(ദേവപൂജോപാഖ്യാനം തുടര്‍ച്ച)
സ്വര്‍ഗ്ഗത്തേക്കാളും ഏറ്റം ഉല്ക്കൃഷ്ടമാകുന്ന ശ്രീകൈലാസാദ്രിയില് കഴിയുന്ന മഹേശ്വരന്. പണ്ടൊരുകാലത്ത് ഈശ്വരസേവചെയ്തുകൊണ്ട് ഞാന്‍ കൈലാസത്തില്‍ ഗംഗാതീരത്തായി പര്ണശാലയുണ്ടാക്കി അതില്‍ സിദ്ധന്മാരുമൊന്നിച്ച് ശാസ്ത്രാര്ത്ഥചിന്തയോടെ വാഴവേ അങ്ങൊരുകാലം ചിങ്ങമാസത്തില്‍ അഷ്ടമിയില്‍ പാതിരാവായനേരത്ത് സമാധിവിട്ടുണര്ന്ന് കണ്മിഴിച്ച് ഞാന്‍ മാത്രം ബാഹ്യത്തില്‍ മുഴുകിയ കണ്ണുകളോടെ സ്ഥിതിചെയ്തു. ഒരു ശബ്ദവും എങ്ങും ഉണ്ടായിരുന്നില്ല. എവിടെയും അതിയായ അന്ധകാരം നിറഞ്ഞിരുന്നു.
അന്നേരം നല്ല വെള്ളനിറത്തിലുള്ള മേഘങ്ങളുടെ ഒരു കൂട്ടത്താല്‍ മിന്നുന്ന, ചലിക്കുന്ന ചന്ദ്രമണ്ഡലത്തിനു തുല്യമായി അപാരമായ ഒരു തേജസ്സ് പെട്ടെന്ന് ആ കാട്ടില്‍ ഉയര്‍ന്നു കാണപ്പെട്ടു. ദിക്കുകളോക്കെ ശോഭിച്ചിടുന്ന ആ തേജസ്സ് എന്തെന്ന് ഉള്ളില്‍ വിസ്മയിച്ച് ഞാന്‍ നോക്കുമ്പോള്‍ കുന്നിന്മകളായ ദേവിയുടെ കൈയുംപിടിച്ച് ഇന്ദുശേഖരനായ മഹേശ്വരന് നേരിട്ടു പോരുന്നതും നന്ദികേശ്വരന് ഈശ്വരന്റെ മുന്നിട്ട് വരുന്നതും ഞാന്‍ കണ്ട് പെട്ടെന്ന് സകൗതുകം അവിടെയുള്ള ശിഷ്യന്മാരെ പെട്ടെന്നറിയിച്ച് ശ്രീമഹാദേവനെ ഭക്തിയോടെ നല്ലവണ്ണം വാഴ്ത്തിവന്ദിച്ചു. മാരനാശനദൃഷ്ടികൊണ്ടു പരിശുദ്ധമായ ദിക്കിലായി ദൂരത്ത് നേരേനിന്ന് കുസുമാഞ്ജലിചെയ്ത് ആതങ്കമഖിലവും ദൂരെക്കളയുന്നതും ശീതാംശുപ്രഭയെക്കാള് കുളിര്ത്തതുമായ ദൃഷ്ടികൊണ്ട് എന്നെ നന്നായി വീക്ഷിച്ച് മഹേശ്വരന് സന്തുഷ്ടനായി പുഷ്പങ്ങളുടെ പര്‍വതത്തില്‍ സ്ഥിതിചെയ്തു. ആര്ഘ്യം, പുഷ്പം, പാദ്യം എന്നിവയെല്ലാം സര്വസാക്ഷിയാകുന്ന ദേവന് ഞാന്‍ അര്‍പ്പിച്ചു. ഭംഗിയുള്ള മന്ദാരപുഷ്പങ്ങളെ ഞാന്‍ വളരെ വാരി വാരി അര്‍പ്പിച്ചു. വിവിധമായ നമസ്ക്കാരങ്ങളെക്കൊണ്ടും സ്തവങ്ങളാലും ശിവനെ നല്ലവണ്ണം പൂജിച്ചു. അതുപോലെ സഖീയുക്തയാകുന്ന ഗിരിജയെയും പരിചാരകന്മാരെയും ഞാന്‍ പൂജിച്ചു. ശേഷം, നില്ക്കുന്ന എന്നെ നോക്കിക്കൊണ്ട് മഹേശ്വരന് കനിവോടെ ഇങ്ങനെ ചോദിച്ചു, ‘”പരമമായ പദത്തിങ്കല്‍ പ്രാപിച്ച് വിശ്രമിക്കുന്നവയായി, വലിയ ശമംകൊണ്ടു ശോഭിക്കുന്നവകളായി കല്യാണം വളര്‍ത്തുന്ന നിന്റെ സംവിത്തുകള് അല്പവും ചലിക്കുന്നതില്ലല്ലോ മഹാമുനേ! മുടക്കമൊന്നുമില്ലാതെ നിന്റെ തപസ്സ് എപ്പോഴും കല്യാണാനുവര്ത്തിയല്ലേ? ഇക്കാലം നിന്റെ ചേതസ്സ് പ്രാപ്യത്തെ പ്രാപിച്ചോ?’
ഭക്തവത്സലനായ ദേവന്, സര്വലോകൈകനാഥന് ഇങ്ങനെ ചോദിച്ചപ്പോള്‍ ഉത്തരം ഞാന്‍ പറഞ്ഞു, ‘കല്യാണസിന്ധോ! നിന്നെ ധ്യാനിച്ചുവാഴുന്നവര്ക്ക് ഒന്നും ലഭിക്കാത്തതായില്ല, ഭയവുമില്ല. നിത്യവും നിന്നെ ധ്യാനിച്ചീടുന്ന ശുദ്ധചിത്തന്മാരായയുളളവര് എവിടെ പാര്‍ത്തീടുന്നു അവിടം രാജ്യമാകും, അവിടം ഗ്രാമമാകും അവിടംതന്നെയാണ് പര്‍വതമാകുന്നതും. പണ്ടു നല്ലവണ്ണം ചെയ്ത പുണ്യത്തിന്റെ ഫലമായും ഇന്നു ചെയ്യുന്ന പുണ്യത്തിനു ജലസേചനമായും മേലിലെ പുണ്യത്തിനു വിത്തായും നിന്നെ ഭജിക്കുന്നതു ഭവിക്കുന്നു. നീലലോഹിത! ജ്ഞാനമാകുന്ന അമൃതത്തിനുള്ള നല്ല കംഭമായും ഊനംവിട്ടുള്ള ധൈര്യചന്ദ്രികയുടെ ചന്ദ്രനായും നിര്വാണപുരത്തിന്റെ കവാടമായും നിന്നെ ധ്യാനിക്കുന്നതു ഭവിക്കുന്നു. എല്ലാ നേരവും നിന്നെ ധ്യാനിക്കയെന്നത് നല്ല ചിന്താമണിയെ കൈക്കൊണ്ട ഞാന്‍ ദുഃഖമെല്ലാം വെടിഞ്ഞ് സര്വാപത്തുകളുടെയും മൂര്ദ്ധാവിങ്കല് പദംവെച്ചു ഞാന്‍ മേവുന്നു. ഇങ്ങനെ ഭക്തിപൂര്‍വം സ്തോത്രംചെയ്തു അനന്തരം അത്യന്തം പ്രസന്നനായീടുന്ന മഹേശനെ പിന്നെയും നമസ്ക്കാരം ചെയ്തു ഞാന്‍ ചോദിച്ചതു ശ്രീരാമ! നിന്നോട് ഞാന്‍ പറയാം, നീ കേട്ടാലും.
‘”അദ്ദേഹത്തിന്റെ പ്രസാദത്താല്‍ എല്ലാം അറിഞ്ഞിട്ടുള്ള ഞാന്‍ ഉള്ളില്‍ സന്ദേഹംകൊണ്ട് ഒന്നിന്നു ചോദിക്കുന്നു, കല്മഷങ്ങളെയെല്ലാം നശിപ്പിക്കുന്ന നന്മയെ വേണ്ടവണ്ണം വളര്‍ത്തീടുന്ന ദേവാര്‍ച്ചനം എങ്ങനെയാണ്, മുല്ലബാണാരേ! കനിഞ്ഞരുളിച്ചെയ്യണം.’
എന്നതുകേട്ടു ലോകനായകനായ മഹേശ്വരന് ഇങ്ങനെ അരുളിച്ചെയ്തു, ‘അമോദപൂര്വം ബ്രഹ്മജ്ഞാനികള്‍ വാഴ്ത്തീടുന്ന മാമുനേ! അനുത്തമമായ ദേവാര്‍ച്ചനം കേട്ടാലും. ഇന്ദിരാപതി(വിഷ്ണു)യല്ല ദേവനെന്നറിഞ്ഞാലും, ഇന്ദുശേഖരന്‍(ശിവന്)താനും ദേവനാവുകയില്ല. ദേവനായീടുന്നതു ദേഹമുള്ളവനല്ല, ദേവനായതു ചിത്തരൂപനുമല്ലാ മുനേ! ആകാരാദികള്തന്നാല് പരിച്ഛിന്ന(ഇത്രയുണ്ടെന്നു തീര്‍ച്ചയാക്കപ്പെട്ടത്)മായി മിതമാകിയ വസ്തുവിങ്കല്‍ ദേവനുണ്ടായീടുമോ? ദേവന് അകൃത്രിമം, ആദ്യന്തഹീനം ചിത്ത് ദേവനാകുന്നതാണെന്നു പറയുന്നിതു. സന്ദേഹം മനക്കാമ്പില് സ്വല്പവും ഉണ്ടായീടൊല്ലാ എന്നുമദ്ദേവനെത്താന് പൂജിച്ചുകൊണ്ടീടണം. ലോകത്തില്‍ ജ്ഞാനശൂന്യന്മാരായുള്ളവരെല്ലാം ആകാരാദി അര്‍ച്ചനത്തെ ചെയ്യുന്നു. ഒരു യോജന നടപ്പാനാകാത്തവന് ഒരു നാഴികദൂരം മന്ദം നടക്കുന്നു. ദൃശ്യസംസ്പൃഷ്ടം, പാരാവാരവര്ജ്ജിതം ചിദാകാശമെന്നുള്ളത് സര്വത്രവര്ത്തിക്കുന്നു. കല്പാന്തങ്ങളില് പോലും അതു ശേഷിക്കുന്നുണ്ട്, ഉള്ളില്‍ വിചാരിക്ക, അതുതന്നെ ദൈവം.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: