ഈയടുത്ത് സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വാര്‍ഷികവേളയില്‍ സ്വാതന്ത്ര്യസമരത്തിലെ ധീരരായ മഹത്തുക്കളെ നാം അനുസ്മരിച്ചു. നമ്മുടെ ധര്‍മ്മം, സംസ്കാരം, സമാജത്തിന്റെയും രാജ്യത്തിന്റെയും സംരക്ഷണം, സമയാസമയങ്ങളില്‍ അവയില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തി വൈഭവം വര്‍ധിപ്പിച്ച് നിലനിര്‍ത്തിയ പൂര്‍വികര്‍ നമ്മുടെ അഭിമാനമാണ്. അവരെ നമ്മള് മാതൃകയാക്കേണ്ടതാണ്. ഭാഷാ, സംസ്ഥാനം, ആരാധനാരീതി, സമ്പ്രദായം, ജാതി, ഉപജാതി തുടങ്ങിയ എല്ലാ ഭേദങ്ങളെയും ഒറ്റ ചരടില്‍ കോര്‍ത്തിണക്കി രാഷ്ട്രസ്വരൂപത്തില് ഉയര്‍ത്തി നിര്‍ത്തുന്നത് ഈ മൂന്ന് ഘടകങ്ങളാണ്. മാതൃഭൂമിയോടുള്ള ഭക്തി, പൂര്‍വികരിലുള്ള അഭിമാനം, സമാന സംസ്കൃതി എന്നിവയാണ് രാഷ്ട്രഏകതയുടെ പൊട്ടാത്ത ചരട്.
സമാജത്തിന്റെ ശാശ്വതമായ ഐക്യം ഉടലെടുക്കുന്നത് സ്വന്തമെന്ന ഭാവത്തില്‍ നിന്നാണ്, വ്യക്തിഗത ഇടപാടുകളില്‍ നിന്നല്ല. നമ്മുടെ സമാജം വളരെ വലുതാണ്. ധാരാളം വിവിധതകള്‍ നിറഞ്ഞതാണ്. കാലക്രമത്തില്‍ കുറച്ച് വിദേശ അക്രമങ്ങളുടെ പരമ്പരകളും നമ്മുടെ ഇടയിലെത്തി. എന്നിട്ടും നാം ഈ മൂന്ന് ഘടകങ്ങളുടെ ആധാരത്തില്‍ ഒറ്റ രാഷ്ട്രമായി നിലകൊണ്ടു. അതുകൊണ്ടുതന്നെ ഏകതയെ കുറിച്ച് എപ്പോള്‍ ചര്‍ച്ച ചെയ്യുമ്പോഴും അത് എന്തെങ്കിലും കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ട് ഉണ്ടായതല്ല എന്ന് മനസ്സിലാക്കണം. ബലപ്രയോഗത്തിലൂടെയാണ് അതുണ്ടായതെങ്കില്‍ വീണ്ടും വീണ്ടും തകര്‍ന്നേനെ. ഇന്നത്തെ അന്തരീക്ഷത്തില്‍ സമാജത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ കണ്ട് സ്വാഭാവികമായും നിരവധി ആളുകളില്‍ ആശങ്കയുണ്ട്. മുസ്ലീം, ക്രിസ്ത്യന്‍ എന്ന് പറയുംപോലെ ആരാധനാക്രമം കൊണ്ട് ഹിന്ദുക്കളായ സജ്ജനങ്ങളുമുണ്ട്. അക്രമത്തിനും സംഘര്‍ഷത്തിനും ഒന്നുംപോകാതെ അനുരഞ്ജനത്തിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും പോകുന്നതാണ് നല്ലെതെന്ന് കരുതുന്നവര്‍. ഇത്തരം ചര്‍ച്ചകള്‍ക്കിടെ ആദ്യം മനസിലാക്കേണ്ട കാര്യം ഒരു ഭൂമിയില്‍ വന്ന് ഒരുമിച്ച് ചേര്ന്നവരായതുകൊണ്ടല്ല നമ്മള് ഒന്നാണെന്ന് പറയുന്നത് എന്നതാണ്. നമ്മള് ഒരേ പൂര്‍വികരുടെ വംശക്കാരാണ്. ഒരേ മാതൃഭൂമിയുടെ മക്കളാണ്. ഒരേ സംസ്കൃതിയുടെ പിന്തുടര്ച്ചക്കാരാണ്. ഏകതയുടെ ഈ അടിസ്ഥാനത്തെ തിരിച്ചറിഞ്ഞ് അതിന്റെ ആധാരത്തില്‍ വീണ്ടും നമ്മള് ഒന്നാകണം.
നമുക്കിടയില്‍ പ്രശ്നങ്ങളില്ലെന്നാണോ? നമ്മുടെ സ്വന്തം വികാസത്തിന് ആഗ്രഹം ആവശ്യമില്ലെന്നാണോ? ആ വികാസത്തിനായി നമ്മള് പരസ്പരം മത്സരിക്കുന്നില്ലെന്നാണോ? എല്ലാ ജനങ്ങളും മനസാ വാചാ കര്‍മ്മണാ ഏകാത്മകതയുടെ ആ ആധാരത്തെ മനസിലാക്കി പെരുമാറുന്നു എന്നാണോ? ഇങ്ങനെയൊന്നുമല്ലെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ആദ്യം പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ട്, സമാധാനമുണ്ടാക്കിയിട്ട് ഏകതയെക്കുറിച്ച് സംസാരിക്കാം എന്ന് ഒരുമ ആഗ്രഹിക്കുന്നവര്‍ തൃപ്തരാകില്ല. ഇതെല്ലാം മനസിലാക്കി നാമോരുത്തരും അവരവരുടെ കാഴ്ചപ്പാടിലും പെരുമാറ്റത്തിലും തുടക്കമിട്ടാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അവിടെയും ഇവിടെയുമുണ്ടാകുന്ന പ്രശ്നങ്ങളില്‍ ചഞ്ചലിതരാകാതെ ശാന്തമായി സംയമത്തോടെ പ്രവര്‍ത്തിക്കേണ്ടിവരും. പ്രശ്നങ്ങള്‍ വാസ്തവമാണ്. എന്നാലത് ഏതെങ്കിലും ഒരു ജാതിയുടെയോ വര്‍ഗത്തിന്റെയോ മാത്രമല്ല. അവ പരിഹരിക്കുന്നതിനുള്ള പരിശ്രമത്തോടൊപ്പം ആത്മീയതയുടെയും ഏകതയുടെയും മാനസികാവസ്ഥയും വളരണം. ഇരയുടേതായ മാനസികാവസ്ഥ, പരസ്പരമുള്ള അവിശ്വാസം തുടങ്ങിയ വിഷയങ്ങളെ കക്ഷിരാഷ്ട്രീയമത്സരങ്ങളുടെ തന്ത്രങ്ങളില്‍ നിന്ന് വേറിട്ട് കാണണം. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം ഒരു തടസമാവുകയേ ഉള്ളൂ. ഇതില്‍ കീഴടങ്ങലിന്റെയോ നിര്‍ബന്ധത്തിന്റെയോ പ്രശ്നങ്ങളില്ല. യുദ്ധംചെയ്യുന്ന രണ്ട് കക്ഷികള്‍ തമ്മിലുള്ള വെടിനിര്‍ത്തലുമല്ല.
ഭാരതത്തിന്റെ സകല വിവിധതകളെയും കോര്‍ത്തിണക്കുന്ന ഏകതയുടെ ചരടിനെ മനസിലാക്കി അതിനെ സ്വന്തം ജീവിതത്തില്‍ ആവിഷ്കരിക്കുന്നതിനുള്ള ആഹ്വാനമാണ്. എഴുപത്തഞ്ചാണ്ട് പിന്നിട്ട സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന നമുക്ക് കാട്ടിത്തന്നത് ഈ ദിശയാണ്. ഭരണഘടനയെ അവതരിപ്പിച്ചുകൊണ്ട് പൂജ്യ ഡോ. ബാബാസാഹേബ് അംബേഡ്കര്‍ ഭരണഘടനാ സഭയില്‍ ചെയ്ത രണ്ട് പ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കീ കാര്യം മനസിലാകും.
ഇത് പെട്ടന്ന് ചെയ്യേണ്ടുന്ന ഒരു കാര്യമല്ല. പുരാതനമായ സംഘര്‍ഷങ്ങളുടെ കയ്പ് നിറഞ്ഞ ഓര്‍മ്മകള്‍ ഇപ്പോഴും സമാജമനസ്സിലുണ്ട്. വിഭജനത്തിന്റെ ദാരുണമായ ദുരന്തം സൃഷ്ടിച്ച മുറിവുകള്‍ ആഴത്തിലുണ്ട്. അതിന്റെ ഫലമായുണ്ടായ ക്ഷോഭം വാക്കിലും പെരുമാറ്റത്തിലും പ്രകടമാകും. ഒരാള്‍ക്ക് മറ്റൊരാളുടെ സ്ഥലത്ത് താമസിക്കാന്‍ ഇടം നിഷേധിക്കുന്നതുമുതല് ഉയര്‍ന്നവരെന്നും താഴ്ന്നവരെന്നുമൊക്കെയുള്ള തിരസ്കാരത്തിന്റെ വ്യവഹാരങ്ങള്‍ വരെ കയ്പുള്ള അനുഭവങ്ങളുണ്ട്. കൊലപാതകം, കലാപം, പീഡനം തുടങ്ങിയവയുടെ ദോഷങ്ങള്‍ പരസ്പരമുള്ള പെരുമാറ്റത്തില്‍ നിഴലിക്കാറുണ്ട്. ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ ആ സമാജം മുഴുവനും ചെയ്യുന്നതാണ് എന്ന തരത്തിലുള്ള വര്‍ത്തമാനവും ചിന്തകളും ഒഴിവാക്കണം. അങ്ങോട്ടുമിങ്ങോട്ടും വെല്ലുവിളിച്ചാല്‍ അവ ഓര്‍മ്മകളില്‍ അവശേഷിക്കുകയേ ഉള്ളൂ.
ടൂള്‍ കിറ്റുകളില്‍ കുടുങ്ങരുത്
നമ്മളോട് യുദ്ധം ചെയ്ത് രാജ്യത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളാവും ഇത് പരമാവധി മുതലെടുക്കുക. ചെറിയ ചെറിയ സംഭവങ്ങളെ പെരുപ്പിച്ചുകാട്ടി പ്രചരിപ്പിക്കുന്നു. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ആശങ്കയും മുന്നറിയിപ്പും പ്രകടമാക്കുന്ന പ്രസ്താവനകള്‍ സംഘടിപ്പിക്കുന്നു, അക്രമത്തെ പ്രേരിപ്പിക്കുന്ന ‘ടൂള്‍കിറ്റുകള്‍’ സജീവമാക്കി പരസ്പരം അവിശ്വാസവും വിദ്വേഷവും വര്‍ധിപ്പിക്കുന്നു.
സമാജത്തില്‍ സമരസത ആഗ്രഹിക്കുന്ന എല്ലാവരും ഇത്തരം മരണക്കളികള്‍ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകളില്‍ നിന്ന് രക്ഷപ്പെടണം. ഈ പ്രശ്നങ്ങളുടെയെല്ലാം കാരണം പതുക്കെ പതുക്കെ പുറത്തുവരും. അതിനായി രാജ്യത്ത് വിശ്വാസത്തിന്റെയും സൗഹാര്‍ദത്തിന്റെയും അന്തരീക്ഷം ശക്തമാകണം. നമ്മുടെ മനസിനെ സ്ഥിരമാക്കി, ആത്മവിശ്വാസത്തോടെ പരസ്പരം സംവാദത്തിലേര്‍പ്പെടണം, പരസ്പരം മനസിലാക്കണം. പരസ്പരം ബഹുമാനിക്കണം, എല്ലാവരും തമ്മിലുള്ള ബന്ധം ദൃഢമാകണം. മനസാ വാചാ കര്‍മണാ ഇങ്ങനെ മുന്നോട്ടുപോകണം. പ്രചരണങ്ങളുടെയോ ധാരണകളുടെയോ അടിസ്ഥാനത്തിലല്ല, വസ്തുതകളെ മനസിലാക്കി പ്രവര്‍ത്തിക്കണം. ധൈര്യത്തോടെ, സംയമനത്തോടെ, സഹിഷ്ണുതയോടെ, വാക്കിലും പ്രവര്‍ത്തിയിലും തീവ്രതയും ക്രോധവും ഭയവും ഉപേക്ഷിച്ച്, ദൃഢതയോടെ സങ്കല്പ ബദ്ധരായി സുദീര്‍ഘമായി നിരന്തരം പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ശുദ്ധമായ മനസില്‍ നിന്ന് എടുക്കുന്ന സത് സങ്കല്പങ്ങളാണ് പൂര്‍ണമാവുക.
ഏത് സാഹചര്യത്തിലും, എത്ര അന്യായമായാലും, ക്രമസമാധാനവും അച്ചടക്കവും ഭരണഘടനയും നിര്‍ബന്ധമായും പാലിക്കണം. ഒരു സ്വതന്ത്ര രാഷ്ട്രത്തില്‍ ഈ പെരുമാറ്റം ദേശസ്നേഹത്തിന്റെ പ്രകടനമാണ്. മാധ്യമങ്ങള്‍ നടത്തുന്ന പ്രകോപനപരമായ പ്രചാരണങ്ങളിലും തുടര്‍ന്നുയരുന്ന ആരോപണ, പ്രത്യാരോപണങ്ങളുടെ മത്സരങ്ങളിലും കുടുങ്ങരുത്. സമാജത്തില്‍ സത്യവും ആത്മീയതയും പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം. കൊലപാതകങ്ങളും ഗുണ്ടായിസവും അവസാനിപ്പിച്ച്, നിയമങ്ങളെയും ഭരണഘടനയെയും സമാജത്തെയും സംരക്ഷിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് അതിനായുള്ള സര്‍ക്കാരിന്റെ ഉചിതമായ നടപടികളോട് സഹകരിക്കുക എന്നതാണ്.
നമുക്ക് ചെയ്യാനുള്ളത്
2024 ന്റെ ആദ്യ നാളുകളില്‍ത്തന്നെ ലോക്സഭാ തെരഞ്ഞെടുപ്പുണ്ട്. വികാരങ്ങള്‍ ആളിക്കത്തിച്ചുകൊണ്ട് വോട്ട് കൊയ്തെടുക്കാനുള്ള ശ്രമങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും അത് നടന്നുകൊണ്ടിരിക്കുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം കാര്യങ്ങളില്‍ നിന്ന് നമുക്ക് ഒഴിവാകാം. വോട്ട് ചെയ്യുന്നത് ഓരോ പൗരന്റെയും കടമയാണ്. അത് പാലിക്കണം. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, അസ്മിത, വികസനം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ച് വോട്ട് രേഖപ്പെടുത്തുക.
2025 – 2026ല്‍ സംഘം നൂറ് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ മുന്നോട്ടുപോകണം. സമാജത്തിന്റെയാകെ പെരുമാറ്റത്തിലും സംസാരത്തിലും ദേശത്തോടുള്ള മമതാ ഭാവം നിറയണം. ക്ഷേത്രം, വെള്ളം, ശ്മശാനം തുടങ്ങി ഭേദഭാവം ഇനിയും എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് സമ്പൂര്‍ണമായും അവസാനിപ്പിക്കണം. കുടുംബത്തിലെ എല്ലാ അംഗങ്ങളിലും ശുഭകാര്യങ്ങള്‍ നിത്യവും സംസാരിക്കുന്നതിന്റെ(നിത്യമംഗളസംവാദം), സംസ്കാരം നിറഞ്ഞ പെരുമാറ്റത്തിന്റെ, സംഭാഷണത്തിന്റെ ശീലം വളര്‍ത്തി സമൂഹത്തെ സേവിക്കുന്നത് തുടരണം. ജലം സംരക്ഷിച്ച്, പ്ലാസ്റ്റിക് വിമുക്തമാക്കി, നമ്മുടെ മുറ്റങ്ങളില്‍ പച്ചപ്പ് നിറച്ച് പ്രകൃതിയുമായുള്ള ബന്ധം ശക്തമാക്കണം. സ്വദേശി ആചരണത്തിലൂടെ സ്വ നിര്‍ഭരതയും സ്വാവലംബനവും വളര്‍ത്തണം. ധൂര്‍ത്ത് അവസാനിപ്പിക്കണം. രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുകയും നമ്മുടെ സമ്പത്ത് രാജ്യത്തിനുള്ളില്‍ത്തന്നെ വിനിയോഗിക്കുകയും വേണം. ഇതിനായി സ്വദേശി ആചരണം വീടിനുള്ളില്‍നിന്ന് ആരംഭിക്കണം. നിയമങ്ങളും പൗരധര്‍മ്മവും പാലിക്കുകയും സമാജത്തില്‍ പരസ്പര സൗഹാര്‍ദ്ദം ഉണ്ടാകുകയും വേണം. ഒപ്പം സഹകരണ മനോഭാവം എല്ലായിടത്തും വ്യാപകമാകണം. ഈ അഞ്ച് കാര്യങ്ങള്‍ എല്ലാവരുടെയും ആചരണത്തിലുണ്ടാകണം. എന്നാല്‍ ഇതിന് പരിശീലനം ആവശ്യമാണ്. ചെറിയ ചെറിയ കാര്യങ്ങളില്‍ തുടങ്ങി, തുടര്‍ച്ചയായ അഭ്യാസത്തിലൂടെ ഈ ആചരങ്ങള്‍ നമ്മുടെ ശീലമായി മാറണം. സമാജത്തില്‍ കുറവുകളനുഭവിക്കുന്ന ബന്ധുജനങ്ങളെ സേവിക്കുന്നതിനൊപ്പം തന്നെ വരുന്ന ദിവസങ്ങളില്‍ സംഘത്തിന്റെ പ്രവര്‍ത്തകര്‍ ഈ അഞ്ച് കാര്യങ്ങളും ആദ്യം സ്വയം ആചരിച്ചുകൊണ്ട് സമാജത്തെ അതില്‍ പങ്കാളികളാക്കാന്‍ പരിശ്രമിക്കും. ഭരണകൂടവും സമാജത്തിലെ സജ്ജനങ്ങളും സമാജഹിതത്തിനായി ചെയ്യുന്ന, ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളിലും സംഘപ്രവര്‍ത്തകരുടെ പങ്കാളിത്തം എപ്പോഴുമുണ്ടാകും.
സമാജത്തിന്റെ ഏകത, പുരോഗതി, എല്ലാ ദിശകളിലുമുള്ള നിസ്വാര്‍ത്ഥമായ പരിശ്രമം, ജനഹിതത്തിനായുള്ള സര്‍ക്കാര്‍, ജനോന്മുഖമായ ഭരണം, തനിമയുടെ അടിസ്ഥാനത്തിലുള്ള ഉയര്‍ച്ച , ഒരുമിച്ച് ചേര്‍ന്നുള്ള പ്രയത്നം ഇതിലൂടെയാണ് രാഷ്ട്രത്തിന്റെ ബലവും വൈഭവവും ഫലപ്രാപ്തിയിലെത്തുക. ശക്തി കൊണ്ടും വൈഭവം കൊണ്ടും സമ്പന്നമായ രാഷ്ട്രത്തോടൊപ്പം കുടുംബത്തെ മാനിക്കുന്ന, ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്ന, അസത്തില്‍ നിന്ന് സത്തിലേക്ക് ഉയര്‍ത്തുന്ന, മര്‍ത്ത്യജീവിതത്തെ സാര്‍ത്ഥകമാക്കുന്ന, അമൃതജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ സനാതന സംസ്കൃതി കൂടി ചേരുമ്പോള്‍ രാഷ്ട്രം ലോകത്തിന്റെ നഷ്ടപ്പെട്ട സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരികയും വിശ്വമാകെ സുഖശാന്തിമയമായ പുതുജീവിതത്തിന്റെ വരദാനം പ്രദാനം ചെയ്യുകയുമാകുന്നു. ആധുനിക കാലത്ത് നമ്മുടെ അനശ്വര രാഷ്ട്രത്തിന്റെ നവോത്ഥാനത്തിന്റെ ലക്ഷ്യം ഇതാണ്.
ചക്രവര്ത്തിയോം കി സന്താന്,
ലേകര്‍ ജഗത്ഗുരു കാ ജ്ഞാന്‍
ബഢേ ചലേ തോ അരുണ്‍ വിഹാന്
കര്‍നേ കോ ആയേ അഭിഷേക്
പ്രശ്ന് ബഹുത് ഹേ ഉത്തര്‍ ഏക്
(ജഗദ്ഗുരുവിന്റെ അറിവ് പേറുന്ന ചക്രവര്‍ത്തിയുടെ മക്കള്‍ നമ്മള് മുന്നോട്ടുപോയാല്‍ അരുണവര്‍ണമാര്‍ന്ന ഉദയമെത്തും അഭിഷേകം നടത്താന്‍. പല ചോദ്യങ്ങളില്‍ നിന്ന് ഒരേയൊരുത്തരത്തിലേക്ക്)
ഭാരത് മാതാ കി ജയ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: