ന്യൂദല്‍ഹി: സനാതനധര്‍മ്മത്തിന് മുകളിലായി മറ്റൊന്നുമില്ലെന്ന് പാകിസ്ഥാനി ക്രിക്കറ്റര്‍ ഡാനിഷ് കനേരിയ. ആജ്തക് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കനേരിയയുടെ തുറന്ന അഭിപ്രായപ്രകടനം. പാകിസ്ഥാന് ക്രിക്കറ്റ് ടീമില്‍ ഒരു ഹിന്ദുവായി തുടരുന്നതിന് താന്‍ അനുഭവിച്ച പീഡനങ്ങളും വിവേചനങ്ങളും കനേരിയ വിവരിച്ചു. കടുത്ത മതവിവേചനമാണ് നേരിട്ടത്. അവരെന്നെ മതംമാറ്റാന്‍ പരിശ്രമിച്ചു, കനേരിയ വെളിപ്പെടുത്തി.
ഗ്രൗണ്ടില്‍ മുഹമ്മദ് ഷമിയോ സിറാജോ നമാസ് ചെയ്യില്ല. രോഹിതോ വിരാടോ പൂജ ചെയ്യില്ല. പക്ഷേ പാകിസ്ഥാന് താരങ്ങള്‍ ഇത് ചെയ്യും. അവര്‍ക്ക് മതമാണ് രാജ്യം. അത്രമാത്രം കടുത്തതാണ് അവരുടെ മതവികാരം.
ഞാനൊരു തികഞ്ഞ സനാതനിയാണ്. ഭഗവാന് ശ്രീരാമന് എനിക്ക് ആദര്‍ശമാണ്. പാകിസ്ഥാനില്‍ എനിക്കെതിരെ ഉയര്‍ന്ന എല്ലാ ആക്ഷേപങ്ങളെയും ഞാന്‍ നേരിട്ടത് സനാതനധര്മ്മതത്വങ്ങളെ ചൂണ്ടിക്കാട്ടിയാണ്. അവിടെ മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ വളരെ വലുതാണ്. ചെറിയൊരംശം മാത്രമാണ് പുറത്തുവരുന്നത്. എനിക്ക് സംസാരിക്കാനുള്ള കരുത്ത് ഭഗവാന് എത്ര കാലം തരുമോ അത്രയും കാലം ഞാന്‍ ഹിന്ദുധര്‍മ്മത്തിന് വേണ്ടി സംസാരിക്കും. എല്ലാവരും എന്നെപ്പോലെ സംസാരിക്കണമെന്ന് ഞാന്‍ പറയും. തെറ്റിനെ തെറ്റെന്ന് പറയാനുള്ള ആര്‍ജവവും സനാതനധര്‍മ്മം പകരുന്നതാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ ബഹുമാനിക്കുന്നതിന്റെ അനേകം കാര്യങ്ങളിലൊന്ന് അദ്ദേഹം ലോകത്തിന് മുന്നില്‍ സനാതനധര്‍മ്മത്തെ ഉയര്‍ത്തിക്കാട്ടാന്‍ നടത്തുന്ന പരിശ്രമങ്ങളാണ്, കനേരിയ പറഞ്ഞു.
വെല്ലുവിളികള്‍ക്കിടയിലും ഭഗവാന്റെ അനുഗ്രഹം കൊണ്ട് പാക് ക്രിക്കറ്റര്‍ എന്ന നിലയില്‍ എന്റെ കരിയര്‍ ഭംഗിയായാണ് പൂര്‍ത്തിയാക്കിയത്. വസിം അക്രം, വഖാര്‍ യൂനിസ്, ഇംറാന്‍ ഖാന് എന്നിവര്‍ക്ക് പിന്നില്‍ ഏറ്റവും കുടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ പക് ബൗളര്‍ ഞാനാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ എനിക്ക് പിന്തുണ നല്കിയ ഒരേയൊരാള്‍ ഇന്‍സമാം ഉള് ഹഖ് ആണ്. പ്രശ്നങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, നീ കളിയില്‍ ശ്രദ്ധിച്ചാല്‍ മതി, മറ്റൊന്നും പരിഗണിക്കണ്ട എന്ന് ഉപദേശിച്ചു. എന്നെ നമാസിന് നിര്‍ബന്ധിക്കരുതെന്ന് മറ്റുള്ളവരെ താക്കീത് ചെയ്തു. ഷൊയബ് അക്തറും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഇന്‍സമാം വിരമിച്ചതോടെ അന്തരീക്ഷം മാറി. ഷാഹിദ് അഫ്രീദി അടക്കം മറ്റുള്ളവരൊക്കെ ഒരുപാട് ഉപദ്രവിച്ചു. മതം പറഞ്ഞ് പരിഹസിച്ചു. മതം മാറാന്‍ പറഞ്ഞു. പക്ഷേ എനിക്കെന്റെ ധര്‍മ്മമാണ് എല്ലാറ്റിലും വലുതെന്ന് ഞാന്‍ ഉറച്ചുനിന്നു. അതിന്റെ പകരംവീട്ടലാണ് ഒത്തുകളിവിവാദത്തില്‍ എന്നെ ഉള്‍പ്പെടുത്തിയത്. ഇതേ പ്രശ്നത്തില്‍ ഉള്‍പ്പെട്ട ഷര്‍ജീല്‍ ഖാന് കിട്ടിയ നീതി എനിക്ക് തന്നില്ല. ഞാന്‍ ഹിന്ദുവാണ് എന്നതാണതിന് കാരണം. എട്ട് വര്‍ഷത്തിന് ശേഷം പലരും അത് തുറന്നുപറയാന്‍ തയാറായതും ഭഗവാന്റെ അനുഗ്രഹം മൂലമാണ്, കനേരിയ പറഞ്ഞു.
പാകിസ്ഥാനില്‍ ഒരു ഹിന്ദു ഏതെങ്കിലും ഉയര്‍ന്ന പദവികളില്‍ എത്തിയതേപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഭാരതത്തില്‍ മറിച്ചാണ് അവസ്ഥ. സനാതന ധര്‍മ്മത്തിന്റെ ഉദാരത കൊണ്ട് ഇവിടെ എല്ലാവരും സ്വീകാര്യരാണ്. ഞാന്‍ അനുഭവിച്ച ഏകാന്തത വലുതായിരുന്നു. അവരെന്നെ തീര്‍ത്തുകളയുമോ എന്ന് പോലും ഞാന്‍ ഭയന്നിട്ടുണ്ട്. പക്ഷേ സത്യം പറയാനുള്ള അവസരങ്ങള്‍ പിന്നെയും പിന്നെയും ഭഗവാന് എനിക്ക് തുറന്നു തന്നുകൊണ്ടിരുന്നു, കനേരിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: