കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സ് പൊളിക്കല്‍ നടപടികള്‍ വേഗത്തിലാകാത്തത് ജനരോഷത്തിനിടയാക്കുന്നു. പൊളിക്കലിന്റെ പേരില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ല. മാത്രമല്ല, ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതും ജനത്തെ വലയ്ക്കുന്നു. മഴ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ പൊളിക്കല്‍ നടന്നതുമില്ല. മഴ കാരണമാണ് പൊളിക്കല്‍ വൈകുന്നതെന്നാണ് കരാറുകാര്‍ പറയുന്നത്. പണി രാത്രി മാത്രമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
20 നാണ് ഗതാഗത പരിഷ്കാരം ഏര്‍പ്പെടുത്തിയത്. തിരുനക്കര ക്ഷേത്രം റോഡ് അടച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. രാവും പകലും പൊളിക്കല്‍ ജോലികള്‍ ഒരേപോലെ നടന്നെങ്കില്‍ മാത്രമേ ഈ പ്രശ്നത്തിന് ഉടന്‍ പരിഹാരമാവുകയുള്ളൂവെന്ന് കൗണ്‍സിലര്‍മാരില്‍ ഒരു വിഭാഗം പറയുന്നു. പൊളിക്കല്‍ രാത്രിമാത്രമാക്കണമെന്നും അങ്ങനെയെങ്കില്‍ പകല്‍ ഗതാഗതം സുഗമം ആക്കാമെന്നുമുള്ള അഭിപ്രായവും ഉയരുന്നുണ്ട്.
സ്റ്റോപ്പുകളുടെ പുനക്രമീകരണവും ബസ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. തിരുനക്കരയില്‍ ഒരിടത്തും ബസുകള്‍ക്ക് സ്റ്റോപ്പ് ഇല്ല.
ശാസ്ത്രി റോഡിലും സിഎംഎസ് കോളജ് റോഡിലുമാണ് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. വ്യാപാരികളും തിരുനക്കര ക്ഷേത്രം ഉപദേശക സമിതിയും ഗതാഗതം പഴയ രീതിയില്‍ത്തന്നെ ആക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന ഭക്തജനങ്ങളേയും ക്ഷേത്രം റോഡ് ബാരിക്കേഡ് വച്ച് അടച്ചതോടെ കഷ്ടത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: