കൊച്ചി: കളമശേരിയിലെ സാമ്ര കണ്വെന്ഷന് സെന്ററില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ അന്വേഷണം ആരംഭിച്ച് പ്രത്യേക അന്വേഷണസംഘം. സംഭവത്തിന് തൊട്ട്മുൻപ് കൺവെൻഷൻ സെന്ററിൽ നിന്നും പോയ നീലക്കാറ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതി സഞ്ചരിച്ച കാറാണ് ഇതെന്നാണ് സംശയിക്കുന്നത്. കണ്വെന്ഷന് സെന്ററില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് അമിതവേഗതയിൽ നീലക്കാറ് പുറത്തേയ്ക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്.
കൺവെൻഷൻ സെന്ററിലേക്ക് ആളുകൾ എത്തിത്തുടങ്ങുന്നതിന് മുൻപ് തന്നെ നീല നിറത്തിലുള്ള കാർ അവിടെയുണ്ടായിരുന്നു. എന്നാൽ സ്ഫോടനത്തിന് മുൻപ് കാർ ഇവിടെ നിന്നും പോകുകയായിരുന്നു. സ്ഫോടനത്തിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു കാർ ഇവിടെ നിന്നും പോയത്. ഇതാണ് ഇതിലുണ്ടായിരുന്നത് പ്രതിയാണെന്ന സംശയം ഉണർത്തുന്നത്. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കേസ് അന്വേഷണത്തിൽ ഏറെ നിർണായകമാണ് ഈ വാഹനം. കൊച്ചി നഗരത്തിലെ പ്രധാനസ്ഥലങ്ങളിലെ സിസിടിവികളിലെല്ലാം കാറിന്റെ ദൃശ്യങ്ങള്‍ പൊലീസ് തിരഞ്ഞുവരികയാണ്. ബാഗുമായി ഒരാൾ ഹാളിന്റെ പരിസരത്ത് കറങ്ങി നടന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിലും അന്വേഷണം പുരോഗമിക്കുകയാണ്. കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷം നടത്തിയ ഭീകരാക്രമണമാണ് നടന്നത് എന്നാണ് വ്യക്തമാകുന്നത്. സ്ഫോടനത്തിന്റെ സ്വഭാവവും സംഭവം ഭീകരാക്രമണം ആണെന്ന സൂചന നൽകുന്നു.
സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായത്. അതേസമയം സംഭവത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി ദൽഹിയിൽ നിന്നുള്ള സംഘം എറണാകുളത്ത് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: