കൊച്ചി: കളമശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയ്ക്ക് സ്ഫോടനവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി എഡിജിപി അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ സ്ത്രീക്ക് ഡൊമിനിക് മാര്‍ട്ടിനുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഈ സ്ത്രീയുടെ മേല്‍വിലാസം അറിയില്ല. ഇവരുമായി ബന്ധമുണ്ടെന്ന അവകാശവാദവുമായി ആരും വന്നിട്ടുമില്ല.
സസ്പെക്ടഡ് ലേഡി എന്നാണ് ഈ സ്ത്രീയെ എഡിജിപി അജിത് കുമാര്‍ വിശേഷിപ്പിച്ചിരുന്നത്. ഈ സ്ത്രീ ചാവേറായിരുന്നോ എന്നും ചോദ്യം ഉയരുന്നുണ്ട്.
ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൊമിനിക് മാര്ട്ടിന് എന്ന കൊച്ചിയിലെ തമ്മനം സ്വദേശി രംഗപ്രവേശം ചെയ്തിരുന്നു.താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് ഇദ്ദേഹം ഒരു വീഡിയോയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. യഹോവ സാക്ഷികളുമായി 16 വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്നും അവരുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പ്രതികാരമെന്ന നിലയിലാണ് സ്ഫോടനം നടത്തിയതെന്നും അദ്ദേഹം ആ വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്. പക്ഷെ ഇയാള്‍ക്ക് മാത്രമായി മൂന്ന് സ്ഫോടനം നടത്താനാവുമോ, സ്ഫോടനം നടത്തിയ ഇയാള്‍ എങ്ങിനെ ഹാളില്‍ നിന്നും രക്ഷപ്പെട്ടു, ഇയാള്‍ക്ക് വേണ്ടി മറ്റാരെങ്കിലുമാണോ സ്ഫോടനം നടത്തിയത് എന്നീ ചോദ്യങ്ങള്‍ ബാക്കിയാണ്. ഇയാളുടെ മൊബൈലില്‍ നിന്നും ചില തെളിവുകള്‍ ലഭിച്ചതായി പറയുന്നുണ്ട്.
ചാവേര്‍ ആക്രമണമല്ല എന്നാണ് ഇപ്പോഴും പൊലീസ് ഇതേക്കുറിച്ച് പറയുന്നത്. തുടര്‍ച്ചയായി മൂന്ന് സ്ഫോടനങ്ങള്‍ നടന്നുവെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. സ്ഫോടനശബ്ദം കേട്ട് സമ്മേളന ഹാളില്‍ നിന്നും എല്ലാവരും പുറത്തേക്ക് ഓടുകയായിരുന്നു. ഓടുന്നതിനിടയില്‍ ഒന്നിന് പുറകേ ഒന്നായി മൂന്ന് സ്ഫോടനങ്ങള്‍ കേട്ടതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: