കൊച്ചി: കളമശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി.യു എ പി എ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകളാണ് ചുമത്തിയത്.
പൊലീസിലെ ഉന്നത തല യോഗത്തിന് ശേഷമായിരുന്നു നടപടി. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപം എ ആര് ക്യാമ്പിലാണ് മാര്‍ട്ടിനെ ഇപ്പോള്‍ കസ്റ്റഡിയിലുളളത്. പ്രതിയെ നാളെ രാവിലെയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം രാവിലെ 9.40 ഓടെയാണ് കളമശ്ശേരിയിലെ സാമ്ര കണ്വെന്ഷന് സെന്ററില്‍ സ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ ബോംബുവച്ചത് താന്‍ ആണെന്ന് അവകാശപ്പെട്ട് ഡൊമിനിക് മാര്ട്ടിന് തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
എന്ത് കൊണ്ടാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് വിശദീകരിച്ച് ഫേസ്ബുക്ക് വീഡിയോയിലൂടെ ഡൊമിനിക് മാര്ട്ടിന് രംഗത്ത് വരികയും ചെയ്തു. പതിനാറ് വര്‍ഷമായി ഇതേ സഭയിലെ വിശ്വാസിയാണെന്നും യഹോവ സാക്ഷികള്‍ രാജ്യദ്രോഹപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ബോദ്ധ്യപ്പെട്ടതാണെന്നും ഡൊമിനിക് മാര്ട്ടിന് പറഞ്ഞു. തിരുത്തണമെന്ന് നിരവധി ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. ഇതിനെതിരെ തന്നെപ്പോലുള്ളവര്‍ പ്രതികരിക്കും എന്നാണ് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോയില്‍ മാര്ട്ടിന് പറഞ്ഞത്.
തെളിവുകള്‍ പരിശോധിച്ച പൊലീസ് പ്രതി ഡൊമിനിക് മാര്ട്ടിന് തന്നെന്ന് സ്ഥിരീകരിക്കുകയായിരുന്നു. റിമോട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിക്കുന്ന ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രതിയുടെ മൊബൈലില്‍ നിന്ന് ലഭിച്ചിരുന്നു.സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ച് പൊലീസിനോട് ഇയാള്‍ പറഞ്ഞു. ബോംബ് നിര്‍മ്മിക്കാന്‍ പഠിച്ചത് യുട്യൂബിലൂടെയാണെന്നും മാര്ട്ടിന് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: