ബെംഗളൂരു: ലോകകപ്പ് ക്രിക്കറ്റില്‍ കളിച്ച നാല് കളികളില്‍ മൂന്നിലും തോറ്റ രണ്ട് ടീമുകള്‍ ഇന്ന് നിലനില്‍പ്പിന്റെ പോരാട്ടത്തിനിറങ്ങുന്നു. ബെംഗളൂരുവില്‍ നടക്കുന്ന ജീവന്മരണ പോരാട്ടത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍. നിലവില്‍ നാല് കളികളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള ഈ രണ്ട് ടീമുകളുടെയും സെമി പ്രവേശനം ത്രിശങ്കുവിലാണ്.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനോട് തോറ്റാണ് ഇത്തവണ തുടങ്ങിയത്. രണ്ടാം കളിയില്‍ ബംഗ്ലാദേശിനെ 137 റണ്‍സിന് തോല്‍പ്പിച്ചെങ്കിലും മൂന്നാം കളിയില്‍ അഫ്ഗാനിസ്ഥാനോട് തകര്‍ന്നു. 69 റണ്‍സിനായിരുന്നു അഫ്ഗാന് നിലവിലെ ചാമ്പ്യന്മാരെ തകര്‍ത്തത്. ഈ പരാജയത്തില്‍ നിന്ന് കരകയറാന്‍ കഴിയാതിരുന്ന ഇംഗ്ലണ്ട് കഴിഞ്ഞ കളിയില്‍ ദക്ഷിണാഫ്രിക്കയോടും തകര്‍ന്നു. 229 റണ്‍സിന്റെ കൂറ്റന്‍ പരാജയമാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ബാറ്റര്‍മാരും ബൗളര്‍മാരും ഉള്‍പ്പെടെ ആരും ഈ ലോകകപ്പില്‍ ഇതുവരെ മികച്ച ഫോമിലേക്കുയരാത്തതാണ് അവരുടെ മോശം പ്രകടനത്തിന് പ്രധാന കാരണം. ഇന്ന് ഈ പ്രശ്നമെല്ലാം പരിഹരിച്ച് വിജയിച്ചേ മതിയാകൂ എന്ന രീതിയിലാകും ഇംഗ്ലണ്ട് ഇറങ്ങുക.
മറുവശത്ത് ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടശേഷം കഴിഞ്ഞ കളിയില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക. എന്നാല്‍ ആ വിജയം താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനോടായിരുന്നു. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയോടും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനോടും തുടര്‍ന്ന് ഓസ്ട്രേലിയയോടും പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: