കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബികാ ദേവിയെ പുഷ്പരഥത്തിലേറ്റി എഴുന്നള്ളിച്ച് സാഫല്യം തേടി ഭക്തര്‍. മഹാനവമി നാളില്‍ ഉച്ചയ്ക്ക് 12.35 നാണ് ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം നല്കിയ രഥംവലി നടന്നത്.
മഹാനവമി നാളില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പുലര്‍ച്ചെ മൂന്നിന് നടതുറന്ന് പൂജകള്‍ ആരംഭിച്ചു. ശതരുദ്ര പൂജ, ചണ്ഡികാ യാഗം, വിശേഷ കല്‍പ്പോക്ത പൂജ, ആയുധപൂജ, രഥ ശുദ്ധി, നവരാത്രി കലശപൂജ, സുഹാസിനി പൂജ, മൂഹൂര്‍ത്ത ശീവേലി ദീപാരാധന, മുഹൂര്‍ത്ത ബലി എന്നിവയ്ക്ക് ശേഷം മൂര്‍ത്തി കാളിദാസഭട്ട് ആണ് ദേവീ വിഗ്രഹം പുഷ്പാലംകൃതമായ രഥത്തിലേറ്റിയത്.
ക്ഷേത്ര പ്രദക്ഷിണ പഥത്തില്‍ ഒരു തവണ വലം ചുറ്റിയ പുഷ്പരഥം വീരഭദ്രസ്വാമി ക്ഷേത്ര തിരുമുന്നില്‍ എത്തിയ ശേഷം അമ്മ അനുഗ്രഹിച്ചു നല്കിയ നാണയത്തുട്ടുകള്‍ പൂജാരിമാര്‍ വാരിവിതറി. തുടര്‍ന്ന് ദേവീ വിഗ്രഹം സരസ്വതി മണ്ഡപത്തിലേക്ക് മാറ്റി. രഥം വലിക്കുന്നതിനിടെ ക്ഷേത്ര നടപ്പന്തലിലെ ഫാനില്‍ തട്ടി രഥത്തിന്റെ മുകള്‍ഭാഗത്ത് കേടുപാട് സംഭവിച്ചതിനാല്‍ പ്രായശ്ചിത്ത കര്മ്മത്തിന് ശേഷമാണ് ദേവീവിഗ്രഹം ശ്രീകോവിലില്‍ എത്തിച്ചത്.
കലശപൂജയും പൂര്ണകുംഭാഭിഷേകവും നടന്നതോടെയാണ് ആയിരങ്ങള്‍ പങ്കെടുത്ത രഥോത്സവ ചടങ്ങുകള്‍ സമാപിച്ചത്. ക്ഷേത്ര സന്നിധിയില്‍ കലോപാസകരുടെ അരങ്ങേറ്റവും നടന്നു.
വിജയദശമി ദിനത്തില്‍ വിദ്യാദശമി പൂജയും വിജയോത്സവവും നടന്നു. സരസ്വതി മണ്ഡപത്തിന് സമീപത്തെ യാഗശാലയില്‍ പുലര്‍ച്ചെ നാല് മുതല്‍ ആരംഭിച്ച എഴുത്തിനിരുത്തലില്‍ നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ഹരിശ്രീ കുറിച്ചത്. നവരാത്രി ഉത്സവത്തിന് തന്ത്രി കെ. നിത്യാനന്ദ അഡിഗ കാര്‍മികത്വം വഹിച്ചു.
മഹാനവമി ദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടന്ന പുഷ്പരഥമെഴുന്നള്ളത്തിനിടെ വിതരണം ചെയ്ത പൂജിച്ച നാണയത്തുട്ടുകള്‍ ഭക്തര്‍ ശേഖരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: