കവിയും ഗദ്യകാരനും തപസ്യ കലാസാഹിത്യവേദിയുടെ അധ്യക്ഷനുമായിരുന്ന പ്രൊഫ. മേലത്ത് ചന്ദ്രശേഖരന് മരിക്കുന്നതിന് കുറച്ചുകാലം മുന്‍പ് എഴുതിയ ലേഖനമാണിത്. തപസ്യയുടെ മുഖമാസികയായ വാര്‍ത്തികത്തില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചുകൊടുത്ത ഇത് എം.ശ്രീഹര്‍ഷന്റെ ശേഖരത്തില്‍നിന്ന് ലഭിച്ചതാണ്. ഒക്ടോബര്‍ 21 മേലത്തിന്റെ സ്മൃതിദിനമായിരുന്നു
അമ്മ
അമ്മയാണ് ദൈവതം എന്ന് ഭാരതത്തിന്റെ ആത്മാവ് കണ്ടറിഞ്ഞ വിഖ്യാത നാടകകൃത്ത് ദാസന് പറഞ്ഞു. പഞ്ചമാതാക്കള്‍ എന്ന സങ്കല്‍പ്പത്തിലാണ് ഭാരതീയ സംസ്കാരം കെട്ടിപ്പടുത്തത്. വേദമാതാ, ഗോമാതാ, ദേഹമാതാ, ദേശമാതാ, ഭൂമാതാ-ഈ അഞ്ചുമാതാക്കളുടെയും അമ്മയാകുമ്പോഴാണ് പ്രപഞ്ചമാതാവാകുന്നത്. ”ഞാനീ പ്രപഞ്ചത്തിനമ്മയായെങ്കിലേ/മാനിതമായ് വരൂ നിന് ജന്മമോമനേ!” എന്ന് അമ്മയായ കവയിത്രി പറയുന്നു. ‘മാതൃദര്‍ശന’ത്തില്‍ ‘അഗ്നി ശൈലഹൃദന്തരം’ തണുക്കുന്നതായി മറ്റൊരു കവയിത്രിയും പറയുന്നുണ്ട്. കവിതയെഴുതി അമ്മയായവരാണ് ബാലാമണിയമ്മയും സുഗതകുമാരിയും. അമ്മയാവാന്‍ പല വഴിയുണ്ട്. പ്രസവിക്കുന്ന സ്ത്രീ ദേഹമാതാവാകുന്നു. ശിവശക്തൈ്യക്യരൂപിണിയായ അമ്മയാണ്-വാഗാര്ത്ഥസംപൃക്തയായി, ജഗത് പി
താക്കളായി വര്‍ത്തിക്കുന്നവള്‍-പ്രപഞ്ചമാതാവ്. പുരുഷന്റെ പിതൃത്വവും സ്ത്രീയുടെ മാതൃത്വവും തപസ്സിലൂടെ നേടി അദൈ്വതാകാരമായിത്തീര്ന്ന അമ്മയാണ് മാതാ അമൃതാനന്ദമയീ ദേവി.
തത്വശാസ്ത്രം
കൊല്ല് കൊല്ല് എന്നതാണ് ഇരുപതാം നൂറ്റാണ്ടിന്റെ തത്വശാസ്ത്രം. കൊല്ലരുത്, കൊല്ലരുത് എന്നതാവട്ടെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തത്ത്വശാസ്ത്രം.
കാള്‍മാര്‍ക്സ് പറഞ്ഞത് രക്തപുഷ്പങ്ങള്‍ വിടരട്ടെ എന്നാണ്. ‘അമ്മ’ പറയുന്നത് ഹൃദയപുഷ്പം വിടരട്ടെ എന്നാണ്. രക്തപുഷ്പങ്ങള്‍ വിടരുമ്പോള്‍ മരണത്തിന്റെ തീക്ഷ്ണമായ ഗന്ധമുണ്ടാകുന്നു. ഹൃദയപുഷ്പം സ്നേഹ പുഷ്പമാണ്. അത് വിടരുമ്പോള്‍ കാരുണ്യത്തിന്റെ പരിമളമുണ്ടായിരുന്നു. ലോകം സുഗന്ധപൂരിതമാകുന്നു.
കര്‍മഗതിയാണ് ജീവഗതി. ജീവഗതിയാണ് ലോകഗതി. ലോകഗതിതന്നെ മോക്ഷഗതി. ഈ യോഗഗതിയുടെ ഉള്ളില്‍നിന്നാണ് ‘നീയേ ഗതി’ തുടങ്ങുന്നത്.
അദൈ്വതം
കാണേണ്ടതിനെ കാണേണ്ടതുപോലെ കാണുകയും, കേള്‍ക്കേണ്ടതിനെ കേള്‍ക്കേണ്ടതുപോലെ കേള്‍ക്കുകയും, അറിയേണ്ടതിനെ അറിയേണ്ടതുപോലെ അറിയുകയും ചെയ്യുമ്പോഴാണ് മനസ്സും വാക്കും കര്‍മവും ഋജുരേഖയില്‍ സഞ്ചരിക്കുന്നത്. ഈ ക്രമികഗതിയാണ് ആത്മീയതയുടെ വഴി. പുതിയകാലം ഭോഗത്തിന്റെ-പ്രേയസ്സിന്റെ-കാലമായത് വക്രഗതിയില്‍ സഞ്ചരിച്ചതുകൊണ്ടാണ്. ചക്ഷുശ്രവണ തത്ത്വത്തിന്റെ അപ്പുറവും ഇപ്പുറവും അറിയുമ്പോള്‍ അറിവ് പൂര്‍ണമാകുന്നു. പൂര്‍ണതയില്‍ ഒന്നേയുള്ളൂ-അദൈ്വതം!
സമയത്തിന്റെ പുസ്തകം
സുമനസ്സുകള്‍ വായിക്കുന്ന പുസ്തകം സമയത്തിന്റെ പുസ്തകമാണ്. കാലത്തിന്റെ പുസ്തകത്തിലാണവര് അക്ഷരങ്ങള്‍ കുറിച്ചിടുന്നത്. അക്ഷരങ്ങളുടെ നക്ഷത്ര പ്രകാശം കാലത്തിലൂടെ സഞ്ചരിക്കുന്ന പ്രകാശവര്‍ഷമാണ് പ്രപഞ്ചത്തിന്റെ യാനവേഗം. അനാദിയില്‍ നിന്ന് അനന്തതയിലേക്കുള്ള അനശ്വരതയുടെ ഈ സഞ്ചാരപഥത്തില്‍ കണ്ണികളായി വിളക്കപ്പെടുന്ന ജീവകോടികള്ക്കിടയില് ഒരു ബിന്ദുവായി, പൂര്‍ണത തേടുന്ന അപൂര്ണബിന്ദുവായി മനുഷ്യന്. സമയത്തിന്റെ മറ്റൊരു പുസ്തകം!
പ്രപഞ്ചീകരണം
നമുക്ക് ഏറ്റവും പ്രിയങ്കരങ്ങളായ വസ്തുക്കള്‍ ഒന്നൊന്നായി ഉപേക്ഷിക്കുമ്പോള്‍ നാം ഈശ്വരനിലേക്കുള്ള വഴി തേടുകയാണ്.
പഞ്ചീകരണത്തില്നിന്ന് പഞ്ചീകരണത്തിലേക്ക് പോകുന്ന പ്രവാഹമാണ് മനുഷ്യജീവിതം. പഞ്ചഭൂതങ്ങളില്‍നിന്ന് പഞ്ചേന്ദ്രിയങ്ങള്‍ സ്വീകരിച്ച് ഭൂമിയില്‍ പിറന്നു വീഴുന്ന ഓരോ ജീവനും പഞ്ചഭൂതാത്മക പ്രപഞ്ചത്തെ കര്മജ്ഞാനകരണങ്ങളാലാവാഹിച്ച് നിറവേറ്റുന്ന യജ്ഞമാണ് ജന്മം. അതുകൊണ്ട് അഞ്ച് ഭൂതങ്ങളും അഞ്ച് ഇന്ദ്രിയങ്ങളെ വേര്പിരിയുമ്പോള് ഉണ്ടാകുന്ന സ്ഥാനചലനം മാത്രമാണ് മരണം. ഞാന്‍ ഇല്ലാതാവുകയും നീ നിലനില്ക്കുകയും ചെയ്യുന്ന ആത്മാവിന്റെ അനശ്വരതയാണ് ജ്ഞാനം.
ഈശാവാസ്യം
മനുഷ്യന് പ്രകൃതിയെ രക്ഷിക്കുകയല്ല പ്രകൃതി മനുഷ്യനെ രക്ഷിക്കുകയാണ്. പ്രഭാതമദ്ധ്യാഹ്ന പ്രദോഷസന്ധ്യകളും സന്ധ്യകളും വസന്ത ഹേമന്ത ശതത്വര്ഷ ഋതുക്കളും ചാക്രികഗമനം നടത്തിയില്ലെങ്കില്‍ ഈ പ്രപഞ്ചജീവിതത്തിന്റെ അര്‍ത്ഥമെന്ത്? കാലസംക്രമണത്തിന്റെ പ്രാകൃതികമായ താളം സ്വാര്ത്ഥഭോഗങ്ങളില് തെറ്റിക്കുന്ന മനുഷ്യന് മരണത്തിലേക്കുള്ള വഴി ചെത്തുകയാണ്. ഓരോ പൂവിനും പുഴുവിനും പുല്ലിനും മനുഷ്യനെ പഠിപ്പിക്കാന്‍ എത്രയെത്ര തത്വങ്ങളിരിക്കുന്നു! ”ഈശാവാസ്യമിദം സര്‍വ്വം” എന്ന തത്വമറിയുമ്പോഴേ മനുഷ്യന് ലോകത്തേയും തന്നേയും അറിയുന്നുള്ളൂ.
വേദന
വേദന തന്നെ ആനന്ദം. ഈശ്വരന് തന്റെ ഏറ്റവും പ്രിയപ്പെട്ട മക്കളെ തെരഞ്ഞെടുക്കുന്നത് വേദന നല്കിയിട്ടാണ്. ഈശ്വര ലീലയുടെ പരീക്ഷയില്‍ ജയിക്കാനുള്ള വഴി വേദനതന്നെ ആനന്ദമാക്കുക എന്നതാണ്. സത്യം സൗന്ദര്യവും സൗന്ദര്യം സത്യവുമാകുമ്പോലെ വേദന ആനന്ദവും ആനന്ദം വേദനയുമായ അദൈ്വതബോധത്തിലാണ് ജയം. ശരീരമാകുന്ന ചിപ്പി വേദനിക്കുമ്പോഴേ ജ്ഞാനമാകുന്ന മുത്ത്-മനസ്സ്-വിളഞ്ഞുകിട്ടൂ.
എന്റെ അഭിമാനം
”Hell is others” എന്നതാണ് പാശ്ചാത്യമൊഴി. ” Heaven is others” എന്നതാണ് പൗരസ്ത്യമതം. സാഡിസം പാശ്ചാത്യമതമാകുമ്പോള് മസോക്കിസം പൗരസ്ത്യപാഠമാകുന്നു. പാട്രിസൈഡ്, മാട്രിസൈഡ്, സൂയിസൈഡ് എന്നിങ്ങനെ പടിഞ്ഞാറ് ഹിംസയില്‍ പിടയുമ്പോള്‍ തന്നെ ബലികൊടുത്ത് ലോകത്തെ നേടുന്ന ആത്മതര്പ്പണത്തിന്റെ ദിവ്യജീവനത്തിലേക്ക് ഭാരതത്തിന്റെ സൂര്യന് ഉദിക്കുന്നു. ഷേക്സ്പിയര്ക്കവിത ചോരയാറ്റില്‍ ചുഴികുത്തുമ്പോള് കാളിദാസ കവിത കണ്ണീര്‍ത്തടാകത്തില്‍ താമരപ്പൂക്കള്‍ വിടര്‍ത്തുന്നു. എലിയറ്റിന് അറിയാത്ത ശാന്തി, കരിയുന്ന അസ്ഥികളില്‍ അമൃതമൊഴുകുന്ന പ്രണവശാന്തി കക്കാട് അറിയുന്നു. പൗരസ്ത്യപാരമ്പര്യത്തിന്റെ എളിയ കണ്ണിയാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ആത്മാവിന്റെ യാത്ര
ജ്ഞാനമില്ലാത്ത ഭക്തിയും ഭക്തിയില്ലാത്ത ജ്ഞാനവും രണ്ടും അര്ത്ഥനിരപേക്ഷമാണ്. ജ്ഞാനം ഭക്തിയില്‍നിന്നും ഭക്തി ജ്ഞാനത്തില്‍നിന്നും ഉദിക്കണം.
ആദിയും അന്തവുമുള്ളതാണ് റെയില്‍പ്പാളം. ആദ്യത്തെ സ്റ്റേഷനില്‍ നിന്ന് തുടങ്ങി അവസാനത്തെ സ്റ്റേഷനിലേക്ക് നിരവധി സ്റ്റേഷനുകളിലൂടെ സഞ്ചരിക്കുന്നു, തീവണ്ടി. ആത്മാവ് അനാദ്യന്തമായ വഴിയില്‍ സഞ്ചരിക്കുന്നു. ആദിവിഹീനമായ ബ്രഹ്മത്തില്‍നിന്നു തുടങ്ങി പ്രകൃതിയുടെ രൂപഭാവ നാനാത്വങ്ങളിലൂടെ സഞ്ചരിച്ച് ഒടുക്കം അന്തമില്ലാത്ത ബ്രഹ്മത്തില്‍ ചെന്ന് വിലയിക്കുന്നു ഓരോ ആത്മാവും. ജീവ-പരമാത്മാബന്ധത്തിന്റെ പൊരുളാല്‍ ആത്മാവിന്റെ യാത്ര ചാക്രികമാണ്.
ഇസ്ലാമിന്റെ നഷ്ടം
”ഏകം സത് വിപ്രാ ബഹുധാ വദന്തി” എന്ന ഹൈന്ദവദര്‍ശനവും ”അള്ളാഹു അക്ബര്‍ ലാ ഇല്ലള്ളാഹ്” എന്ന ഇസ്ലാം വചനവും നിര്‍ദേശിക്കുന്ന തത്വം വ്യത്യസ്തമാണ്. ഹിന്ദുത്വത്തിന്റെ അടിസ്ഥാനശാഖയായ അദൈ്വതം-സനാതനധര്‍മം-ഇസ്ലാമിന് അപ്രാപ്യമായ ഗൗരീശിഖരമാണ്. ഏകദൈവ വിശ്വാസമല്ല അദൈ്വതം. അള്ളാവില്‍നിന്ന് വിഭിന്നമായി മറ്റൊരു ദൈവമില്ലെന്ന് ഇസ്ലാം പറയുമ്പോള്‍ വിഭിന്നമായ എല്ലാ ദേവസങ്കല്പ്പനങ്ങളും ബ്രഹ്മത്തില്‍ വിലയിക്കുന്നു എന്നതാണ് ഹിന്ദുത്വദര്‍ശനം. ബ്രഹ്മം എന്ന ഏകത്വത്തിന്റെ നാനാത്വമാണ് ത്രിമൂര്‍ത്തികള്‍ തൊട്ട് എല്ലാ ദേവീദേവസങ്കല്പ്പങ്ങളും. ഇസ്ലാമികം നാനാത്വത്തിലെ ഏകത്വമാണ്; ഏകത്വത്തിന്റെ നാനാത്വമല്ല. അതുകൊണ്ട് സഗുണോപാസനയിലൂടെ വിതതവികസ്വരമാകുന്ന പ്രപഞ്ചഗതമായ സാകല്യദിദൃക്ഷ ഇസ്ലാമിന്ന് നഷ്ടപ്പെടുന്നു.
മൗനത്തിന്റെ വേദന
മൗനത്തിന്റെ വേദനയാണ് മഹാവാക്യങ്ങള്‍. മുഴക്കങ്ങളില്‍ നിന്ന് മുറിവാക്യങ്ങളേയുണ്ടാകൂ. ‘തത്വമസി’യും ‘അഹംബ്രഹ്മാസ്മി’യും ആദികാലത്തിന്റെ ആഴത്തില്‍ വിളഞ്ഞ മുത്തുകളാണ്. വല്മീകത്തിന്റെ വേദനയാണ് വാല്മീകിയുടെ പ്രസാദം. മനസ്സില്‍ ഓളങ്ങളടങ്ങുമ്പോള് ശാന്തമായ തടാകത്തില്‍ വിരിയുന്ന താമരയാണ് കവിത.
അനാദിയില്‍നിന്ന് അനന്തതയിലേക്കുള്ള പ്രകാശത്തിന്റെ പ്രയാണമാണ് സാഹിത്യം. ആ പ്രകാശവര്ഷത്തിലെ സ്ഫുലിംഗരേണുവാണ് ഓരോ എഴുത്തുകാരനും.
തട്ടുകള്‍
മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി മഹത്വത്തെ നാലുതട്ടുകളായിത്തിരിക്കാം. ഒന്ന്: അപ്രാപ്യത്തെ പ്രാപിക്കുന്നവര്‍ (ഏറ്റവുംവലിയ മഹാന്മാര്) രണ്ട്: പ്രാപ്യത്തെ പ്രാപിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവര്‍ (മഹാന്മാര്) മൂന്ന്: പ്രാപ്യത്തെ പ്രാപിക്കുന്നവര്‍ (സാധാരണന്മാര്‍) നാല്: പ്രാപ്യത്തെ പ്രാപിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവര്‍ (സാധാരണക്കാരിലും താഴെ ജീവിക്കുന്നവര്‍).
കലയുടെ സുഗന്ധം
കവിതയുടെയും ഭക്തിയുടെയും കടത്തുതോണി ഒന്നാകുന്നു. രണ്ടും ഏകരൂപത്തില്‍ അക്കര നില്ക്കുന്നു. ധ്യാനത്തിന്റെ വിളിയില്‍ ഇക്കര നില്ക്കുന്ന മനുഷ്യനെ കൊണ്ടുപോകാനെത്തുന്നു. ഒരേ യാനം, ഒരേ ലക്ഷ്യം.
ശുദ്ധജീവിതത്തില് നിന്നേ ശുദ്ധകലയുണ്ടാകൂ. എങ്കില്‍ ഈ ലോകത്തിലെ മഹത്തും ഉദാത്തവുമായ സാഹിത്യം ഭൂരിഭാഗവും അശുദ്ധജീവിതത്തിന്റെ സൃഷ്ടികളാണല്ലോ. ഇന്നലെയുടെ ഷേക്സ്പിയര്, ടോള്‍സ്റ്റോയ്, ഡോസ്റ്റോയ് വിസ്കി, ഗൊയ്ഥെ തൊട്ട് ഇന്നിന്റെ മഹാന്മാരായ കവികളും എഴുത്തുകാരും വരെ ശുദ്ധജീവിതം കൊണ്ട് മഹാന്മാരല്ല. അതുകൊണ്ട് കര്‍മഫലങ്ങളാണ് ജന്മാന്തരങ്ങള് എന്ന് സമാധാനിക്കുകയാവും യുക്തം. പൂര്വ്വജന്മ സാഫല്യമായി വന്ന ശുദ്ധകലയുടെ തുടര്‍ച്ചയ്ക്ക് ഈ ജന്മംകൊണ്ട് ശുദ്ധപരിവേഷമുണ്ടാകുമ്പോഴേ ജന്മാന്തരസുകൃതമായി കലയുടെ സുഗന്ധം പ്രസരിക്കുകയുള്ളൂ.
ഈശ്വരന്
ഈശ്വരന് കേളികൊട്ടോ കൊട്ടിക്കലാശമോ ഇല്ല. അത് (തത്) ഹിന്ദുക്ഷേത്രത്തിലോ ക്രൈസ്തവ ദേവാലയത്തിലോ ഇസ്ലാംപള്ളിയിലോ ആരംഭിക്കുന്നില്ല; ഒടുങ്ങുന്നില്ല. അത് അദൈ്വതത്തെ ദ്വയവും ദ്വയത്തെ അദൈ്വതവുമാക്കുന്ന പ്രപഞ്ച ചൈതന്യമാണ്.
ശ്രീകൃഷ്ണ പരമാത്മാവിനു നേരെ തെറി തുപ്പിയ ക്രൈസ്തവ സഹോദരന്റെ നേര്‍ക്ക് എനിക്ക് അരുളിച്ചെയ്യാന്‍ തോന്നുന്നത്. ഈശോമിശിഹായേ… ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. കൃഷ്ണനും അയ്യപ്പനും നാരായണഗുരുവും ലോകത്തില്‍ ഏത് ധര്‍മസംസ്ഥാപനത്തിന് സംഭവിച്ചു എന്നറിയാന്‍ ഹേ, പുരോഹിതാ മനസ്സിലെ ഏയ്ഡ്സ് രോഗാണുക്കള്‍ നശിപ്പിക്കാതെ നിവൃത്തിയില്ല.
കാലത്തിന്റെ താമര
പ്രാര്‍ത്ഥന ചിറകാണ്. ചിദാകാശത്തിന്റെ അപാരതയില്‍ സഞ്ചരിക്കാനുള്ള സാധകന്റെ ചിറക്. ധ്യാനം അരുവിയാണ്. ഭാവത്തിന്റെ ഏകാഗ്രതയില്‍ ഒഴുകിപ്പോകാനുള്ള സാധകന്റെ അരുവി. തപസ്സ് ആത്മാവിന്റെ ബലികര്‍മമാണ്. ഭാവത്തിന്റെ പരകോടിയില്‍ സ്വയം വന്നുചേരുന്ന അഭാവത്തിന്റെ ശൂന്യത. ഈ ശൂന്യതയില്‍നിന്നാണ് കാലത്തിന്റെ താമര വിരിയുന്നത്.
പഞ്ചീകരണത്തിന് ഒരനുബന്ധം
പഞ്ചീകരണത്തില്നിന്ന് തുടങ്ങി പഞ്ചീകരണത്തില്‍ ഒടുങ്ങുന്ന യാത്രയാണ് ദേഹയാത്ര. എന്നാല്‍ ഇതുപോലുള്ള എത്രയോ യാത്രകളുടെ സമാഹാരമാണ് ദേഹിയാത്ര. ശരീരം പഞ്ചേന്ദ്രിയക്ഷമമായി പഞ്ചഭൂതാത്മകമായിച്ചരിക്കുമ്പോള് ജീവിതം സ്വരൂപിക്കപ്പെടുന്നു. പഞ്ചേന്ദ്രിയങ്ങളെ പഞ്ചഭൂതങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന പ്രവൃത്തി മരണവൃത്തിയായി തുടരേണ്ടിവരുന്ന ശരീരിക്ക് പുനര്‍ജനിയുടെ ഹിരണ്യഗര്‍ഭം നൂഴേണ്ടി വരുന്നു. അങ്ങനെയാണ് വീണ്ടും പഞ്ചീകരണം നടക്കുന്നത്. ബ്രഹ്മാണ്ഡത്തിന്റെ മിനി പതിപ്പാണ് പിണ്ഡാണ്ഡം എന്നതുപോലെ ബ്രഹ്മത്തിന്റെ ഒരു തുള്ളിയാണ് ജീവന്. തുള്ളികള്‍ വിലയിച്ച് സമുദ്രമാകുന്നതുപോലെ പ്രപഞ്ചഘടന ഉണ്ടാകുന്നു.
സത്യസാധകന്
ലോകത്തിലെ ഏറ്റവും വലിയ സാധകന് സത്യസാധകനാണ്. സത്യസാധകന് ഒടുവില്‍ സത്യത്തെപ്പോലും ത്യജിക്കേണ്ടിവരും എന്നതാണ് ദുരന്തം; രാമന് സീതയെ ത്യജിക്കേണ്ടിവന്നതുപോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: