ടെല്‍ അവീവ്: ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ ന്യായീകരിക്കുന്ന പ്രസ്താവനയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെതെന്ന് ഇസ്രായേല്‍.
ഈ പരാമര്‍ശത്തെത്തുടര്‍ന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് തന്റെ രാജ്യം വിസ നിഷേധിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ കാരണം യുഎന്‍ പ്രതിനിധികള്‍ക്ക് വിസ നല്കാന് ഞങ്ങള്‍ വിസമ്മതിക്കുകയാണെന്ന് എര്‍ദാന്‍ ആര്‍മി റേഡിയോയോട് പറഞ്ഞു.
ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്ട്ടിന് ഗ്രിഫിത്ത്സിനുള്ള വിസ ഞങ്ങള്‍ ഇതിനകം നിരസിച്ചിട്ടുണ്ട്. അവര്‍ക്ക് സാഹചര്യം മനസിലാക്കി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും എര്‍ദാന്‍ പറഞ്ഞു.
ഹമാസിന്റെ ആക്രമണങ്ങള്‍ ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. പലസ്തീന് ജനത 56 വര്‍ഷമായി ശ്വാസംമുട്ടുകയാണെന്നും അധിനിവേശത്തിന് വിധേയരായിയെന്നും അദേഹം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
അവരുടെ ഭൂമി സ്ഥിരമായി ജനവാസകേന്ദ്രങ്ങളാല്‍ വിഴുങ്ങുന്നതും അക്രമത്താല്‍ വലയുന്നതും അവര്‍ കണ്ടു; അവരുടെ സമ്പദ്വ്യവസ്ഥ സ്തംഭിച്ചു; അവരുടെ ആളുകള്‍ കുടിയിറക്കപ്പെട്ടു; അവരുടെ വീടുകള്‍ തകര്‍ത്തു.
ഒക്ടോബര്‍ ഏഴിന് ഗാസയില്‍ നിന്ന് ആരംഭിച്ച വന്‍ ആക്രമണത്തില്‍ ഹമാസ് ഭീകരര്‍ കുറഞ്ഞത് 1,400 ഇസ്രായേലികളെ കൊല്ലുകയും 4,500 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ‘മിസ്റ്റര്‍ സെക്രട്ടറി ജനറല്‍, നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്?’ സെക്യൂരിറ്റി കൗണ്‍സിലിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന് തിരിച്ചടിച്ചു.
ഞാന്‍ യുഎന്‍ സെക്രട്ടറി ജനറലിനെ കാണില്ല. ഒക്ടോബര്‍ ഏഴിന് ശേഷം സമതുലിതമായ സമീപനത്തിന് സ്ഥാനമില്ല. ഹമാസിനെ ലോകത്ത് നിന്ന് തുടച്ചുനീക്കണമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പോസ്റ്റ് ചെയ്തു. സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രസംഗം ഞെട്ടിപ്പിച്ചു.
സംശയാതീതമായി, സെക്രട്ടറി ജനറല്‍ നമ്മുടെ മേഖലയിലെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. നാസി ഹമാസ് ഭീകരര്‍ നടത്തിയ കൂട്ടക്കൊലയെ അദ്ദേഹം വികലവും അധാര്‍മികവുമായ രീതിയിലാണ് വീക്ഷിക്കുന്നുവെന്നും തെളിയിക്കുന്നുവെന്നും എര്‍ദാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: