സുക്മ(ഛത്തീസ്ഗഡ്): ബുള്ളറ്റിന് മുന്നിലായിരുന്നു ഇത്ര കാലം അവര്‍. ഇക്കുറി ബാലറ്റുത്സവത്തിന് തയാറെടുക്കുന്നു. വോട്ട് ചെയ്തിട്ടുണ്ടോ എന്ന് സുക്മയിലെ ദുബ്ബകൊന്തക്കാരോട് ചോദിച്ചാല്‍ ‘അന്തര്‍വാലെ ലോഗ് മനാ കാര്തേ ദേ’ എന്നാണ് ഉത്തരം.
അന്തര്‍വാലെ ലോഗ് എന്നാല്‍ അകത്തുള്ളവര്‍… നക്സലുകള്‍. ഇക്കുറി അക്ഷരാര്‍ത്ഥത്തില്‍ അത്തരക്കാര്‍ അകത്താണ്. ബുള്ളറ്റിനെ പേടിക്കാതെ അവര്‍ കന്നി വോട്ടിന് തയാറെടുക്കുകയാണ്. ഛത്തീസ്ഗഡിലാണ് ദുബ്ബകൊന്ത. കേന്ദ്രസേനയുടെ നിയന്ത്രണത്തിലാണിവിടം.
ദുബ്ബകൊന്തയടക്കം നക്സല്‍ അധിനിവേശ ഗ്രാമങ്ങളിലേക്ക് സ്വാതന്ത്ര്യം എത്തിത്തുടങ്ങുന്നതേയുള്ളൂ. വെള്ളവും വെളിച്ചവും പോലും ഇപ്പോഴാണ് അവര്‍ക്ക് ലഭിച്ചു തുടങ്ങിയത്. ഭീകരര്‍ ഇരുട്ടിലാക്കിയ നാടിന് കഴിഞ്ഞ മാസമാണ് വെളിച്ചം കിട്ടിയത്. നാട് മാറുകയാണ്.
ഞങ്ങള്‍ ഒരിക്കലും വോട്ട് ചെയ്തിട്ടില്ല, ദുബ്ബകൊന്തയിലെ താമസക്കാരനായ ലക്ഷ്മണ് പറയുന്നു. കൃത്യമായ പ്രായമൊന്നും പറയാന്‍ അയാള്‍ക്കറിയില്ല. പക്ഷേ ഇത്രകാലമമായി ഗ്രാമത്തില്‍ നിന്ന് ആരും വോട്ട് ചെയ്യാന്‍പോകുന്നത് താന്‍ കണ്ടിട്ടില്ലെന്നും ആ മധ്യവയസ്കന് ചൂണ്ടിക്കാട്ടുന്നു.
ലക്ഷ്മണിനൊപ്പം ‘ചൗപാലില്‍’ ഇരുന്ന് വെടിവട്ടം പറയുകയായിരുന്ന ഗ്രാമവാസികളും ഇത് ശരിവയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം വരെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ (പിഎല്‍ജിഎ) പിടിയിലായിരുന്നു ദുബ്ബകൊന്ത. സുക്മയില്‍ 120 കിലോമീറ്റര്‍ അകലെ വനമേഖലയിലാണ് ഈ ഗ്രാമം.
ദുബ്ബകൊന്തയില്‍ ഇക്കുറി പോളിങ് ബൂത്ത് സ്ഥാപിക്കുമെന്ന് സിആര്‍പിഎഫ് ബറ്റാലിയന് കമാന്‍ഡിങ് ഓഫീസര്‍ എന്‍. കെ. സിങ് പറഞ്ഞു. ദുബ്ബകൊന്തയില്‍ മാത്രമല്ല ഇത്രകാലം മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ അടക്കിവാണ പ്രദേശങ്ങളിലുടനീളം ബൂത്തുകള്‍ സ്ഥാപിക്കും.
സ്വാതന്ത്ര്യത്തിന് ശേഷം ബസ്തര്‍ മേഖലയിലുടനീളം 120 ഗ്രാമങ്ങളില്‍ ആദ്യമായാണ് വോട്ടിങ് നടക്കുന്നത്. നവംബര്‍ 7ന് ആദ്യഘട്ടത്തില്‍ത്തന്നെയാണ് ഇവിടെ പോളിങ്. ബസ്തറില്‍ 12 മണ്ഡലങ്ങളിലും ഏഴ് ജില്ലകളിലുമായി 126 പുതിയ പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
ബുള്ളറ്റിന് മേലുള്ള ബാലറ്റിന്റെ വിജയം എന്നാണ് തെരഞ്ഞെടുപ്പിനെ ഐജി് പി സുന്ദര്‍രാജ് വിശേഷിപ്പിച്ചത്. ഈ പുതിയ പോളിങ് സ്റ്റേഷനുകള്‍ ബസ്തറിന്റെ ഭാവി തലമുറകള്‍ക്ക് ഈ വിജയകഥ വിവരിക്കും.
ദന്തേവാഡയിലെ പഹൂന, ചെര്പാല് തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ദ്രാവതി നദി കടന്നുവേണമായിരുന്നു പോളിങ് ബൂത്തിലെത്താന്‍. ഇന്ദ്രാവതിയില്‍ കേന്ദ്രസര്‍ക്കാര്‍ ചിന്ദര്നാര് പാലം നിര്‍മിച്ചതോടെ തെരഞ്ഞെടുപ്പ് ഗ്രാമത്തിന്റെ പടിവാതില്ക്കല് എത്തും.
ഒരു വര്‍ഷത്തിനിടെ കേന്ദ്ര-സംസ്ഥാന സേനകള്‍ ബസ്തറിന്റെ ഉള്‍പ്രദേശങ്ങളില്‍ 65-ലധികം പുതിയ ക്യാമ്പുകള്‍ സ്ഥാപിച്ചു. റോഡുകളുടെയും മൊബൈല്‍ ടവറുകളുടെയും നിര്‍മാണവും പ്രദേശത്തെ വികസനത്തിന്റെ വഴിയില്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: