തൃശൂർ: കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരി വില കുതിയ്ക്കുന്നതോടെ കമ്പനിയുടെ വിപണി മൂല്യം 30,000 കോടി രൂപയ്ക്ക് മുകളില്‍ എത്തി. വെള്ളിയാഴ്ചത്തെ വിപണി മൂല്യം 30,911 കോടിയാണ്.
അതോടെ 30,000 കോടി രൂപയ്ക്ക് മുകളില്‍ വിപണിമൂല്യമുള്ള കേരളത്തിലെ നാലാമത്തെ കമ്പനിയായി കല്യാണ്‍ ജ്വല്ലേഴ്സ് മാറി. വെള്ളിയാഴ്ച നാല് രൂപ ഇരുപത് പൈസ കുറഞ്ഞ് 300 രൂപ പത്ത് പൈസയിലാണ് കല്യാണിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയ്ക്ക് വന്‍തിരിച്ചടി നേരിടുന്ന ദിവസങ്ങളായിരുന്നു ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങള്‍. എന്നിട്ടും കല്യാണ്‍ ജ്വല്ലേഴ്സിന്റെ മൂല്യം കുറഞ്ഞിട്ടില്ല.
മുത്തൂറ്റ് ഫിനാന്‍സ് (50,403 കോടി രൂപ), ഫേര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്കോര് (ഫാക്ട്) (47,207 കോടി രൂപ), ഫെഡറല്‍ ബാങ്ക് (35,094 കോടി രൂപ) എന്നിവയാണ് നിലവില്‍ 30,000 കോടി രൂപയ്ക്ക് മുകളില്‍ വിപണി മൂല്യമുള്ള മറ്റു കേരള കമ്പനികള്‍.
2021 മാര്‍ച്ചില്‍ 87 രൂപ മാത്രായിരുന്നു കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വില. 2023ല്‍ മാത്രം ഇതുവരെ 141 ശതമാനം മുന്നേറ്റം ഈ ഓഹരിക്ക് ഉണ്ടായിട്ടുണ്ട്.
ഈയിടെ ജമ്മുകശ്മീരില്‍ 200 -ാം ഷോറൂം തുറന്നിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 55 ഷോറൂമുകള്‍ കൂടി ആരംഭിക്കുകയാണ്. കഴിഞ്ഞ ദിവസം ഹരിയാനയിലെ പാനിപത്തിലെ യൂണിറ്റി വണ്‍ മാളില്‍ ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയാണ് പുതിയ കല്യാണ്‍ ഷോറും ഉദ്ഘാടനം ചെയ്തത്. പഞ്ചാബില്‍ ഉത്സവകാല ഡിസ്കൗണ്ട് ഉദ്ഘാടനം ചെയ്തത് നടി കത്രിന കൈഫാണ്. വിശ്വാസവും സുതാര്യതയും മികച്ച കളക്ഷനുമാണ് കല്യാണ്‍ ജ്വവ്വേഴ്സിന്റെ സവിശേഷതയായി സൊനാക്ഷി സിന്‍ഹ വിശേഷിപ്പിച്ചത്. നാല് ലെവലുകളിലുള്ള ഗുണനിലവാര ഉറപ്പും കല്യാണിന്റെ പ്രത്യേകതയാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: