(ദേവപൂജോപാഖ്യാനം തുടര്‍ച്ച)
മഹാമുനേ! അത്ര മാധുര്യമായീടുന്നതു രമ്യതയാണെന്നു ഹൃദയത്തില്‍ ധരിക്കുക. ശാന്തിയാകുന്ന രസശക്തികൊണ്ട് ഭാവിതമായുള്ള ദൃശ്യം ക്ഷണനേരംകൊണ്ട് അമൃതമാകുന്നു. ശമതാമൃതരൂപംകൊണ്ട് യാതൊന്നു യാതൊന്നഹോ ഭവിക്കപ്പെട്ടീടുന്നു ശീതാംശുബിംബത്തില്നിന്നൊഴുകും സുധപോലെ ആയതുസര്വം പരമായ മാധുര്യമാര്ന്നീടുന്നു. ജ്ഞാനി ഏകരൂപചിത്തവൃത്തിയാല് ശീതഭാനുവെന്നതുപോലെ പൂര്ണനായി, സ്വച്ഛനായി ബ്രഹ്മത്തോട് ഏകീഭൂതനായീടുകില് കല്ലെന്നപോലെ നന്മയില് നിര്വികാരരൂപനായി വിളങ്ങിടും. ദേശം, കാലം, പുരുഷവ്യാപാരം എന്നിവയുടെ ക്രമത്തിനാല്‍ ഉണ്ടാകുന്ന വസ്തുസഞ്ചയം സുഖദുഃഖ വിഭ്രമങ്ങളെക്കൊണ്ടും ദേഹസ്ഥനായീടുന്ന ദേവനെ നിരന്തരം നന്നായി പൂജചെയ്തു ഇച്ഛനീങ്ങിയ ബൂദ്ധിയോടെ മേവുകവേണം. വസ്ത്രത്തിലെ മലത്തെ യുക്തിജ്ഞനായ വെളുത്തേടന് മലംകൊണ്ടു നീക്കീടുന്നപോലെ ശ്രേഷ്ഠയാകുന്ന അവിദ്യയാല് ചീത്തയാകുന്ന അവിദ്യയെ ശ്രേഷ്ഠനായീടുന്ന പുരുഷന് നീക്കുന്നു. സൂക്ഷ്മത്തിങ്കല്‍ ഹേതുക്കളല്ല, എന്നായീടിലും ആചാര്യോപദേശങ്ങള്‍ ആത്മജ്ഞാനസിദ്ധിക്കു ക്രമത്തില്‍ കാരണങ്ങളായി ഭവിക്കുന്നു.
ഗുരുദേവോപദേശങ്ങള്ക്കുണ്ടാകുന്ന ക്രമം ശിഷ്യന് നല്ല ബോധത്തെ ഉണ്ടാക്കുമ്പോള്‍ ആത്മാവിനെ കാണിച്ചീടുന്നതിനും കാണ്മാനും സാധിച്ചീടാ. ആത്മാവ് താനേ പ്രകാശിച്ചിടും. ശാസ്ത്രങ്ങള്കൊണ്ടും ആചാര്യോപദേശങ്ങള്കൊണ്ടും ആത്മാവിനെ കണ്ടുകിട്ടുകയില്ല. സ്വരൂപാനുസന്ധാനമഹിമകൊണ്ട് താനേ നന്നായി പ്രാകാശിച്ചുകൊള്ളുന്നു.
സദ്ഗുരുവാക്യങ്ങളും ശാസ്ത്രാര്‍ത്ഥങ്ങളും ഇല്ലെന്നാകിലും ആത്മജ്ഞാനമുണ്ടാകുകയില്ല. ഗുരുശാസ്ത്രാര്‍ത്ഥം ശിഷ്യസന്നിധിസത്തകൊണ്ടു ആത്മജ്ഞാനം നല്ലവണ്ണം പ്രകാശിക്കുന്നു. സൂര്യപ്രകാശമുണ്ടാകുന്ന കാലത്തിങ്കല്‍ ഭൂമിയില്‍ വ്യവഹാരങ്ങളുണ്ടാകുന്നതുപോലെ ഗുരുശാസ്ത്രാര്‍ത്ഥം ശിഷ്യചിരസയോഗത്തിങ്കല് പരമാത്മാവ് നന്നായി അറിയപ്പെട്ടീടുന്നു. ഈവണ്ണം എപ്പോഴും ദേവാര്‍ച്ചനം ചെയ്യുന്ന തജ്ഞന് (അറിവുള്ളവന്) പരംപദം പ്രാപിക്കുമെന്നതില്‍ അല്പവും സന്ദേഹമില്ല. ഭൃത്യന്മാരെന്നവണ്ണം നമ്മെപ്പോലുള്ളവരെല്ലാം ചിന്തിച്ചുകണ്ടാല്‍ എത്രയോ നികൃഷ്ടന്മാര്. മഹാമുനേ! ഇല്ലാത്തതാണു സൂക്ഷ്മത്തിങ്കല്‍ ഇക്കണ്ടീടുന്നത്, ഉള്ളതുപോലെ തോന്നീടുന്നു. മൂന്നുലോകവും നോക്കില്‍ ആഭാസമാത്രം, സന്ദേഹമൊട്ടുമില്ല, മറ്റുയാതൊന്നുമില്ല. ബ്രഹ്മം, അവ്യയം, പരംജ്യോതിസ്സ് എന്നിത്യാദികളാകുന്ന ശബ്ദങ്ങള്‍ക്കെല്ലാം ഉള്ളതായീടുന്ന അര്‍ത്ഥംതന്നെ കേവലയായീടുന്ന സംവിത്തായീടുന്നത് സംവേദ്യമെന്നപോലെ ചമഞ്ഞ് അതുപിന്നെ നാമയോഗ്യയായിത്തീരുന്നുവെന്നുള്ളത് മനസ്സില്‍ നന്നായി ധരിച്ചാലും. ഭാവിസംവേദ്യത്വം കാരണം ക്ഷണംകൊണ്ട് സംവിത്തു നന്നായി അഹന്തയെ പ്രാപിക്കുന്നു. മനുഷ്യന് സ്വപ്നത്തിങ്കല്‍ ഭാവനനിമിത്തമായി വനവാരണയെ പ്രാപിക്കുന്നതുപോലെ അഹന്താരൂപിയായീടുന്ന സംവിത്തിനു നാനാരൂപിണികളായീടുന്ന ശക്തികള്‍ ദേശതയെയും കാലതയെയും ആര്ന്ന് മന്ദമെന്നിയെ സ്വയം തോഴികളായീടുന്നു. ദേശകാലാദികളായീടുന്ന ആ ശക്തികളാല്‍ ചുറ്റപ്പെട്ടിട്ട് അസ്സത്ത പിന്നെ ജീവരൂപിയായി ഭവിച്ച് ആജ്ഞാനപദത്തിങ്കല് മേവുന്നതായിട്ടു ബുദ്ധിത്വം പ്രാപിക്കുന്നു. ബുദ്ധിത്വം പ്രാപിച്ചിട്ട് നിശ്ചയാത്മികയായി വര്‍ത്തിക്കുന്ന ജീവശക്തിയെ പിന്നെ ശബ്ദശക്തിയും ക്രിയാശക്തിയും ജ്ഞാനശക്തിയും അനുഗമിച്ചീടുന്നു. ശബ്ദമുഖ്യകളായ ശക്തികളോടുകൂടി വര്‍ത്തിക്കുന്ന അഹങ്കാരം മുതലായ ഗണം പെട്ടെന്നു സ്മരണയാകുന്ന ശക്തിയെ അംഗീകരിച്ചുകൊണ്ട് സങ്കല്പമായീടുന്ന വൃക്ഷം മുളച്ചുണ്ടായിവരാനുള്ള ബീജഭൂതമായി സ്വച്ഛമായ മാനസമായീടുന്നു. ഈ മാനസത്തിനെത്തന്നെ ആതിവാഹികദേഹമെന്നും വിദ്വജ്ജനം പറയുന്നത് ഓര്‍ത്തുകൊള്ളുക. ചിന്തിക്കില്‍ കണക്കില്ലാതെയുള്ള പരാമര്‍ശ ഏകരൂപിണികളായ ശക്തികള്‍ മനസ്സിനുണ്ട്. മാനസം വ്യോമാദിരൂപതയെ (ആകാശമാദിയായ രൂപതയെ) പ്രാപിച്ചിട്ടു നാനാരൂപയായീടുന്ന ജഗത്തായി വിളങ്ങുന്നു. ശൂന്യമായ വേതാളമെന്നപോലെ ചിത്തവാസനതന്നെ ജഗത്തായി ഭവിച്ച് ആ ചിത്തവാസന നന്നായി നാശത്തെ പ്രാപിച്ചീടില്‍ കൈവല്യമായി.
ഉള്ളില്‍ ഞാനെന്നുള്ള ഭാവത്തിലും ജഗത്തിങ്കലും മൃഗതൃഷ്ണയാകുന്ന ജലത്തിലും ഭൂമിയില്‍ പരമാര്ത്ഥബുദ്ധി സംയുക്തനായത് ആരാണ് അവന് മഹാനിന്ദ്യനാകുന്നു മുനേ! കല്‍മഷബുദ്ധിയായുള്ളവന്‍ ഒരിക്കലും ബ്രഹ്മോപദേശത്തിനു പാത്രമാവുകയില്ല. നല്ല വിവേകിയായീടുന്ന പുരുഷനു പ്രഖ്യാതരായ തജ്ഞന്മാര് ഉപദേശിക്കും. ഉള്ളില്‍ വിപരീതജ്ഞാനമാര്ന്ന് ഏറ്റവും ആര്യമുക്തനായുള്ള മൂര്‍ഖന്‍ ഉപദേശിക്കുകയില്ല. ചിന്തിക്കാതെ മൂര്ഖനായുള്ളവന് സാരമാമുപദേശം ആരു ചെയ്യുന്നു, ആ പുരുഷന് സ്വപ്നത്തില്‍ കണ്ടിട്ടുള്ള പുരുഷനു നല്ല അത്ഭുതാംഗിയാകുന്ന തന്റെ പുത്രിയെ കൊടുത്തീടും.
ഉല്‍ക്കൃഷ്ടമായുള്ള ദേവപൂജയെ ഞാനിനി പറയാം, മാമുനേ! ഭവാനെന്നും കല്യാണം ഭവിക്കട്ടെ! ഞാനിനി പോകുന്നു. പര്വതാത്മജേ! നേരം വൈകിച്ചീടരുത്, നീ എഴുന്നേറ്റീടുക. ഇങ്ങനെ പറഞ്ഞുകൊണ്ട് ദേവന് എഴുന്നേറ്റു. ഞാന്‍ ഭക്തിപൂര്‍വകം കുസുമാഞ്ജലിചെയ്തു. ഭൂതവൃന്ദങ്ങളോടും പാര്‍വതീദേവിയോടും മഹാദേവന് പെട്ടെന്നു മറഞ്ഞു. അന്നുതൊട്ടിന്നോളവും എപ്പോഴും ആത്മാര്‍ച്ചനം ചെയ്തുകൊണ്ട് ഞാന്‍ വ്യഗ്രതയില്ലാതെ വാഴുന്നു. ഞാന്‍ സംസാരവാസനകളെ ഭാരമില്ലാതെ വഹിച്ചീടുന്നു. ഇതിനാല്‍ത്തന്നെ സാരജ്ഞമൗലേ! രാമ! നീ കേള്‍ക്കുക, യഥാ പ്രാപ്തക്രിയാചാരങ്ങളാകുന്ന പ്രസൂനങ്ങളാല് ആത്മാര്‍ച്ചനം ചുരുങ്ങിപ്പോയതായി തോന്നുമെന്നാകിലും പ്രാകൃതന്മാരായോര് ബഹിര്മുഖതയാല് രാഘവ! ക്ഷുത്പിപാസാദികളാല് പീഡിതരായി, ഉണ്ണണം, നന്നായി പാനംചെയ്യുകവേണം എന്നു വ്യാകുലന്മാരായി ഭവിച്ചീടുന്നു. യോഗിയാവട്ടെ ”ദേവന് ആത്മാവുതന്നെയാണ്, ഈ ഭോഗസമ്പത്തുതാനാകുന്നു ആ ദേവപൂജ,” എന്നിപ്രകാരമുള്ള നിശ്ചയത്തോടെ സാവധാനനായിട്ട് വര്‍ത്തിക്കുന്നു.
അനഘ! അനുസന്ധാനം (അന്വേഷണം) തന്നെ നേരത്തെ പറയപ്പെട്ട ആത്മപൂജയെന്ന് നീ ധരിക്കുക. ഉത്തമയായീടുന്ന ഈ ദൃഷ്ടി കൈക്കൊണ്ട് സംഗമുക്തമായ മനസ്സോടുകൂടി നിത്യവും വിഹരിച്ചുകൊള്ളുകില് ഈ ലോകത്തില്‍ അത്തലെന്നുള്ളത് ഉണ്ടായീടുകയില്ല. മുനിനായകന്റെ വാക്യം ഈവിധം കേട്ടനേരം അനഘനായ ശ്രീരാഘവന്‍ ഇങ്ങനെ പറഞ്ഞു, ”എന്റെ സന്ദേഹങ്ങളൊക്കെ നീങ്ങി. നന്നായിട്ട് അറിയേണ്ടതൊക്കെയും ഞാനറിഞ്ഞു. ഇപ്പോള്‍ അതിക്രമമായീടുന്ന ഒരു തൃപ്തി എന്റെ മനസ്സില്‍ ഉണ്ടായിവന്നു. ഘോരസംസാരസംഗ്രാമത്തില് ആശയാകുന്ന മദയാനയാകുന്ന സംഹതി(ശരീരം)യെ കൊന്ന എന്റെ മാനസം ആരാലുമഭേദ്യമായി പരമായീടുന്ന ധീരത്വം പ്രാപിച്ചുകൊള്ളുന്നു മഹാമുനേ! അല്പവും വികല്പമില്ലാതെയായീടുന്ന ദൈന്യം നല്ലവണ്ണം ആകന്നു, വാഞ്ഛയും ഇല്ലാതായി. ഉല്ക്കൃഷ്ടജ്ഞാനമായി ആമോദമുള്ളതായി പ്രസന്നരൂപമായി ഇത്രിലോകത്തിങ്കല്‍ ഉത്തമോത്തമമായി എന്റെ മാനസം ശുഭകരമായി വര്‍ത്തിക്കുന്നു.”
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: