും വെളിപ്പെട്ടുകഴിഞ്ഞു.
ഇതോടെ അപകീര്‍ത്തിക്കേസ് കൊടുക്കാനുള്ള മഹുവ മൊയ്ത്രയുടെ വീറും വാശിയും കുറഞ്ഞു. ചൊവ്വാഴ്ച ദല്‍ഹി ഹൈക്കോടതിയില്‍ അപകീര്‍ത്തിക്കേസ് കൊടുക്കാന്‍ ചെന്ന മഹുവയുടെ അഭിഭാഷകന് അതില്‍ നിന്നും മാധ്യമങ്ങളെയും ഫെയ്സ് ബുക്ക്, എക്സ് എന്നീ സമൂഹമാധ്യമങ്ങളെയും ഒഴിവാക്കി. ഇപ്പോള്‍ മഹുവയ്ക്കെതിരെ ആരോപണം ഉന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും സുപ്രീംകോടതി അഭിഭാഷകന് ജെയ് ആനന്ദ് ദെഹദ് റായിയ്ക്കും എതിരെ മാത്രമായി അപകീര്‍ത്തിക്കേസ് ചുരുക്കിയിരിക്കുകയാണ്. ഇതോടെ പുതിയ മെമോ കോടതിയില്‍ സമര്‍പ്പിക്കാന്‍ മഹുവ മൊയ്ത്രയുടെ അഭിഭാഷകന് സമുദ്ര സാരംഗിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സച്ചിന് ദത്ത. കോടതിയാകട്ടെ കേസ് ഇനി ഡിസംബര്‍ 5ന് കേള്‍ക്കും.
മഹുവയ്ക്കെതിരായ പരാതിയില്‍ പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മിറ്റി (സദാചാര സമിതി) വാദം കേട്ടുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് വെബ്സൈറ്റിലെ ലോഗിനും പാസ് വേഡും ബിസിനസുകാരന് ദര്ശന് ഹീരാനന്ദാനിയ്ക്ക് നല്കിയെന്നതും അവര്‍ ദുബായില്‍ വെച്ച് മഹുവ മൊയ്ത്രയുടെ പേജില്‍ കയറി എന്നതും എംപി എന്ന നിലയിലുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അത് തെളിഞ്ഞാല്‍ മഹുവയ്ക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: