കൊച്ചി: വിജയദശമി ദിനത്തില്‍ ഹരിശ്രീ കുറിക്കാന്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ അഭൂതപൂര്‍വമായ തിരക്ക്. രാവിലെ 5ന് ഗണപതിപൂജയ്ക്ക് ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. സരസ്വതീ സാന്നിധ്യമുള്ളതിനാല്‍ ഭഗവതി ക്ഷേത്രങ്ങളിലാണ് വിദ്യാരംഭം ഏറെ പ്രാധാന്യത്തോടെ നടത്തിയത്.
പരാശക്തിയായ ദുര്‍ഗാ ഭഗവതിക്ക് ‘മഹാസരസ്വതി’ ഭാവമുള്ളതിനാലാണ് ദേവീ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് പ്രാമുഖ്യം കൈവന്നത്. നവരാത്രിയുടെ അടുത്ത ദിനമായ ഇന്നലെ പ്രഭാതത്തിലായിരുന്നു എഴുത്തിനിരുത്തിനുള്ള ഉത്തമ മുഹൂര്‍ത്തം. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ സരസ്വതീ പൂജ നടന്നു. പ്രത്യേകം തയാറാക്കിയ സരസ്വതീ മണ്ഡപത്തില്‍ കുട്ടിയെ മടിയില്‍ ഇരുത്തി ആചാര്യന് സ്വര്‍ണമോതിരം കൊണ്ട് നാവില്‍ ‘ഹരിശ്രീ’ എന്നെഴുതി. ഹരി എന്നത് ദൈവത്തെയും ശ്രീ (മഹാലക്ഷ്മി) എന്നത് അഭിവൃദ്ധിയെയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കൈയിലെ ചൂണ്ടുവിരല്‍ കൊണ്ട് ധാന്യങ്ങള്‍ (പച്ചരി) നിറച്ച പാത്രത്തില്‍ ‘ഓം ഹരിഃശ്രീ ഗണപതയേ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ’ എന്ന് എഴുതിച്ചു. ധാന്യങ്ങള്‍ (പച്ചരി) നിറച്ച പാത്രത്തില്‍ എഴുതുന്നത് അറിവാര്ജിക്കുന്നതിനെയും പൂഴി മണലില്‍ എഴുതുന്നത് അറിവ് നിലനിര്‍ത്തുന്നതിനെയും സൂചിപ്പിക്കുന്നു.
ക്ഷേത്രങ്ങള്‍ക്കു പുറമേ സംഘടനകളും സ്ഥാപനങ്ങളും വിദ്യാരംഭ ചടങ്ങു നടത്തി. തിരക്കു കണക്കിലെടുത്ത് ക്ഷേത്രങ്ങളില്‍ വലിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പുസ്തക പൂജാരാധന നടന്നു. കലാവതരണം, പുസ്തക പൂജ, വാഹന പൂജ, ആയുധ പൂജ എന്നിവയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: