ലക്നൗ: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നായയ്ക്ക് ‘നൂറി’ എന്ന് പേരിട്ടതിനെതിരെ കേസ്. ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) നേതാവ് മൊഹമ്മദ് ഫര്ഹാന് ആണ് പ്രയാഗ്രാജിലെ കോടതിയെ സമീപിച്ചത്.
‘നൂറി’ എന്ന വാക്ക് ഇസ്ലാമുമായി പ്രത്യേകമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അത് നായയ്ക്കിട്ടത് തന്റെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും വിശുദ്ധ ഗ്രന്ഥമായ ഖുറാനില്‍ പരാമര്‍ശിക്കുന്ന പേരാണ് നൂറിയെന്നും മുഹമ്മദ് ഫര്ഹാന് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് (മതവികാരം വ്രണപ്പെടുത്തല്‍) പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
നായയുടെ പേര് മാറ്റാനും പരസ്യമായി മാപ്പ് പറയാനും വാര്‍ത്താ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും താന്‍ രാഹുല്‍ ഗാന്ധിയെ ഉപദേശിച്ചെങ്കിലും അതൊന്നും തന്നെ പരിഗണിച്ചില്ലെന്ന് ഫര്ഹാന് പറയുന്നു.
നവംബര്‍ എട്ടിന് ഫര്‍ഹാന്റെ മൊഴി കോടതി രേഖപ്പെടുത്തും. പരാതി പരിശോധിച്ച ശേഷം കോടതിക്ക് രാഹുല്‍ ഗാന്ധിയെ വിളിച്ചു വരുത്താനാകുമെന്ന് പരാതിക്കാരന്റെ അഭിഭാഷകന് പറഞ്ഞു.
ഗോവന്‍ യാത്രയ്ക്കിടെയാണ് രാഹുലിന് നായക്കുട്ടിയെ ലഭിക്കുന്നത്. ന്യൂ ഡല്‍ഹിയിലെ വീട്ടിലേക്ക് എത്തിച്ച നായയെ സോണിയാ ഗാന്ധിക്ക് സമ്മാനിക്കുകയായിരുന്നു രാഹുല്‍. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: