തിരുവനന്തപുരം: സിനിമ റിവ്യൂ ബോംബിങ്ങില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. ‘റാഹേല്‍ മകന് കോര’ എന്ന സിനിമയുടെ സംവിധായകന് ഉബൈനിയുടെ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഒന്‍പതു പേര്‍ക്കെതിരെയാണ് കേസ്. യൂട്യൂബും ഫെയ്സ്ബുക്കും പ്രതിപ്പട്ടികയിലുണ്ട്. അതിനിടെ ഓണ്‍ലൈന്‍ റിവ്യൂവിന് പ്രോട്ടോക്കോള്‍ തയാറാക്കി ഡിജിപി. അപകീര്‍ത്തികരമായ പരാമര്‍ശം പാടില്ലെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയാല്‍ കേസെടുക്കുമെന്നും ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രോട്ടോക്കോളില്‍ പറയുന്നു.
തന്റെ സിനിമയ്ക്കു വേണ്ടിയല്ല മലയാള സിനിമാ മേഖലയ്ക്കു വേണ്ടിയാണ് താന്‍ കേസ് നല്‍കിയതെന്ന് റാഹേല്‍ മകന് കോരയുടെ സംവിധായകന് ഉബൈനി ബിഗ് ന്യൂസിനോടു പറഞ്ഞു. സിനിമയ്ക്ക് ജഡ്ജസിന്റെ ആവശ്യമില്ല. മലയാള സിനിമയില്‍ മത്സരമല്ല നടക്കുന്നത്. മ്യൂസിക് 247 എന്ന കമ്പനിയാണ് റാഹേല്‍ മകന് കോര എന്ന സിനിമയുടെ പാട്ടുകള്‍ വാങ്ങിയിരിക്കുന്നത്.
പണം മുടക്കിയാണ് അവര്‍ ഈ സിനിമ വാങ്ങിയിരിക്കുന്നത്. തിയേറ്ററില്‍ സിനിമ എത്തുമ്പോള്‍ വ്യാജ ഐഡികളില്‍ നിന്നും യു ട്യൂബിലൂടെ മോശം റിവ്യൂ പറയുകയാണ്. അതിനു പുറമെ യു ട്യൂബിന് ടാഗ് ലൈന്‍ നല്കുന്നതിലാണ് മറ്റൊരു രീതി. റാഹേല്‍ മകന് കോര എന്ന ടാഗ് ലൈനിനൊപ്പം, ഉബൈനി, ആന്സന് പോള്‍ തുടങ്ങിയവരുടെ പേരുകള്‍ ടാഗ് ചെയ്താണ് നെഗറ്റീവ് റിവ്യൂ ചെയ്യുന്നത്. ഒരാള്‍ റാഹേല്‍ മകന് കോര എന്ന് ഗൂഗിളില്‍ സെല്‍ച്ച് ചെയ്യുമ്പോള്‍ ഇവരുടെ നെഗറ്റീവ് റിവ്യൂകളായിരിക്കും ആദ്യം കയറിവരുന്നത്. റിവ്യൂ പറഞ്ഞ ശേഷം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും അവര്‍ ആവശ്യപ്പെടാറുണ്ട്. അവിടെ നടക്കുന്നത് അത്തരം വ്യാജന്മാരുടെ കച്ചവട തന്ത്രമാണ്.
ഇത്തരം റിവ്യൂകള്‍ കാരണം പല മ്യൂസിക് കമ്പനികളും സിനിമകളുടെ പാട്ടുകള്‍ വാങ്ങാന്‍ തയാറാകാതെ വരും. തിയേറ്റര്‍ റിലീസ് കഴിഞ്ഞാല്‍ മ്യൂസിക് കമ്പനികള്‍ക്ക് വേറെ വരുമാനമില്ല. സിനിമ ഇറങ്ങുന്നതിനു മുമ്പുതന്നെ സിനിമകളെ കൊല്ലുന്നതിനു വേണ്ടിയുള്ള പ്രവണതകളാണ് ഇപ്പോള്‍ നടക്കുന്നത്. സെര്‍ച്ച് എന്‍ജിനും ഹാഷ് ഡാഗും മോഷ്ടിച്ച് യു ട്യൂബില്‍ റിവ്യൂസിന്റെ പേരില്‍ ഇടുകയാണ്. ഇതിന് യു ട്യൂബും ഫെയ്സ്ബുക്കും അനുമതി നല്‍കുകയാണെന്നും ഉബൈനി പറഞ്ഞു.
അവര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉണ്ടെന്നത് ശരിയാണ്. പക്ഷേ എന്റെ കണ്ടന്റിനെതിരെയാണ് അവര്‍ സംസാരിക്കുന്നത് എന്നു പറയാന്‍ ഇന്നാട്ടില് ഒരു നിര്‍മാതാവിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേയെന്നും ഉബൈനി ചോദിച്ചു. ഈ സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടു പോകുന്നത്. ഫെയ്ക്ക് ഐഡികള്‍ സീക്രട്ട് ഗ്രൂപ്പുകള്‍ റിവ്യൂ ബോംബിങ്ങിനു വേണ്ടി ഉപയോഗിക്കുന്നുണ്ട്. പ്രമോഷന് ചെയ്യുന്ന ആള്ക്കാര് തന്നെ വൈറസും ആന്റി വൈറസും സൃഷ്ടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണുന്നത്. ഇത്തരം വൈറസുകളെ തുടച്ചു നീക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഈ പോരാട്ടം തന്റെ സിനിമയ്ക്കല്ല പകരം മറ്റു വരാനിരിക്കുന്ന സിനിമകള്‍ക്കാണ് ഗുണം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: