ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ എംഡിആര്യു (ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍) തസ്തികയിലേക്ക് പിന്‍വാതില്‍ നിയമനം നടത്തുവാനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു.
സെക്ഷന്‍ ക്ലാര്‍ക്കിനെ സ്വാധീനിച്ചു കൊണ്ട് ബ്ലഡ് ബാങ്ക് ജീവനക്കാരനാണ് ഇതിനുള്ള കരുക്കള്‍ നീക്കിയത്.
ഭരണകക്ഷി യൂണിയന് നേതാവായ ഇയാള്‍ തന്റെ ഭാര്യയെ ഈ ഒഴിവില്‍ നിയമിക്കുന്നതിനാണ് വഴിവിട്ട ഇടപെടലുകള്‍ നടത്തിയത്. ഇന്റര്‍വ്യൂ നടക്കുന്ന ദിവസങ്ങളില്‍ ഈ നേതാവ് പ്രിന്‍സിപ്പല്‍ ഓഫീസിനുള്ളില്‍ ചുറ്റിത്തിരിയുന്ന സിസി ടിവി ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് ചോദ്യപേപ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോരാതിരിക്കാന്‍ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്കി.
ഇതോടെയാണ് പിന്‍വാതില്‍ നിയമനം നടത്താനുള്ള ശ്രമം പരാജയപ്പെട്ടത്.
വര്‍ഷങ്ങളായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിഎസ്സി നിയമനങ്ങള്‍ ഒന്നും നടത്താതെ വിവിധ തസ്തികകളിലേക്ക് വ്യാപകമായി താല്‍ക്കാലിക നിയമനങ്ങള്‍ മാത്രമാണ് നടത്തി വരുന്നത്. ഇതില്‍ 90 ശതമാനവും ഇപ്പോഴത്തെ ഭരണകക്ഷിയില്പ്പെട്ടവരാണെന്നും ഇതിനു ചുക്കാന്‍ പിടിക്കുന്നത് ജില്ലയിലെ മന്ത്രിയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇടയില്‍ പരക്കെ ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും പിന്‍വാതില്‍ നിയമനത്തിനുള്ള ശ്രമം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: