ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തും. നാല് വര്‍ഷം ലണ്ടനില്‍ കഴിഞ്ഞ ശേഷമാണ് നവാസ് ഷെരീഫ് മടങ്ങിയെത്തുന്നത്.
2019 നവംബര്‍ മാസമാണ് ചികിത്സയ്ക്കായി ലാഹോര്‍ ഹൈക്കോടതി അനുമതിയോടെ വിദേശത്തേക്ക് പോയത്. പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് നവാസ് ഷെരീഫിന്റെ മടക്കം.
മൂന്ന് വട്ടം പാകിസ്ഥാനില്‍ പ്രധാനമന്ത്രിയായിരുന്നു നവാസ് ഷരീഫ്. അഴിമതിക്കേസില്‍ ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേയാണ് ചികിത്സയ്ക്കായി ലണ്ടനില്‍ പോയത്. ലണ്ടനില്‍ ചികിത്സയിലിരിക്കെ നവാസ് ഷെരീഫിനെതിരെ ഇമ്രാന് ഖാന് സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത അഴിമതി കേസുകള്‍ കാരണം നാട്ടിലേക്ക് തിരികെ വരാനാകാത്ത സ്ഥിതിയായിരുന്നു. ഇമ്രാന് ഖാന് അഴിമതിക്കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് ഷെരീഫ് പാകിസ്ഥാനില്‍ തിരിച്ചെത്തുന്നത് എന്ന കൗതുകവുമുണ്ട്.
പാകിസ്ഥാനില്‍ മടങ്ങിയെത്തുന്നതിനായി ലണ്ടനില്‍ നിന്നും രണ്ട് ദിവസം മുമ്പേ ദുബായിലെത്തിയ നവാസ് ഷെരീഫ് ഇന്ന് ഇസ്ലാമാബാദിലെത്തും. അവിടെ നിന്ന് ലാഹോറിലെത്തുന്ന നവാസ് ഷെരീഫിനെ സ്വീകരിക്കാന്‍ റാലിയുള്‍പ്പെടെ വലിയ പരിപാടികളാണ് പാകിസ്ഥാന് മുസ്ലിം ലീഗ് നവാസ് സംഘടിപ്പിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: