കോട്ടയം: കെകെ റോഡില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപത്തെ മരം കനത്തമഴയില്‍ കഴപുഴകി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മരം വീണതോടെ നഗരം ഗതാഗതക്കുരുക്കില്‍ സ്തംഭിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
മഴയ്ക്കൊപ്പം മരം റോഡിലേക്ക് ഒടിഞ്ഞു വീണതോടെ വൈദ്യുതി ലൈനും കേബിളിനും മുകളിലേക്ക് വീണു. റോഡിന്റെ വശങ്ങളിലായി ആറ് വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞു. കോട്ടയം അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് രാത്രി വൈകിയും നീണ്ട പ്രയത്നത്തെ തുടര്‍ന്നാണ് ഗതാഗത തടസം നീക്കിയത്. നഗരത്തില്‍ വൈദ്യുതിബന്ധവും നിലച്ചു. ഒന്നര മണിക്കൂറിനുള്ളില്‍ മരം വെട്ടിമാറ്റിയെങ്കിലും വൈദ്യുതിലൈനുകളും തൂണുകളും മാറ്റാന്‍ കഴിയാതെ വന്നതോടെ ഗതാഗതക്കുരുക്ക് നീളുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് കഞ്ഞിക്കുഴി മുതല്‍ ബസേലിയേസ് കോളജ് ജങ്ഷന് വരെയുള്ള ഗതാഗതം പൂര്‍ണമായി തിരിച്ചുവിട്ടു. ഇതോടെ, ഇടറോഡുകള്‍ അടക്കം നഗരം പൂര്‍ണമായി ഗതാഗതക്കുരുക്കിലായി. കെകെ റോഡില്‍ കിഴക്കു നിന്നെത്തിയ വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്ന് ഇറഞ്ഞാല്‍ വട്ടമൂട് വഴി തിരിച്ചു വിട്ടു. കുരുക്ക് രൂക്ഷമായതോടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കളത്തിപ്പടിയില്‍ നിന്നു പൊന്‍പള്ളി ചവിട്ടുവരി വഴിയും മണര്‍കാട്ടു നിന്നും തിരിച്ചുവിട്ടു. പുതുപ്പള്ളി ഭാഗത്തു നിന്നു വാഹനങ്ങള്‍ പുതുപ്പള്ളിയിലും കഞ്ഞിക്കുഴിയില്‍ നിന്നും തിരിച്ചു വിട്ടു. സ്കൂള്‍, ഓഫീസ് സമയം കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികളും യാത്രക്കാരും മണിക്കൂറോളം കുരുക്കില്‍ വലഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: