കൊച്ചി: സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും ഇവരെടുക്കുന്ന തീരുമാനങ്ങളെ വിലകുറച്ചു കാണരുതെന്നും ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടര്‍ തന്റെ വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബക്കോടതിയില്‍ നിന്ന് തലശേരി കുടുംബക്കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഇതു വാക്കാല്‍ പറഞ്ഞത്. ഹര്‍ജിക്കാരി ആദ്യം നല്കിയ വിവാഹമോചന ഹര്‍ജി തൃശൂര്‍ കുടുംബക്കോടതി തള്ളിയിരുന്നു. പരസ്പരമുള്ള തര്‍ക്കങ്ങള്‍ മറന്ന് വിവാഹത്തിന്റെ പവിത്രത മനസിലാക്കി ഒരുമിച്ചു ജീവിക്കാന്‍ നിര്‍ദ്ദേശിച്ചാണ് തൃശൂര്‍ കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ ഈ നിര്‍ദേശത്തെ ഹൈക്കോടതി വിമര്‍ശിച്ചു.
കുടുംബക്കോടതിയുടെ നിര്‍ദേശം പുരുഷാധിപത്യസ്വഭാവമുള്ളതാണെന്നും 2023 ലെ ചിന്താഗതി ഇതല്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. എന്നാല്‍ ഹര്‍ജിക്കാരിയോടു അമ്മയും അമ്മായിയമ്മയും പറയുന്നതു കേള്‍ക്കാന്‍ കുടുംബക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന് സിംഗിള്‍ബെഞ്ച് ഓര്‍മ്മപ്പെടുത്തിയത്.
തങ്ങള്‍ തമ്മില്‍ കോടതിക്കു പുറത്തു ഒത്തുതീര്‍പ്പാക്കാവുന്ന പ്രശ്നങ്ങളേയുള്ളൂവെന്ന ഭര്‍ത്താവിന്റെ വാദവും ഹൈക്കോടതി സ്വീകരിച്ചില്ല. ഹര്‍ജിക്കാരിയും ഇതു സമ്മതിച്ചാലേ കോടതിക്ക് അനുവദിക്കാനാവൂ. അവര്‍ക്ക് സ്വന്തമായി ഒരു മനസുണ്ടെന്ന് തിരിച്ചറിയൂ. മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് അവരെ നിങ്ങള്‍ നിര്‍ബന്ധിക്കുകയാണോയെന്നും കോടതി ചോദിച്ചു. കേസ് തലശേരി കോടതിയിലേക്ക് മാറ്റിയാല്‍ തന്റെ പ്രായമായ അമ്മയ്ക്ക് ഹാജരാകാന്‍ ബുദ്ധിമുട്ടാണെന്നും ഇതനുവദിക്കരുതെന്നും ഭര്‍ത്താവ് വാദിച്ചു. എന്നാല്‍ അമ്മയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഹാജരാകാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹര്‍ജിക്കാരിയുടെ ആവശ്യം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: