ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന യോഗം ജി20 നേതാക്കളുടെ ന്യൂദല്‍ഹി പ്രഖ്യാപനം നടപ്പാക്കുന്നതിലെ പുരോഗതി അവലോകനം ചെയ്തു.
നീതി ആയോഗ് വൈസ് ചെയര്‍മാന്‍, ജി20 ഷെര്‍പ്പ, ജി20 ചീഫ് കോര്‍ഡിനേറ്റര്‍, വിദേശകാര്യ മന്ത്രാലയ(എംഇഎ)ത്തിലെയും സാമ്പത്തികകാര്യ വകുപ്പിലെയും (ഡിഇഎ) നീതി ആയോഗിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
നിലവിലെ ശ്രമങ്ങളുടെ ഭാഗമായി, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നേതൃത്വം നല്‍കുന്ന പ്രസക്തമായ എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി ഏഴു വെബിനാറുകളുടെ പരമ്പര സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
(1) കരുത്തുറ്റതും സുസ്ഥിരവും സന്തുലിതവും സമഗ്രവുമായ വളര്‍ച്ച,
(2) സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ്ഡിജി) പുരോഗതി ത്വരിതപ്പെടുത്തല്‍
(3) സുസ്ഥിര ഭാവിക്കായുള്ള ഹരിത വികസന ഉടമ്പടി,
(4) 21ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങള്‍,
(5) സാങ്കേതിക പരിവര്‍ത്തനവും ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങളും,
(6) സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം,
(7) ഭീകരവാദത്തെയും കള്ളപ്പണം വെളുപ്പിക്കലിനെയും നേരിടല്‍ എന്നീ വിഷയങ്ങളിലാണു വെബിനാറുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കൂടാതെ, നേതാക്കളുടെ ന്യൂഡല്‍ഹി പ്രഖ്യാപനം ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ചു മേഖലയിലെ വിദഗ്ധരില്‍നിന്ന് ഉള്‍ക്കാഴ്ചകള്‍ തേടുന്നതിനു രാജ്യത്തുടനീളമുള്ള വിവിധ ചിന്തകരെ ഉള്‍പ്പെടുത്താനും സെമിനാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രഖ്യാപനം നടപ്പാക്കുന്നതിനു സ്ഥിരമായി മേല്‍നോട്ടം വഹിക്കാന്‍ ഉന്നതതല നിരീക്ഷണ സംവിധാനത്തിനു രൂപം നല്‍കുമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.
വരാനിരിക്കുന്ന ജി20 വെര്‍ച്വല്‍ ഉച്ചകോടിയെക്കുറിച്ചും പ്രിന്‍സിപ്പല്‍ സെക്രട്ടറി ചര്‍ച്ചചെയ്തു. ന്യൂദല്‍ഹി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി തന്റെ പരാമര്‍ശത്തില്‍ നിര്‍ദേശിച്ചിരുന്നതാണ് ഈ സംരംഭം.
പ്രധാന ഉച്ചകോടിക്കുശേഷം ഇത്തരമൊരു വെര്‍ച്വല്‍ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായതിനാല്‍, എല്ലാ അംഗരാജ്യങ്ങളിലേക്കും അതിഥിരാജ്യങ്ങളിലേക്കും വിവരങ്ങള്‍ വേഗത്തില്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്‌ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഊന്നല്‍ നല്‍കി.
2023 നവംബറില്‍ നടക്കാനിരിക്കുന്ന രണ്ടാമതു ‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടിയുടെ ഒരുക്കങ്ങളെക്കുറിച്ചു വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടു വിശദീകരിച്ചു.
നേതാക്കളുടെ പ്രഖ്യാപനം വിജയകരമായി നടപ്പാക്കുന്നത് ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയും, വികസനത്തിലും ക്ഷേമത്തിലും ആഗോള സഹകരണം വളര്‍ത്തിയെടുക്കുന്നതിനുള്ള അര്‍പ്പണബോധവും യോഗം എടുത്തുകാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: