കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ പൊട്ടിത്തെറിച്ചത് ടിഫിൻ ബോക്സ് ബോംബ്. സ്ഥലത്ത് നിന്നും ഐഇഡി അവശിഷ്ടങ്ങൾ കണ്ടെത്തി. ചാവേർ ആക്രമണമല്ലെന്നും റിമോട്ട് കൺട്രോളറോ മറ്റോ ആകാമെന്നാണ് പ്രാഥമിക വിവരം. ആശങ്കാ ജനകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് സംസ്ഥാന പോലീസിനോട് കേന്ദ്ര സര്ക്കാര് പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്ക്കാര് നിർദ്ദേശം നല്കിയിരിക്കുന്നത്. എൻ എസ് ജി സംഘത്തോടും സംഭവസ്ഥലത്തെത്താൻ നിർദേശം നൽകും. അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻ ഐ എ ശേരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ അന്വേഷണം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് എൻഐഎ കടക്കുമെന്നാണ് സൂചന.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെൻററിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: