കോഴിക്കോട്: ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും ചിന്തകനുമായ പി. പരമേശ്വരന് 1971ല്‍ എഴുതിയ ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന് എന്ന പുസ്തകം 50 വര്‍ഷം പിന്നിടുമ്പോഴും ചര്‍ച്ചയാകുന്നു. പുസ്തകത്തിന്റെ ഒമ്പതാം പതിപ്പ് പ്രകാശനം ചെയ്ത വേദിയിലാണ് പി. പരമേശ്വരന് ഉയര്‍ത്തിയ ചിന്തകളും വിശകലനവും ചര്‍ച്ചയായത്.
മതംമാറിയവരെ ശ്രീനാരായണ ഗുരുദേവന് സ്വമതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പലമത സാരവുമേകം എന്നു പറഞ്ഞ ഗുരു അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അപ്പറഞ്ഞതിലെന്താണ് അര്‍ത്ഥം എന്നായിരുന്നു ചടങ്ങില്‍ സംസാരിച്ച പ്രൊഫ. ഹമീദ് ചേന്ദമംഗലൂരിന്റെ വിമര്‍ശനം. ഗുരു നല്കിയ ഉപദേശങ്ങള്‍ കേരളം എത്രത്തോളം പ്രാവര്‍ത്തികമാക്കിയെന്ന് സ്വയം വിശകലനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജീവിച്ചിരിക്കുമ്പോള്‍ ജാതിയും മതവും നോക്കാതെ പൊതു ഇടങ്ങളില്‍ ഇടപെടാന്‍ കഴിയുന്നുണ്ടെങ്കിലും മരിച്ചുകഴിഞ്ഞാല്‍ നമുക്ക് ഒരേയിടത്ത് വിശ്രമിക്കാന്‍ ഇന്നും അനുവാദവും അവസരവുമില്ല. മരണാനന്തര കാലത്ത് അയിത്തം നിലനില്ക്കുന്നു. പൊതു ശ്മശാനമുണ്ടെങ്കിലും ഓരോ ജാതിക്കും മതത്തിനും പ്രത്യേകം ശ്മശാനങ്ങളാണുള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മാപ്പിളക്കലാപകാലത്ത് ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ ഹിന്ദുക്കളെ സ്വമതത്തില്‍ കൊണ്ടുവന്ന ശ്രദ്ധാനന്ദ സരസ്വതി സ്വാമികളെ ശിവഗിരിയില്‍ ശ്രീനാരായണ ഗുരു സ്വീകരിച്ചത് ആഘോഷുമായിട്ടായിരുന്നുവെന്ന് പാഞ്ചജന്യ മുന്‍ ചീഫ് എഡിറ്ററും മുന്‍ എംപിയുമായ തരുണ്‍ വിജയ് വിശദീകരിച്ചു. മതങ്ങള്‍ സാരാംശത്തില്‍ വ്യത്യസ്തമല്ലെന്ന ചിന്തയാണ് ഗുരുദേവനുണ്ടായിരുന്നത്. സനാതന ധര്‍മ്മത്തിന്റെ വേരുകള്‍ ആഴത്തില്‍ നമ്മുടെ തലമുറയെ പഠിപ്പിക്കണം. ഗുരുധര്‍മ്മവും വഴിയുമാണ് അതിന് ആധാരമാക്കേണ്ടത്. ജാതി ഇല്ലാതാക്കാതെ സനാതന ധര്മ്മത്തിന് നിലനില്‍ക്കാനാവില്ലെന്നതാണ് ഗുരു പഠിപ്പിച്ചത്്, തരുണ്‍ വിജയ് പറഞ്ഞു.
മതപരിവര്‍ത്തനത്തെ ഗുരു എതിര്‍ത്തത് അത് നിര്‍ധനരും നിരക്ഷരരുമായ ആളുകളോടുള്ള ആക്രമണമായതുകൊണ്ടാണെന്ന് തുടര്‍ന്ന് സംസാരിച്ച ജന്മഭൂമി എംഡി എം. രാധാകൃഷ്ണന് വിശദീകരിച്ചു. ആ ചെറുത്തു നില്‍പ്പ്, മതസാരം എല്ലാം ഒന്നാണെന്ന ഗുരുവിന്റെ വാദവുമായി വൈരുധ്യമുള്ളതല്ല. മത പരിവര്‍ത്തനം മത ബോധനത്തിലൂടെയായിരുന്നില്ല, അജ്ഞരെ ചൂഷണം ചെയ്താണ് നടപ്പാക്കിയത്. അതിനെയാണ് ഗുരുദേവന് എതിര്‍ത്തത്. ഗാന്ധിജിയും അയ്യന്‍കാളിയും ശുഭാനന്ദഗുരുദേവനും മതപരിവര്‍ത്തനത്തെ എതിര്‍ത്തിരുന്നു. ഗുരുദേവനെക്കുറിച്ചുള്ള പി. പരമേശ്വരന്റെ പുസ്തകം കമ്യൂണിസ്റ്റുകളെ അസ്വസ്ഥരാക്കിയിരുന്നു. നവോത്ഥാന നായകന്മാരെ തമസ്ക്കരിക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റുകള്‍ ഗുരുദേവന്റെയും വിവേകാനന്ദന്റെയും ചിന്തകള്‍ അതിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും രാധാകൃഷ്ണന് പറഞ്ഞു.
പ്രസിദ്ധ കവി പി.പി. ശ്രീധരനുണ്ണിക്ക് പുസ്തകം നല്കി തരുണ്‍ വിജയ് പ്രകാശനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സോമരാജന് അധ്യക്ഷനായി. കുരുക്ഷേത്ര പ്രകാശന് ചീഫ് എഡിറ്റര്‍ ജി. അമൃത് രാജ് പുസ്തകം പരിചയപ്പെടുത്തി. വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി പി. ബാലഗോപാല്‍, ജോയിന്റ് സെക്രട്ടറി എം.എന്‍. സുന്ദര്‍രാജ് എന്നിവര്‍ പറഞ്ഞു.മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് ആര്. ഹരിക്ക് യോഗം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. വിചാരകേന്ദ്രം ജില്ലാ സമിതിയംഗം രാമന് കീഴന അനുസ്മരണ പ്രഭാഷണം നടത്തി.
പി. പരമേശ്വരന് രചിച്ച ‘ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങില്‍ ഒമ്പതാം പതിപ്പ് മുന്‍ എംപി തരുണ്‍ വിജയ്, കവി പി.പി. ശ്രീധരനുണ്ണിക്ക് നല്കി പ്രകാശനം ചെയ്യുന്നു. സമീപം എം. രാധാകൃഷ്ണന്, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, പ്രൊഫ. കെ.പി. സോമരാജന്, കുരുക്ഷേത്ര ചീഫ് എഡിറ്റര്‍ ജി. അമൃതരാജ്, പി. ബാലഗോപാല്‍ എന്നിവര്‍ സമീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: