തിരുവനന്തപുരം: തന്റെ കവിതകള്‍ക്ക് വയലാര്‍ അവാര്‍ഡ് കിട്ടിയില്ലെങ്കിലും 19ാം വയസില്‍ തന്നെ കവിയെന്ന നിലയില്‍ തന്നെ വയലാര്‍ അംഗീകരിച്ചിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ 47 ാമത് വയലാര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥ എഴുതിയില്ലായിരുന്നെങ്കില്‍ ഒരിക്കലും എനിക്ക് വയലാര്‍ അവാര്‍ഡ് കിട്ടുമായിരുന്നില്ല. വയലാര്‍ അവാര്‍ഡ് കിട്ടേണ്ടിയിരുന്നത് ഒരു കവിക്കാണ്. എന്നാല്‍ തന്റെ കവിതാ സമാഹാരങ്ങളെല്ലാം അവാസന റൗണ്ടിലെ ക്ലൈമാക്സില്‍ പരാജയപ്പെട്ട് പിന്മാറുകയായിരുന്നു. മാതൃഭൂമിയിലെ സുഭാഷ് ചന്ദ്രന്റെ നിര്‍ബന്ധം കൊണ്ടാണ് ഞാന്‍ ഇതെഴുതിയത്. ഇത്രയധികം ഓര്‍മ്മകള്‍ എങ്ങിനെ സൂക്ഷിക്കുന്നുവെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ള. എന്റെ ആകെയുള്ള സ്വത്ത് ഈ ഓര്‍മ്മകള്‍ മാത്രമാണ്. അമ്മ കൂടെക്കൂടെ എന്നോടു പറയും എന്നെങ്കിലും ‘നീ എന്റെ കഥയെഴുതണം’ എന്ന്. ഞാന്‍ എന്റെ സംശയങ്ങള്‍ അമ്മയോട് ചോദിക്കുമായിരുന്നു. ഞാന്‍ ജനിക്കുന്നതിനു ഒരു തലമുറ മുമ്പുവരെയുള്ള കാര്യങ്ങള്‍ അമ്മ എനിക്ക് പറഞ്ഞുതന്നു. അവയെല്ലാം വിഷ്വലായി ഞാനെന്റെ ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ചു. ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ആലപ്പുഴ സനാതന ധര്‍മ്മ കോളേജില്‍ ഡിഗ്രിക്കുപഠിക്കുമ്പോള്‍ കുറെ കവിതകളുമായി വയലാറിനെ കാണാന്‍ പോയി. പുസ്തകമാക്കുന്നതിനുള്ള അവതാരിക എഴുതാനായി. അതിന്റെ 14 ാം ദിവസം അവതാരിക എഴുതിതന്നു. ‘ഒരു കവിയും കുറെ മാലാഖമാരും’ എന്ന പുസ്തകത്തിന് അദ്ദേഹം എഴുതിയ അവതാരികയില്‍ തന്നെ കവിയായി അംഗീകരിച്ചിട്ടുണ്ടെന്നു പറഞ്ഞ ശ്രീകുമാരന്‍ തമ്പി വയലാര്‍ എഴുതിയ അവതാരികയിലെ അവസാന ഭാഗം സദസിനെ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. തന്റെ കവിതകള്‍ക്ക് വയലാര്‍ അവാര്‍ഡ് കിട്ടിയില്ലെങ്കിലും 19 ാമത്തെ വയസില്‍ കവിയായി വയലാര്‍ രാമവര്‍മ്മ തന്നെ അംഗീകരിച്ചിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.
വയലാര്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് അധ്യക്ഷത വഹിച്ചു. പ്രൊഫ.ജി.ബാലചന്ദ്രന്, മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ഡോ.പി.കെ.രാജശേഖരന്, ബി.സതീശന് എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ്ദാന ചടങ്ങിനോടനുബന്ധിച്ച് വയലാറിന്റെ കവിതകളുടെ ആലാപനവും പിന്നണിഗായകരടക്കം 13 പേര് പങ്കെടുത്ത വയലാര്‍ ഗാനസന്ധ്യയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: