ബുല്‍ധാന: അഗ്നിവീര്‍ സൈനികന് ഗവാട്ടെ അക്ഷയ് ലക്ഷ്മണന്റെ ഭൗതികാവശിഷ്ടങ്ങള്‍ ബുല്‍ധാന ജില്ലയിലെ പിംപല്‍ഗാവ് സരായ് ഗ്രാമത്തിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ കൊണ്ടുവന്നതിന് ശേഷമാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ ഡ്യൂട്ടിയിലിരിക്കെയാണ് അഗ്നിവീര്‍ വീരമൃത്യു വരിച്ചത്. മഹാരാഷ്ട്ര സ്വദേശി ഓപ്പറേറ്റര്‍ ഗവാതെ അക്ഷയ് ലക്ഷ്മണ് ആണ് വീരമൃത്യു വരിച്ചത്. മരണകാരണം വ്യക്തമല്ല.
സൈന്യത്തിന്റെ ഫയര്‍ ആന്‍ഡ് ഫ്യൂറി വിഭാഗമാണ് മരണവിവരം എക്സിലൂടെ അറിയിച്ചത്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, ആര്‍മി നോര്‍ത്തേണ്‍ കമാന്‍ഡ് കമാന്‍ഡര്‍ ലഫ്. ഉപേന്ദ്ര ദ്വിവേദി ഉള്‍പ്പെടെ വിവിധ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥര്‍ അക്ഷയ് ലക്ഷ്മണിന് ആദരാഞ്ജലികളര്‍പ്പിച്ചു.
ഡ്യൂട്ടിയിലിരിക്കെ മരണമടയുന്ന ആദ്യ അഗ്നിവീറാണ് അക്ഷയ്. സമ്പൂര്‍ണ സൈനിക ബഹുമതികളോടെ സൈന്യം അക്ഷയുടെ ഭൗതികശരീരം വീട്ടിലെത്തിച്ചു. അദ്ദേഹത്തിന്റെ യൂണിറ്റായ ഫയര്‍ ആന്‍ഡ് ഫ്യൂറി കോറിന്റെ നേതൃത്വത്തിലായിരുന്നു പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്.ഈ വേദനയുടെ വേളയില്‍ അക്ഷയ്യുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്ന് ആര്‍മി നോര്‍ത്തേണ്‍ കമാന്‍ഡ് എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: