ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും റെയില്‍വേ ഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ ദുല്ലബ്ചെറ-ഗുവാഹത്തി പ്രതിവാര ട്രെയിന്‍, അഗര്‍ത്തല-സാബ്രൂം ഡെമു ട്രെയിന്‍ എന്നിവ ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തി-സെക്കന്ദരാബാദ് എക്സ്പ്രസ് ആസാമിലെ സില്‍ച്ചാര്‍ വരെയും കാമാഖ്യ-ലോക്മാന്യ തിലക് എക്സ്പ്രസ് ത്രിപുരയിലെ അഗര്‍ത്തല വരെയും നീട്ടി. ജമ്മു കശ്മീരിലെ ബുദ്ഗാം-ബനിഹാല്‍ ട്രെയിനിലെ പുതിയ വിസ്റ്റാഡോം കോച്ചും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ത്രിപുര മുഖ്യമന്ത്രി പ്രൊഫ. മണിക് സാഹ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒമ്പത് വര്‍ഷത്തിനിടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ജമ്മു കശ്മീരും വളരെയധികം മാറിയെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്ക് കിഴക്കന്‍ മേഖലയില്‍ 60 തവണ സന്ദര്‍ശിച്ചിട്ടുണ്ട്. മുന്‍പുള്ള പ്രധാനമന്ത്രിമാരൊന്നും ഇത്തരത്തില്‍ ഈ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ല.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന്റെ വികസനം അതിവേഗം പുരോഗമിക്കുകയാണ്. ജി 20 യോഗങ്ങള്‍ക്കെത്തിയ വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ ജമ്മു കശ്മീരിലെ അന്തരീക്ഷവും വികസനവും കണ്ട് അത്ഭുതപ്പെട്ടു. വടക്കു കിഴക്കന്‍, ജമ്മു കശ്മീര്‍ മേഖലയില്‍ റെയില്‍വേയിലും വിവിധ വികസന പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി റെയില്‍വേ വാര്‍ഷിക ബജറ്റില്‍ നീക്കി വച്ചത് 10,269 കോടിയാണ്. നേരത്തെ ഇത് 2122 കോടി രൂപയായിരുന്നു.
ഈ മേഖലയില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളും ആലോചനയിലുണ്ട്. ജമ്മു കശ്മീരില്‍, ചെനാബ് പാലം, ആഞ്ചി പാലം എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി, ചില ഭാഗങ്ങളില്‍ ഒഴികെ തുരങ്കങ്ങള്‍ പൂര്‍ത്തിയായി. ബുദ്ഗാം-ബനിഹാല്‍ ട്രെയിനില്‍ വിസ്റ്റാഡോം കോച്ച് ആരംഭിക്കുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുമെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: